ഇതു പഴയ ഇന്ത്യയല്ല; ശതകോടീശ്വരന്മാരുടെ ഇന്ത്യ
Freepik.com
ആന്‍റണി ഷെലിൻ
കോടിക്കണക്കായ പട്ടിണിപ്പാവങ്ങളുടെയും നിരക്ഷരരുടേയും ഇന്ത്യ എന്ന വിശേഷണങ്ങളൊക്കെ ഇനി പഴയങ്കഥ. കഴിഞ്ഞ ദിവസം ഹുറൂണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട കണക്കനുസരിച്ചു ശതകോടീശ്വരന്മാരുടെ നാടായി ഇന്ത്യ മാറിക്കഴിഞ്ഞു.
2014ല്‍ ഇന്ത്യയിലെ ശതകോടീശ്വരന്‍മാരുടെ പട്ടികയെടുത്താല്‍ അതില്‍ 70 പേരുകള്‍ മാത്രമാണ് ഇടം നേടിയിരുന്നത്. എന്നാല്‍ 2025 എത്തിയപ്പോള്‍, ഹുറുണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച്, 284 ശതകോടീശ്വരന്മാരുള്ള, അഭിവൃദ്ധി പ്രാപിക്കുന്ന സാമ്രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. അതായത് 10 വര്‍ഷം കൊണ്ട് കോടീശ്വരന്മാരുടെ എണ്ണത്തില്‍ നാലിരട്ടി വര്‍ധന കൈവരിച്ചിരിക്കുന്നു.
ഇന്ത്യ ഇക്കാര്യത്തില്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണുള്ളത്.
യുഎസും (870), ചൈനയും (823) മാത്രമാണ് ഇന്ത്യയ്ക്ക് മുന്‍പിലുള്ളത്. യുകെ (150), ജര്‍മനി (141), സ്വിറ്റ്‌സര്‍ലന്‍ഡ് (116) തുടങ്ങിയ വികസിത രാജ്യങ്ങളെ ഇന്ത്യ പിന്തള്ളുകയും ചെയ്തു.
ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ സമ്പത്ത് ഒരു ട്രില്യന്‍ ഡോളര്‍ കവിഞ്ഞതായും ഹുറൂണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയിലെ 62% ശതകോടീശ്വരന്മാരുടെയും സമ്പത്ത് ഈ വര്‍ഷം വര്‍ദ്ധിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.
2014ല്‍ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം 70. 2015ല്‍ ഇത് 97 ആയി ഉയര്‍ന്നു. 2016ല്‍ 111ലുമെത്തി. എന്നാല്‍ 2017ല്‍ 100ലേക്ക് ഇടിഞ്ഞു. 2018ല്‍ 131ലേക്ക് ഉയരുകയും ചെയ്തു. 2019ലാകട്ടെ എണ്ണം 104ലേക്ക് കൂപ്പുകുത്തിയെങ്കിലും 2020ല്‍ വീണ്ടും ഉയര്‍ന്ന് 169ലേക്ക് എത്തി. 2021ല്‍ 177ലേക്കും വര്‍ധിച്ചു.
2022 ആയപ്പോഴേക്കും എണ്ണം 249 ആയി. എന്നാല്‍ 2023ല്‍ 187 ആയി ചുരുങ്ങി. 2024ല്‍ 271ലേക്ക് കുതിച്ചു. 2025ല്‍ 284 എണ്ണവുമായി. ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ സമ്പത്ത് ഇപ്പോള്‍ 98 ലക്ഷം കോടി രൂപയാണ്.
ഇന്ത്യയിലെ 90 ശതകോടീശ്വരന്മാരുടെ താമസം മുംബൈയിലാണ്. ഇവരുടെ ആസ്തി 39 ലക്ഷം കോടി രൂപയോളം വരും. മുംബൈ കഴിഞ്ഞാല്‍ ശതകോടീശ്വരന്മാര്‍ താമസിക്കുന്നത് ന്യൂഡല്‍ഹി, ബെംഗളൂരു, അഹമ്മദാബാദ്, പൂനെ എന്നിവിടങ്ങളിലാണ്.
ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകാനുള്ള കാരണം ചില വ്യവസായങ്ങള്‍ കൈവരിച്ച നേട്ടമാണ്. ആരോഗ്യസംരക്ഷണം, കണ്‍സ്യൂമര്‍ ഗുഡ്‌സ്, വ്യാവസായിക ഉത്പന്നങ്ങള്‍ തുടങ്ങിയ ഇന്‍ഡസ്ട്രികളാണു സാമ്പത്തിക അഭിവൃദ്ധി പ്രാപിക്കാന്‍ സഹായിച്ചത്.
ഇന്ത്യയിലെ ബില്യനെയര്‍മാരുടെ പട്ടികയില്‍ 22 പേര്‍ സ്ത്രീകളാണെന്ന പ്രത്യേകതയുമുണ്ട്. പട്ടികയിലെ ആദ്യ പത്ത് പേരില്‍ ശിവ് നാടാരുടെ മകള്‍ റോഷ്‌നി നാടാര്‍ ഇടം നേടുകയും ചെയ്തു. 3.5 ലക്ഷം കോടി രൂപയുടെ ആസ്തിയാണ് റോഷ്‌നിക്കുള്ളത്. 8.6 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള മുകേഷ് അംബാനിയാണ് ഒന്നാമന്‍.