Representative image
Representative image

എണ്ണക്കമ്പനികള്‍ക്ക് പരീക്ഷണ കാലം

വര്‍ഷാന്ത്യത്തോടെ ക്രൂഡ് വില 100 ഡോളര്‍ കടക്കാന്‍ ഇടയുണ്ടെന്നാണ് വിലയിരുത്തല്‍.

ബിസിനസ് ലേഖകൻ

കൊച്ചി: രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില വീണ്ടും ഉയരുന്നതിനാല്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ വിയര്‍ക്കുന്നു. നിലവില്‍ പെട്രോള്‍, ഡീസല്‍, പാചക വാതകം എന്നിവയുടെ വില്‍പ്പനയില്‍ കനത്ത നഷ്ടമാണ് കമ്പനികള്‍ നേരിടുന്നത്. പൊതു തെരഞ്ഞെടുപ്പും അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പും പടിവാതിലില്‍ നില്‍ക്കുന്നതിനാല്‍ രാജ്യാന്തര വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് വിലയില്‍ വ്യത്യാസം വരുത്താന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ക്രൂഡ് ഓയിലിന്‍റെ വില ബാരലിന് 90 രൂപയ്ക്ക് മുകളിലെത്തിയിരുന്നു. വര്‍ഷാന്ത്യത്തോടെ ക്രൂഡ് വില 100 ഡോളര്‍ കടക്കാന്‍ ഇടയുണ്ടെന്നാണ് വിലയിരുത്തല്‍.

അതേസമയം രാഷ്‌ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് എണ്ണക്കമ്പനികള്‍ക്ക് പരോക്ഷമായി സബ്സിഡി ലഭ്യമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. നിലവില്‍ പെട്രോളും ഡീസലും ഉത്പാദന ചെലവിനേക്കാള്‍ ലിറ്ററിന് നാലു രൂപ മുതല്‍ ഏഴ് രൂപ വരെ കുറച്ചാണ് കമ്പനികള്‍ വില്‍ക്കുന്നത്. പെട്രോള്‍, ഡീസല്‍, പാചക വാതകം എന്നിവ ഉത്പാദന ചെലവിനേക്കാള്‍ കുറഞ്ഞ വിലയില്‍ വിറ്റഴിക്കുന്നതിനാൽ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് 10,000 കോടി രൂപ നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കഴിഞ്ഞ ഒരു മാസമായി 80 ഡോളറിന് മുകളില്‍ തുടര്‍ന്നിട്ടും ആഭ്യന്തര ഇന്ധന വില വർധിപ്പിക്കാത്തതിനാല്‍ എണ്ണക്കമ്പനികള്‍ 15,000 കോടി രൂപയിലധികം നഷ്ടം നേരിട്ടുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ആഗോള സാമ്പത്തിക അനിശ്ചിതത്വം കാരണം രാജ്യത്തെ നാണയപ്പെരുപ്പം അപകടകരമായി ഉയര്‍ന്നതിനാലാണ് ക്രൂഡ് ഓയില്‍ വില വർധനയ്ക്ക് ആനുപാതികമായി പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വിലയില്‍ മാറ്റം വരുത്താതെ കമ്പനികള്‍ മുന്നോട്ടുപോയത്. ഇതിനാല്‍ അമെരിക്കയും യൂറോപ്പും ഉള്‍പ്പെടെയുള്ള പ്രധാന സാമ്പത്തിക മേഖലകള്‍ വന്‍ പ്രതിസന്ധി നേരിട്ടപ്പോഴും ഇന്ത്യ വലിയ പരുക്കില്ലാതെ നിലനിന്നത്.

നാണയപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികള്‍ക്ക് സര്‍ക്കാരിനൊപ്പം തോളോടു തോള്‍ ചേര്‍ന്ന് നീങ്ങിയ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് നഷ്ടം നികത്താന്‍ പാക്കെജ് വേണമെന്ന് പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. പൊതുമേഖലാ കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ എന്നിവയ്ക്കായാണ് ഇത്രയും തുക നഷ്ടപരിഹാരം നല്‍കുക.

പെട്രോളും ഡീസലും പാചക വാതകവും ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ക്ക് സ്വതന്ത്രമായി വില നിശ്ചയിക്കാന്‍ അധികാരം ഉണ്ടായിരുന്നെങ്കിലും നാണയപ്പെരുപ്പ യുദ്ധത്തിന് ഭാഗമായി വിലയില്‍ മാറ്റം വരുത്താതെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിന് വലിയ പിന്തുണയാണ് നല്‍കിയത്. അതിനാല്‍ കമ്പനികളെ ധന പ്രതിസന്ധിയില്‍ നിന്നും കരകയറ്റാന്‍ സഹായം നല്‍കാന്‍ ധന മന്ത്രാലയവും അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്.

അതേസമയം പെട്രോള്‍, ഡീസല്‍ എന്നിവയുടെ എക്സൈസ് തീരുവ ഗണ്യമായി കുറച്ചതിനാൽ കനത്ത വരുമാന നഷ്ടം നേരിടുന്നതിനാല്‍ ഒരു പരിധിയിലധികം തുക കമ്പനികള്‍ക്ക് നല്‍കാനാവില്ലെന്നാണ് ധന മന്ത്രാലയം ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇന്ധന സബ്സിഡി ഇനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ കേവലം 5,700 കോടി രൂപ മാത്രം ചെലവഴിച്ചപ്പോള്‍ വളം സബ്സിഡി 1.3 ലക്ഷം കോടി രൂപയാണ്. രാജ്യത്തെ പാചക വാതക വിപണിയില്‍ പകുതിയിലധികം ഇറക്കുമതി നടത്തുകയാണ്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com