നിത അംബാനി റിലയൻസ് ഡയറക്റ്റർ ബോർഡിൽനിന്ന് പടിയിറങ്ങുന്നു

സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ലാഭം 73,670 കോടി രൂപ. 2.6 ലക്ഷവുമായി തൊഴിലവസരങ്ങളിൽ ഏറ്റവും മുന്നിൽ.
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് ധിരുഭായ് അംബാനി വാർഷിക പൊതുയോഗത്തിൽ സംസാരിക്കുന്നു.
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് ധിരുഭായ് അംബാനി വാർഷിക പൊതുയോഗത്തിൽ സംസാരിക്കുന്നു.
Updated on

കൊച്ചി/മുംബൈ: ഇഷ അംബാനി, ആകാശ് അംബാനി, അനന്ത് അംബാനി എന്നിവരെ റിലയൻസിന്‍റെ നോൺ എക്‌സിക്യൂട്ടിവ് ഡയറക്‌റ്റർമാരായി നിയമിക്കാൻ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഡയറക്റ്റർ ബോർഡ് മീറ്റിങ്ങിൽ തീരുമാനിച്ചു. ഓഹരി ഉടമകളുടെ അംഗീകാരത്തിനുശേഷം നിയുക്ത വ്യക്തികൾ അവരുടെ ചുമതലകൾ ഔദ്യോഗികമായി ഏറ്റെടുക്കും.

ഇതിനൊപ്പം നിത അംബാനിയുടെ രാജി ഡയറക്റ്റർ ബോർഡ് ഔദ്യോഗികമായി സ്വീകരിച്ചു. റിലയൻസ് ഫൗണ്ടേഷന്‍റെ ചെയർപേഴ്‌സൺ എന്ന നിലയിൽ, നിത അംബാനി എല്ലാ ആർഐഎൽ ബോർഡ് മീറ്റിംഗുകളിലും സ്ഥിരം ക്ഷണിതാവായി പങ്കെടുക്കും.

നിത അംബാനി
നിത അംബാനി

റിലയൻസ് ഫൗണ്ടേഷന്‍റെ സ്ഥാപക ചെയർപേഴ്‌സൺ എന്ന നിലയിൽ നിത അംബാനിയുടെ നേതൃത്വത്തെ ബോർഡ് അഭിനന്ദിച്ചു.

ഇഷാ അംബാനി, ആകാശ് അംബാനി, അനന്ത് അംബാനി എന്നിവർ ആർഐഎല്ലിലെ നിർണായക മേഖലകളായ റീട്ടെയിൽ, ഡിജിറ്റൽ സേവനങ്ങൾ, ഊർജം, മെറ്റീരിയൽ ബിസിനസുകൾ എന്നിവയുടെ പ്രവർത്തനത്തിലും നേതൃത്വത്തിലും അവിഭാജ്യ പങ്ക് വഹിച്ചിട്ടുണ്ട്. ആർഐഎൽ അനുബന്ധ കമ്പനികളുടെ ബോർഡുകളിലും അവർ സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്.

ആകാശ് അംബാനി, ഇഷ അംബാനി, അനന്ത് അംബാനി.
ആകാശ് അംബാനി, ഇഷ അംബാനി, അനന്ത് അംബാനി.

അതേസമയം, സാമ്പത്തിക വർഷം റിലയൻസിന്‍റെ ലാഭം 73,670 കോടി രൂപയാണെന്നും തിങ്കളാഴ്ച ചേർന്ന വാർഷിക പൊതുയോഗത്തിൽ റിപ്പോർട്ട് ചെയ്തു. കയറ്റുമതി 33.4% വർധിച്ച് 3.4 ലക്ഷം കോടി രൂപയിലെത്തി. സാമ്പത്തിക വർഷം നികുതി ഇനത്തിൽ കമ്പനി സർക്കാർ ഖജനാവിലേക്കു നൽകിയത് 1,77,173 കോടി രൂപയാണ്. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 16,639 കോടി രൂപയുടെ വർധന.

കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആർ) ഏറ്റവും കൂടുതൽ ചെലവാക്കിയിരിക്കുന്നതും റിലയൻസാണ്, 1,271 കോടി രൂപ.

2.6 ലക്ഷം തൊഴിലവസരങ്ങളും സാമ്പത്തിക വർഷത്തിൽ സൃഷ്ടിച്ചു. ഇന്ത്യയിൽ ഏറ്റവും കൂടുതലാണിത്. നിലവിൽ 3.9 ലക്ഷം ജീവനക്കാരാണ് റിലയൻസിനുള്ളത്. പരോക്ഷമായി സൃഷ്ടിച്ച തൊഴിലവസരങ്ങൾ ഇതിന്‍റെ പല മടങ്ങ് വരും.

logo
Metro Vaartha
www.metrovaartha.com