
ഇന്ത്യൻ വിപണിയിലേക്ക് ഓപ്പൺ എഐ; ഡൽഹിയിൽ ഉടൻ ആരംഭിക്കും
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഗവേഷണ സ്ഥാപനമായ ഓപ്പൺ എഐ ഇന്ത്യയിൽ ആദ്യ ഓഫിസ് ആരംഭിക്കുന്നു. 2025 ന്‍റെ അവസാനത്തോടെ ഡൽഹിയിലായിരിക്കും ഓഫിസിന്‍റെ പ്രവർത്തനം ആരംഭിക്കുക. ഇന്ത്യയിൽ അതിവേഗം വളർന്നു വരുന്ന എഐ വിപണി വികസിപ്പിക്കുന്നതിനും ഗവേഷണ സാങ്കേതിക വികസനങ്ങൾ പ്രാദേശികമായി ശക്തിപ്പെടുത്തുന്നതുമാണ് ലക്ഷ്യം. രാജ്യത്ത് എഐയുടെ ഇന്‍റലിജൻസ് സേവനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.
കമ്പനി ഇതിനകം ഇന്ത്യയിൽ നിയമപരമായി രജിസ്റ്റർ ചെയ്തതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. അമെരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലാണ് ഓപ്പൺ എഐയുടെ ആസ്ഥാനം. ഓപ്പൺ എഐയുടെ ലോകത്തെ രണ്ടാമത്തെ വലിയ മാർക്കറ്റാണ് ഇന്ത്യ. അമെരിക്കയാണ് മുന്നിൽ. എന്നാൽ, നിലവിൽ ഇന്ത്യയിൽ ഒരു ജീവനക്കാരി മാത്രമാണ് ഓപ്പൺ എ ഐക്ക് ഉള്ളത്. പബ്ലിക് പോളിസി, പാർട്ണർഷിപ്പ് എന്നിവ കൈകാര്യം ചെയ്യുന്ന പ്രജ്ഞ മിശ്രയാണ് ഇന്ത്യയിലെ ഏക ജീവനക്കാരി.
ഇന്ത്യയിലെ ഓഫിസ് തുറക്കുന്നതിന്‍റെ ഭാഗമായി മൂന്ന് തസ്തികകളിലേക്ക് കമ്പനി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. സെയിൽസ് വിഭാഗത്തിലാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നതെന്ന് ഓപ്പൺ എ ഐ വ്യക്തമാക്കി.