ഐടി കമ്പനികള്‍ ഇനി പുതിയ നിയമനങ്ങള്‍ ഇല്ല....!!!

നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പകുതിയില്‍ കമ്പനികളുടെ പുതിയ നിയമനങ്ങളില്‍ ഗണ്യമായ കുറവുണ്ടായതായി കണക്കുകൾ
IT companies no more new hires
IT companies no more new hires
Updated on

കൊച്ചി: ആഗോള മേഖലയില്‍ മാന്ദ്യ സാഹചര്യം ശക്തമായതോടെ ഇന്ത്യന്‍ ഐടി കമ്പനികള്‍ പുതിയ നിയമനങ്ങള്‍ മരവിപ്പിക്കുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ക്യാംപസ് റിക്രൂട്ടുമെന്‍റുകളില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ് മുന്‍നിര ഐടി സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നല്‍കുന്ന സൂചന. പുതിയ നിയമനങ്ങള്‍ക്ക് പകരം നിലവിലുള്ള ജീവനക്കാരുടെ കൊഴിഞ്ഞു പോക്കിന് തടയിടാനാണ് കമ്പനികള്‍ എച്ച്ആര്‍ വിഭാഗത്തിന് നല്‍കുന്ന നിര്‍ദേശം. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പകുതിയില്‍ കമ്പനികളുടെ പുതിയ നിയമനങ്ങളില്‍ ഗണ്യമായ കുറവുണ്ടായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ഏപ്രില്‍ ജൂണ്‍ മാസങ്ങളില്‍ 520 പുതിയ ജീവനക്കാരെ മാത്രമാണ് പുതുതായി നിയമിച്ചത്. അതേസമയം മറ്റ് മുന്‍നിര കമ്പനികളായ ഇന്‍ഫോസിസ്, എച്ച്സിഎല്‍, വിപ്രോ എന്നിവ വലിയ തോതില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. മൂന്ന് കമ്പനികളുടെയും ജീവനക്കാരുടെ എണ്ണത്തില്‍ 19000 പേരുടെ കുറവാണ് ഇക്കാലയളവിലുണ്ടായത്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഐടി മേഖലയില്‍ സ്ഥിതി രൂക്ഷമാകുകയാണ്. രാജ്യത്തെ പത്ത് മുന്‍നിര കമ്പനികളില്‍ മാത്രം കഴിഞ്ഞ മൂന്ന് മാസത്തിനിടെ 50,000 ജീവനക്കാരുടെ കുറവാണുണ്ടായത്. ചരിത്രത്തിലേക്കും വലിയ പ്രതിസന്ധിയിലേക്കാണ് ഇന്ത്യന്‍ ഐടി മേഖല നീങ്ങുന്നതെന്നാണ് ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.

അതേസമയം കേരളത്തിലെ സ്ഥിതി വ്യത്യസ്ഥമാണെന്ന് കൊച്ചി ഇന്‍ഫോപാര്‍ക്കിലെ പ്രമുഖ കമ്പനിയായ അക്രോണിന്‍റെ ചീഫ് എക്സിക്യൂട്ടിവും മാനെജിങ് ഡയറക്റ്ററുമായ റിജാസ് കൊച്ചുണ്ണി പറയുന്നു. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഐടി മേഖലയില്‍ വലിയ തോതില്‍ നിക്ഷേപം ലഭിച്ചെങ്കിലും ആവശ്യത്തിന് വൈദഗ്ധ്യമുള്ള തൊടിലാളികളെ ലഭിക്കാത്ത സ്ഥിതിയുണ്ടായിരുന്നു. മറ്റ് നഗരങ്ങളിലെ വലിയ കമ്പനികള്‍ ജീവനക്കാരെ കുറയ്ക്കുന്നതിനാല്‍ വൈദഗ്ധ്യമുള്ള ഹ്യൂമന്‍ റിസോഴ്സ് ഇങ്ങോട്ടേക്ക് ഒഴുകാന്‍ അവസരമൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അമെരിക്കയിലും യൂറോപ്പിലും മാന്ദ്യം ശക്തമായതോടെ പ്രധാന കമ്പനികളെല്ലാം ചെലവു ചുരുക്കല്‍ നടപടികളിലേക്ക് കടന്നതാണ് ഐടി മേഖലയ്ക്ക് വിനയാകുന്നത്. മാര്‍ച്ചിനു ശേഷം പുതിയ കരാറുകള്‍ ഒപ്പുവെക്കുന്നതിലും നിലവിലുള്ളവ പുതുക്കുന്നതിനും വലിയ വിലപേശലുകളാണ് പാശ്ചാത്യ രാജ്യങ്ങളിലെ വമ്പന്‍ കോര്‍പ്പറേറ്റുകള്‍ ഉള്‍പ്പെടെ നടത്തുന്നത്. അതിനാല്‍ ഐടി കമ്പനികളുടെ ലാഭം കുത്തനെ കുറയുകയാണെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com