
'യുപിഐ ഇല്ല, പണം മാത്രം'; ബംഗളൂരുവിൽ വ്യാപാരികൾ ഡിജിറ്റൽ പണമിടപാടുകൾ നിരസിക്കുന്നു: കാരണമിതാണ്!!
ബംഗളൂരു: രാജ്യത്തെ ഐടി ഹബ്ബായ ബംഗളൂരുവിൽ ഡിജിറ്റൽ പണമിടപാടുകൾ നിരസിച്ച് വ്യാപാരികൾ. നികുതി അടക്കുന്നതുമായി ബന്ധപ്പെട്ട അധികാരികളുടെ മുന്നറിയിപ്പുകൾക്ക് പിന്നാലെയാണ് ബംഗളൂരുവിൽ പണമിടപാടുകൾ മാത്രം എന്ന ബോർഡുകൾ വ്യാപകമായി ഉയർന്നു വന്നതെന്നാണ് വിവരം.
തെരുവുകളിലെ ചെറുകിട വ്യാപാര സ്ഥാപനങ്ങൾ, ഉന്തുവണ്ടികൾ മുതൽ ചെറുകിട ബിസിനസുകാർ വരെ യുപിഐ ഇടപാടുകളില്ല, പണം മാത്രം എന്ന ബോർഡുകൾ സ്ഥാപിച്ചിരിക്കുകയാണ്.
രജിസ്റ്റർ ചെയ്യാത്ത ആയിരക്കണക്കിന് വ്യാപാര സ്ഥാപനങ്ങളാണ് ബംഗളൂരുവിൽ പ്രവർത്തിക്കുന്നതെന്നും ഇവർ ലക്ഷക്കണക്കിന് നികുതിയാണ് വെട്ടിക്കുന്നതെന്നുമാണ് അധികാരികൾ പറയുന്നത്.
ഇതിന്‍റെ പശ്ചാത്തലത്തിൽ വ്യാപാരികൾക്ക് ഇൻകം ടാക്സ് നോട്ടീസ് അടുത്ത കാലങ്ങളിൽ നൽകിയിരുന്നു. പിന്നാലെയാണ് യുപിഐ ഇടപാടുകൾ സ്വീകരിക്കാതെ പണമിടപാടുകളിലേക്ക് വ്യവസായികൾ കടന്നത്. രജിസ്റ്റർ ചെയ്യാത്ത വ്യാപാര സ്ഥാപനങ്ങൾ പൂട്ടിക്കൂമോ എന്ന ഭയവും ഇവർക്കിടയിലുണ്ടായിട്ടുണ്ടെന്നാണ് വിവരം.
ജിഎസ്ടി നിയമപ്രകാരം, സാധനങ്ങൾ വിൽക്കുന്ന ബിസിനസുകാർ അവരുടെ വാർഷിക വിറ്റുവരവ് 40 ലക്ഷം രൂപ കവിയുകയാണെങ്കിൽ ജിഎസ്ടി രജിസ്റ്റർ ചെയ്യുകയും അടയ്ക്കുകയും വേണം, അതേസമയം സേവന ദാതാക്കൾക്ക് പരിധി 20 ലക്ഷം രൂപയാണ്. 2021-22 സാമ്പത്തിക വർഷം മുതൽ യുപിഐ ഇടപാട് ഡാറ്റയിൽ ഈ പരിധിക്കപ്പുറമുള്ള വിറ്റുവരവുകളുള്ള വിൽപ്പനക്കാർക്ക് മാത്രമേ നോട്ടീസ് നൽകിയിട്ടുള്ളൂവെന്ന് വാണിജ്യ നികുതി വകുപ്പ് വ്യക്തമാക്കി.
അത്തരം ബിസിനസുകൾ രജിസ്റ്റർ ചെയ്യാനും നികുതി നൽകേണ്ട വരുമാനം റിപ്പോർട്ട് ചെയ്യാനും നിശ്ചിത ജിഎസ്ടി അടയ്ക്കാനും നിയമപരമായി ബാധ്യസ്ഥരാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.