വിപണി മൂല്യത്തില്‍ ആപ്പിളിനെ മറികടന്ന് എന്‍വിഡിയ

എന്‍വിഡിയയുടെ ഓഹരികള്‍ 2024ല്‍ 147 ശതമാനമാണ് നേട്ടമുണ്ടാക്കിയത്
nvidia
nvidia

മുംബൈ: ഐഫോണുകളുടെ നിര്‍മാതാക്കളായ ആപ്പിളിനെ മൂല്യത്തില്‍ പിന്തള്ളി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ചിപ്പ് നിര്‍മാതാക്കളായ എന്‍വിഡിയ. ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനികളില്‍ രണ്ടാമനെന്ന സ്ഥാനമാണ് ആപ്പിളിന് ഒരൊറ്റ ദിവസം കൊണ്ട് എന്‍വിഡിയയ്ക്കു മുന്നില്‍ നഷ്ടമായത്. മൂല്യത്തില്‍ ഒന്നാം സ്ഥാനത്ത് മൈക്രോസോഫ്റ്റ് ആണ്.

3.012 ലക്ഷം കോടി ഡോളറാണ് (250 ലക്ഷം കോടി രൂപ) എന്‍വിഡിയയുടെ വിപണി മൂല്യം. ആപ്പിളിന്‍റേത് 3.003 ലക്ഷം കോടി ഡോളറും. ഒന്നാം സ്ഥാനത്തുള്ള മൈക്രോസോഫ്റ്റിന്‍റെ മൂല്യം 3.15 ലക്ഷം കോടി ഡോളറാണ്. കമ്പനിയുടെ ഓഹരികള്‍ വിഭജിക്കാന്‍ തീരുമാനിച്ചതാണ് എന്‍വിഡിയയുടെ പെട്ടെന്നുള്ള കുതിപ്പിന് കാരണം. വെള്ളിയാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഐഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചതു മുതലുണ്ടായിരുന്ന ആധിപത്യമാണ് എന്‍വിഡിയയുടെ കുതിപ്പില്‍ ആപ്പിളിന് നഷ്ടമായത്.

എന്‍വിഡിയയുടെ ഓഹരികള്‍ 2024ല്‍ 147 ശതമാനമാണ് നേട്ടമുണ്ടാക്കിയത്. മേയ് 22ന് ശേഷമുള്ള വളര്‍ച്ച 30 ശതമാനമാണ്. എഐ മേഖലയിലുണ്ടായ കുതിപ്പ് കമ്പനിയുടെ വരുമാനത്തിലും പ്രതിഫലിച്ചു. ബുധനാഴ്ച 5.2 ശതമാനം ഉയര്‍ന്ന് 1,244.40 ഡോളറിലാണ് എന്‍വിഡിയ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ചരിത്രത്തിലാദ്യമായാണ് ഒരു കംപ്യൂട്ടര്‍ ചിപ്പ് കമ്പനി മൂല്യത്തില്‍ 3 ട്രില്യണ്‍ ഡോളറിലേക്ക് എത്തുന്നത്.

കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് 3,266 ശതമാനം വളര്‍ച്ചയാണ് എന്‍വിഡിയ ഓഹരികള്‍ക്കുണ്ടായത്. 2019 ജനുവരി വരെ ജപ്പാനീസ് നിക്ഷേപക സ്ഥാപനമായ സോഫ്റ്റ്ബാങ്കിന് ഓഹരി പങ്കാളിത്തമുണ്ടായിരുന്നു. അന്ന് വെറും 3,300 കോടി ഡോളറിന് അവര്‍ ഓഹരികള്‍ വിറ്റൊഴിവാകുകയായിരുന്നു.

ഗെയ്മിങ്, ഡേറ്റ സെന്‍ററുകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ഓട്ടൊണോമസ് വാഹനങ്ങള്‍ എന്നിവയ്ക്കുള്ള ഗ്രാഫിക്സ് പ്രോസസിങ് യൂണിറ്റുകള്‍ നിര്‍മിക്കുന്നതാണ് എന്‍വിഡിയയുടെ പ്രധാന ബിസിനസ്. ടെക്നോളജി കമ്പനികള്‍ അവരുടെ ഉത്പന്നങ്ങളിലും സേവനങ്ങളിലും നിര്‍മിത ബുദ്ധിയെ ഉള്‍പ്പെടുത്തി തുടങ്ങിയതോടെയാണ് കമ്പനിയുടെ വളര്‍ച്ച പതിന്മടങ്ങ് വേഗത്തിലായത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com