

ഓപ്പണ്‍ എഐ ഇന്ത്യയിലെ ആദ്യ ഓഫിസ് ഡൽഹിയിൽ
ന്യൂഡൽഹി: എഐ രംഗത്തെ ആഗോള ഭീമനും ചാറ്റ് ജിപിടിയുടെ മാതൃകമ്പനിയുമായ ഓപ്പണ്‍ എഐ ഇന്ത്യയിലെ ആദ്യ ഓഫിസ് തുറക്കുന്നു. ന്യൂഡല്‍ഹിയിലെ കോര്‍പ്പറേറ്റ് എഡ്ജ് എന്ന വര്‍ക്ക്സ്പേസ് കമ്പനിയില്‍ നിന്ന് 50 സീറ്റുകളുള്ള ഓഫിസ് സ്പേസാണ് ഓപ്പണ്‍ എഐ സ്വന്തമാക്കിയത്.
നോയിഡയോ ഗുരുഗ്രാമോ പോലുള്ള സമീപ പ്രദേശങ്ങളെ ഒഴിവാക്കി രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ ശ്രമം. ചാറ്റ്ജിപിടിയുടെ ആഗോളതലത്തിലെ രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യ.
ഇത് കണക്കിലെടുത്ത് ഇന്ത്യയില്‍ ഓഫീസ് അന്വേഷിക്കുകയാണെന്ന് അടുത്തിടെ കമ്പനി സിഇഒ സാം ആള്‍ട്ട്മാന്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് ഡല്‍ഹിയില്‍ ഓഫിസ് തുറന്നതായുള്ള വാര്‍ത്തയുമെത്തിയത്. ഇക്കാര്യത്തില്‍ ഓപ്പണ്‍ എഐയോ കോര്‍പ്പറേറ്റ് എഡ്ജോ പ്രതികരിച്ചിട്ടില്ല.
അതേസമയം, സ്വന്തമായി ഓഫിസ് എടുക്കാതെ വര്‍ക്ക്സ്പേസിലേക്ക് ഓപ്പണ്‍ എഐ മാറിയത് പുതിയ ആശങ്കയ്ക്കും കാരണമായി. രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വലിയ കുതിപ്പുണ്ടാക്കാന്‍ എഐ കമ്പനികള്‍ക്കാകുമെന്നായിരുന്നു ഇതുവരെയും കരുതിയിരുന്നത്. 2030ലെത്തുമ്പോള്‍ എഐ കമ്പനികള്‍ക്ക് മാത്രം 45-50 മില്യൺ ചതുരശ്രയടി റിയല്‍ എസ്റ്റേറ്റ് സ്പേസ് അധികമായി വേണ്ടി വരുമെന്നാണ് ഡിലോയിറ്റിന്‍റെ റിപ്പോര്‍ട്ട്. ഇതിനിടയില്‍ എഐ മേഖലയിലെ വമ്പന്‍മാര്‍ സ്വന്തമായി ഓഫിസ് തുറക്കാതെ വര്‍ക്ക്സ്പേസിലേക്ക് മാറിയതാണ് ആശങ്കയ്ക്ക് കാരണമായത്. എന്നാല്‍ എഐ കമ്പനികള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വലിയ ചലനം സൃഷ്ടിക്കുമെന്നാണ് ഇപ്പോഴുമുള്ള വിലയിരുത്തല്‍.