മുദ്ര യോജന വായ്പയ്ക്ക് കേരളത്തിൽ‌ ആവശ്യക്കാരേറെ

നടപ്പ് സാമ്പത്തികവര്‍ഷം ഇതിനകം 19.13 ലക്ഷം അപേക്ഷകര്‍ക്കായി 17,319.95 കോടി രൂപയുടെ വായ്പകളാണ് കേരളത്തില്‍ അനുവദിച്ചത്, ഇതില്‍ 17,179.58 കോടി രൂപ വിതരണം ചെയ്തു
Mudra Yojna
Mudra Yojna

കൊച്ചി: പ്രധാനമന്ത്രി മുദ്ര യോജനപ്രകാരം കേരളത്തില്‍ വിതരണം ചെയ്ത വായ്പകള്‍ എക്കാലത്തെയും ഉയരത്തില്‍. ചെറുകിട സംരംഭങ്ങള്‍ക്ക് മൂലധനം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണിത്. നടപ്പ് സാമ്പത്തികവര്‍ഷം (2023-24) ഇതിനകം 19.13 ലക്ഷം അപേക്ഷകര്‍ക്കായി 17,319.95 കോടി രൂപയുടെ വായ്പകളാണ് കേരളത്തില്‍ അനുവദിച്ചതെന്നും ഇതില്‍ 17,179.58 കോടി രൂപ വിതരണം ചെയ്തെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) കേരളത്തില്‍ വിതരണം ചെയ്ത മുദ്ര വായ്പകളുടെ മൂല്യം 15,079 കോടി രൂപയായിരുന്നു. 17.81 ലക്ഷം പേര്‍ക്കാണ് ഇതിന്‍റെ പ്രയോജനം ലഭിച്ചത്. 50,000 രൂപ വരെ ലഭിക്കുന്ന ശിശു, 50,000 രൂപയ്ക്ക് മുകളില്‍ 5 ലക്ഷം രൂപ വരെ കിട്ടുന്ന കിഷോര്‍, 5 ലക്ഷത്തിന് മുകളില്‍ 10 ലക്ഷം രൂപ വരെ നേടാവുന്ന തരുണ്‍ എന്നിങ്ങനെ മൂന്ന് വായ്പാ വിഭാഗങ്ങളാണ് മുദ്ര വായ്പയിലുള്ളത്.

കിഷോര്‍ വായ്പയ്ക്കാണ് കേരളത്തില്‍ ഡിമാന്‍ഡ് കൂടുതല്‍. നടപ്പുവര്‍ഷം ഇതിനകം 8.05 ലക്ഷം അപേക്ഷകര്‍ക്കായി കിഷോര്‍ വിഭാഗത്തില്‍ 9,123.70 കോടി രൂപ വായ്പ അനുവദിച്ചു. ഇതില്‍ 9,047 കോടി രൂപ വിതരണം ചെയ്തു. 47,293 അപേക്ഷകരുള്ള തരുണ്‍ വിഭാഗത്തില്‍ അനുവദിച്ച വായ്പാത്തുക 4,370.32 കോടി രൂപയാണ്. വിതരണം ചെയ്തത് 4,320.15 കോടി രൂപ. 10.61 ലക്ഷം അപേക്ഷകരാണ് സംസ്ഥാനത്ത് ശിശു വിഭാഗത്തിലുള്ളത്. ഇവര്‍ക്കായി 3,825.93 കോടി രൂപ അനുവദിച്ചതില്‍ 3,812.43 കോടി രൂപ വിതരണം ചെയ്തു കഴിഞ്ഞു.

ബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ എന്നിവ വഴിയാണ് മുദ്ര വായ്പകള്‍ അനുവദിക്കുന്നത്. ദേശീയതലത്തില്‍ നടപ്പുവര്‍ഷത്തെ (2023-24) വായ്പാ വിതരണം 5 ലക്ഷം കോടി രൂപയെന്ന നാഴികക്കല്ലിലേക്ക് അടുക്കുകയാണ്. 6.03 കോടിപ്പേര്‍ക്കായി നടപ്പുവര്‍ഷം ഇതിനകം 4.93 ലക്ഷം കോടി രൂപ അനുവദിച്ചതില്‍ 4.85 ലക്ഷം കോടി രൂപ വിതരണം ചെയ്തെന്ന് പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നു.

2015-16ല്‍ 1.32 ലക്ഷം കോടി രൂപ, 2016-17ല്‍ 1.75 ലക്ഷം കോടി രൂപ, 2017-18ല്‍ 2.46 ലക്ഷം കോടി രൂപ, 2018-19ല്‍ 3.11 ലക്ഷം കോടി രൂപ എന്നിങ്ങനെയായിരുന്നു മുദ്ര വായ്പാ വിതരണം. 2019-20ല്‍ 3.29 ലക്ഷം കോടി രൂപ വിതരണം ചെയ്തു. തൊട്ടടുത്ത സാമ്പത്തിക വര്‍ഷം ഇതുപക്ഷേ 3.11 ലക്ഷം കോടി രൂപയായി താഴ്ന്നിരുന്നു. 2021-22ല്‍ 3.31 ലക്ഷം കോടി രൂപയിലേക്കും 2022-23ല്‍ 4.50 ലക്ഷം കോടി രൂപയിലേക്കും മുദ്ര വായ്പാത്തുക ഉയര്‍ന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com