

ഇന്ത്യ-അമെരിക്ക വ്യാപാര കരാർ ചർച്ചയിൽ നിർണായക പുരോഗതി: ഇന്ത്യ
file photo
ജയ്പൂർ: ഇന്ത്യയും അമെരിക്കയും തമ്മിലുള്ള വ്യാപാര കരാർ ചർച്ചയിൽ നിർണായക പുരോഗതി എന്ന് ഇന്ത്യ. ഇന്ത്യയിൽ എത്തിയിട്ടുള്ള അമെരിക്കൻ സംഘവുമായി ഉള്ള ചർച്ച തുടരുകയാണെന്ന് വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു.അമെരിക്കൻ സംഘവുമായി താൻ കൂടിക്കാഴ്ച നടത്തിയേക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. യുഎസ് വ്യാപാര ഉപ പ്രതിനിധി റിക്ക് സ്വിറ്റ്സറുടെ നേതൃത്വത്തിലാണ് അമെരിക്കൻ സംഘം എത്തിയത്. ഇന്ത്യൻ വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാളുമായാണ് സംഘം ചർച്ച നടത്തുക.
റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നതിന്‍റെ പേരിൽ 50 ശതമാനം നികുതി ചുമത്തിയ അമെരിക്കൻ നടപടി ഇന്ത്യയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പ്രധാനമായും ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യുന്ന തുണിത്തരങ്ങളും ജൂവലറി ഉൽപന്നങ്ങളും ഈ തീരുവയുടെ കെടുതിയിൽപ്പെടുന്നു. ഇത്തരത്തിൽ നികുതി ഏർപ്പെടുത്തി അതിനു ശേഷം ഉള്ള രണ്ടാമത്തെ അമെരിക്കൻ സംഘത്തിന്‍റെ ഇന്ത്യാ സന്ദർശനം ആണ് ഇപ്പോൾ നടക്കുന്നത്.
ലാറ്റിനമെരിക്കൻ രാജ്യമായ ചിലിയുമായി ഉള്ള വ്യാപാര ചർച്ചകളും ഉടൻ പൂർത്തിയാകുമെന്ന് പീയൂഷ് ഗോയൽ പറഞ്ഞു. ന്യൂസിലന്‍ഡുമായുള്ള ചർച്ചകൾക്കായി ന്യൂസിലൻഡ് വ്യാപാര മന്ത്രി ടോഡ് മക് ക്ലേ ഇന്ന് ഇന്ത്യയിൽ എത്തും. ഇസ്രയേലുമായി വ്യാപാര കരാറിനുള്ള ചർച്ചയും പുരോഗമിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു.