കര്‍പ്പൂര നിര്‍മ്മാണം: കുറഞ്ഞ മുതല്‍മുടക്കിലൊരു കുടുംബസംരംഭം

കര്‍പ്പൂരം മാര്‍ക്കറ്റിങ്ങിന് അനന്തസാധ്യതയാണുള്ളത്
കര്‍പ്പൂര നിര്‍മ്മാണം: കുറഞ്ഞ മുതല്‍മുടക്കിലൊരു കുടുംബസംരംഭം

ഡോ. ബൈജു നെടുങ്കേരി

കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായി മാറിക്കഴിഞ്ഞു. കേരള എം.എസ്. എം. ഇ. ഫെസിലിറ്റേഷന്‍ ആക്റ്റ് വഴി ഇനി മുതല്‍ 10 കോടി രൂപ വരെ മുതല്‍ മുടക്കുള്ള റെഡ് കാറ്റഗറി ഒഴികെയുള്ള വ്യവസായങ്ങള്‍ ജില്ലാ തല സമിതിക്ക് ഒരു ഡിക്ലറേഷന്‍ ഫയല്‍ ചെയ്തുകൊണ്ട് ആരംഭിക്കാം. ബുദ്ധിമുട്ടേറിയതും സമയദൈര്‍ഘ്യം എടുക്കുന്നതുമായ ലൈസെന്‍സുകള്‍ നേടുന്നത് 3 വര്‍ഷങ്ങള്‍ക്കപ്പുറം മതി. കൂടാതെ തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് തൊഴിലുടമയ്ക്ക് ഇന്‍സെന്‍റീവും അനുവദിക്കും. സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കുക വഴി വ്യവസായങ്ങള്‍ക്കുള്ള സ്ഥലലഭ്യതയും ഗവണ്‍മെന്‍റ് ഉറപ്പു വരുത്തുന്നു .

നാനോ സംരംഭങ്ങള്‍ - നിര്‍വചനം

5 ലക്ഷം രൂപ വരെ ആകെ മുതല്‍ മുടക്കുള്ളതും 5 HP വരെ ഇലക്ട്രിസിറ്റി ആവശ്യമുള്ളതുമായ യന്ത്രങ്ങള്‍ ഉപയോഗപ്പെടുത്തുന്നതും; മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ നിര്‍വചനപ്രകാരം വൈറ്റ്, ഗ്രീന്‍ വിഭാഗങ്ങളില്‍ ഉള്‍പെടുത്തുന്നതുമായ ചെറുകിട സംരംഭങ്ങളാണു നാനോ സംരംഭങ്ങള്‍. ഇത്തരം യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങളില്‍ ഭൂരിഭാഗവും കുടുംബാഗങ്ങള്‍ തന്നെയാകും ഏര്‍പ്പെടുക. നിലവില്‍ വീട്ടില്‍ ലഭ്യമായ വൈദ്യുതി കണക്ഷനില്‍ നിന്ന് തന്നെ വൈദ്യുതി ഉപയോഗിക്കാനും ഗാര്‍ഹിക താരിഫില്‍ തന്നെ ബില്‍ തുക അടക്കാനും അനുവാദം നല്‍കിയിയിട്ടുണ്ട്. നാനോ കുടുംബ സംരംഭങ്ങളെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കര്‍പ്പൂരം

ആചാര അനുഷ്ഠാനങ്ങളിലും അമ്പലങ്ങളിലും ഹോമങ്ങളിലും ധാരാളമായി ഉപയോഗിക്കുന്ന ഒന്നാണു കര്‍പ്പൂരം. ചൂട് കുറഞ്ഞ പ്രദേശങ്ങളിലാണ് കര്‍പ്പൂര മരങ്ങള്‍ വളരുന്നത്. ഈ മരത്തില്‍ നിന്നും കര്‍പ്പൂര നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ ശേഖരിച്ച് അനുബന്ധ ചേരുവകളും ചേര്‍ത്താണ് കര്‍പ്പൂര നിര്‍മ്മാണത്തിനാവശ്യമായ റെഡിമിക്‌സ് നിര്‍മ്മിക്കുന്നത്. സംരംഭകനെ സംബന്ധിച്ച് റെഡിമിക്‌സ് വാങ്ങാന്‍ ലഭിക്കും എന്നതിനാല്‍ അസംസ്‌കൃത വസ്തുവിനു വേണ്ടി അലയേണ്ടി വരില്ല.

സാദ്ധ്യതകള്‍

കുറഞ്ഞ മുതല്‍ മുടക്കില്‍ ആരംഭിക്കാവുന്ന കുടുംബ സംരംഭമാണു കര്‍പ്പൂര നിര്‍മ്മാണം. എല്ലായിടത്തും വിപണിയുണ്ട് എന്നുള്ളതു വലിയ സാധ്യതയാണ്. കേരളത്തില്‍ കര്‍പ്പൂരം നിര്‍മിക്കുന്ന യൂണിറ്റുകള്‍ ഇല്ലെന്നു തന്നെ പറയാം. അതുകൊണ്ടു തന്നെ ഊര്‍ജിതമായ ഒരു മാര്‍ക്കറ്റിങ് രീതി ആവിഷ്‌കരിച്ചാല്‍ വിജയം വരിക്കാവുന്ന മേഖലയാണ്. അസംസ്‌കൃത വസ്തുവായി റെഡിമിക്‌സ് ലഭിക്കും എന്നതും ഈ വ്യവസായത്തെ സംരംഭക സൗഹൃദമാക്കുന്നു.

മാര്‍ക്കറ്റിങ്

കര്‍പ്പൂരം മാര്‍ക്കറ്റിങ്ങിന് അനന്തസാധ്യതയാണുള്ളത്. കര്‍പ്പൂര ബട്ടണുകള്‍ നിര്‍മ്മിച്ച് പ്ലാസ്റ്റിക് കവറുകളിലോ കണ്ടയ്നറുകളിലോ നിറച്ച് വില്‍ക്കാം. വിതരണക്കാരെ നിയമിച്ചതിനു ശേഷം ഉല്പന്നം എത്തിച്ച് നല്‍കുന്ന രീതിയാണ് ഏറ്റവും ഗുണകരം. വിതരണക്കാര്‍ക്കും വില്പനക്കാര്‍ക്കും 40% കമ്മീഷന്‍ നല്‍കിയാല്‍ പോലും ആദായകരമാണ് കര്‍പ്പൂര നിര്‍മ്മാണം. പ്രധാന ക്ഷേത്രങ്ങളിലും പൂജാസാധന വില്പന കേന്ദ്രങ്ങളായി നേരിട്ടുള്ള കരാറില്‍ ഏര്‍പെടുകയുമാകാം.

നിര്‍മ്മാണരീതി

കര്‍പ്പൂര ബട്ടണുകള്‍ തനിയെ നിര്‍മ്മിക്കുന്ന ഫുള്‍ ഓട്ടോമാറ്റിക് യന്ത്രം ലഭ്യമാണ്. കര്‍പ്പൂര നിര്‍മാണയന്ത്രത്തിന്‍റെ ഒപ്പറില്‍ റെഡിമിക്‌സ് ലോഡ് ചെയ്തതിനു ശേഷം ആവശ്യമായ വലിപ്പത്തിലുള്ള ബട്ടണ്‍ ലഭിക്കുന്നതിന് ഉതകുന്ന തരത്തിലുള്ള ഡൈ മെഷ്യനില്‍ ലോഡ് ചെയണം. തുടര്‍ന്ന് യന്ത്രം മണിക്കൂറില്‍ 5000 ബട്ടണ്‍ വരെ തനിയെ നിര്‍മ്മിച്ച് നല്‍കും. ബട്ടണുകള്‍ ശേഖരിക്കുകയും പായ്ക്ക് ചെയുകയും ചെയുക എന്നുള്ളതാണ് സംരംഭകന്‍റെ ജോലി. തുടര്‍ന്ന് ആവശ്യമുള്ള പോളിത്തീന്‍ കവറുകളില്‍ നിറച്ച് വിപണനം നടത്താം.

മൂലധന നിക്ഷേപം

1. കര്‍പ്പൂര നിര്‍മ്മാണ യന്ത്രം : 80,000.00

2. പായ്ക്കിങ് യന്ത്രങ്ങള്‍ : 26,000.00

3. അനുബന്ധ സംവിധാനങ്ങള്‍ :10,000.00

ആകെ : 1,16,000.00

വരവ്-ചിലവ് കണക്ക്

ചിലവ്

(പ്രതിദിനം 48000 ബട്ടണുകള്‍ നിര്‍മ്മിക്കുന്നതിന്‍റെ ചിലവ് )

1. റെഡിമിക്‌സ് 12kg* 710= 7810.00

2. ജോലിക്കാരുടെ വേതനം = 1500.00

3. വൈദ്യുതി ചാര്‍ജ് , അനുബന്ധ ചിലവുകള്‍ , ഭരണ ചിലവുകള്‍ = 300.00

4. പായ്ക്കിങ് കവറുകള്‍ = 3600.00

5. കാര്‍ട്ടന്‍ ബോക്‌സുകള്‍ = 500.00

6. ട്രാന്‍സ്പോര്‍ട്ടേഷന്‍ = 600.00

ആകെ= 14,310.00

വരവ്

(12 ബട്ടണുകള്‍ വീതം 4000 കവറുകള്‍ വില്പന നടത്തുമ്പോള്‍ ലഭിക്കുന്നത് )

എം.ആര്‍.പി. 4000 * 10 =40,000.00

40% കമ്മീഷന്‍ കിഴിച്ച് ഉല്പാദകന് ലഭിക്കുന്നതിന് 4000 *6 .00 =24,000.00

പ്രതിദിന ലാഭം:

വരവ് =24,000.00

ചിലവ്=14,310.00

ലാഭം =9,690.00

സാങ്കേതികവിദ്യ, പരിശീലനം

കര്‍പ്പൂര നിര്‍മ്മാണത്തില്‍ ആവശ്യമായ പരിശീലനം കേരളത്തിലെ ആദ്യ കാര്‍ഷിക ഭക്ഷ്യസംസ്‌കരണ ചെറുകിട വ്യവസായ ഇന്‍ക്യൂബേഷന്‍ സെന്‍ററായ പിറവം അഗ്രോപാര്‍ക്കില്‍ ലഭിക്കും.

ഫോണ്‍ :0485-2242310

ലൈസന്‍സുകള്‍, സബ്‌സിഡി

വ്യവസായ വകുപ്പില്‍ നിന്നുള്ള ഉദ്യോഗ് ആധാര്‍, ജി.എസ്.ടി. എന്നിവ നേടിയിരിക്കണം. മൂലധന നിക്ഷേപത്തിന്റെ അനുസരിച്ച് 30% സബ്‌സിഡി വ്യവസായ വകുപ്പില്‍ നിന്നും ലഭിക്കും.

( കേരളത്തിന്‍റെ ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്‍ററായ അഗ്രോപാര്‍ക്കിന്‍റെ ചെയര്‍മാനാണു ലേഖകന്‍ )

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com