പാലക്കാട് സ്മാർട്ട് സിറ്റി; അഞ്ചാംഘട്ടം തുകയും ഭൂമിയും അനുവദിച്ചു

പാലക്കാട് സ്മാർട്ട് സിറ്റിക്ക് അഞ്ചാംഘട്ടമായി 428 കോടി രൂപയും 424 ഏക്കർ ഭൂമിയും; 2029ൽ പൂർത്തീകരണം ലക്ഷ്യമിട്ട് കേരള ഇൻഡസ്ട്രിയൽ കോറിഡോർ കോർപ്പറേഷൻ
Palakkad Smart City Fifth Installment

കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമാണ് പാലക്കാട് സ്മാർട്ട് സിറ്റി പദ്ധതി.

Representative graphics

Updated on: 

പാലക്കാട്: കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ പാലക്കാട് സ്മാർട്ട് സിറ്റി പദ്ധതിക്കുള്ള കേന്ദ്രവിഹിതത്തിന്‍റെ അഞ്ചാം ഗഡുവായി 428.14 കോടി രൂപയും, തത്തുല്യ സംസ്ഥാനവിഹിതമായി 424.18 ഏക്കർ ഭൂമിയും കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്‍റ് കോർപ്പറേഷന് ലഭിച്ചു. ഇതോടെ സ്മാർട്ട് സിറ്റി പദ്ധതിക്കുള്ള കേന്ദ്ര-സംസ്ഥാന വിഹിതങ്ങളുടെ 90 ശതമാനവും കോർപ്പറേഷന് കൈമാറിക്കിട്ടി. കേരള സർക്കാരിനു കീഴിലുള്ള കിൻഫ്രയും കേന്ദ്ര സർക്കാരിനു കീഴിലുള്ള നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്‍റ് ആൻഡ് ഇംപ്ലിമെന്‍റേഷൻ ട്രസ്റ്റും (എൻഐസിഡിഐടി) ചേർന്ന് തുല്യ ഓഹരി പങ്കാളിത്തത്തോടെ രൂപംകൊടുത്ത പ്രത്യേകോദ്ദേശ്യ സ്ഥാപനമാണ് സ്മാർട്ട് സിറ്റിയുടെ വികസനപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡ് (കെഐസിഡിസി).

അഞ്ച് ഗഡുക്കളായി 1362.6 കോടി രൂപയാണ് ഇതുവരെ എൻഐസിഡിഐടി വഴി കേന്ദ്ര സർക്കാർ അനുവദിച്ചത്. 1313.18 ഏക്കർ ഭൂമി സംസ്ഥാന സർക്കാരും കൈമാറി. ആകെ 1489 കോടി രൂപ ചെലവിട്ട് 1450 ഏക്കർ ഭൂമിയാണു പദ്ധതിക്കായി സംസ്ഥാന സർക്കാർ കിൻഫ്ര വഴി ഏറ്റെടുത്തിട്ടുള്ളത്. കേന്ദ്ര വിഹിതം ലഭിക്കുന്ന മുറയ്ക്ക് ആനുപാതികമായ ഭൂമി കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്‍റ് കോർപ്പറേഷന് കൈമാറുകയാണ് ചെയ്യുന്നത്. ഒന്നോ രണ്ടോ ഗഡുക്കളായി ഏതാനും മാസങ്ങൾക്കുള്ളിൽ അവശേഷിക്കുന്ന തുകയും ഭൂമിയും കോർപ്പറേഷന് പൂർണമായും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അഞ്ചാംഘട്ടമായി കോർപ്പറേഷന് കൈമാറിയ 424.18 ഏക്കർ ഭൂമിയിൽ 356.15 ഏക്കർ പുതുശേരി സെന്‍ട്രലിലും 68.03 ഏക്കർ കണ്ണമ്പ്രയിലുമാണ്. ഇതോടെ പദ്ധതിക്കായി പുതുശ്ശേരി സെന്‍ട്രലിൽ 1002.15 ഏക്കറും കണ്ണമ്പ്രയിൽ 311.03 ഏക്കറുമാണ് കോർപ്പറേഷന്‍റെ കൈവശമെത്തിയത്.

രാജ്യത്ത് നടപ്പാക്കുന്ന 12 വ്യവസായ സ്മാർട്ട് സിറ്റികളിൽ അടിസ്ഥാന സൗകര്യവികസനത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തീകരിച്ച ആദ്യ സംസ്ഥാനമാണ് കേരളം. കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടതുപോലെ 2029 ഏപ്രിലിൽത്തന്നെ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം ഭൂമിയുടെ അലോട്മെന്‍റും പൂർത്തിയാക്കി സ്മാർട്ട് സിറ്റി പൂർണതോതിൽ സജ്ജമാക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യം. അലോട്മെന്‍റിനുള്ള നടപടികൾ ജനുവരിയിൽ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. വ്യവസായവകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷും ജില്ലാ കലക്റ്ററും എൻഐസിഡിസി ഉദ്യോഗസ്ഥരും എല്ലാമാസവും പദ്ധതിയുടെ നിർമാണപുരോഗതി വിലയിരുത്തുന്നുണ്ടെന്ന് കോർപ്പറേഷൻ എംഡി സന്തോഷ് കോശി തോമസ് പറഞ്ഞു.

സ്മാർട്ട് സിറ്റിയുടെ രൂപകൽപന മുതൽ നിർമാണവും മെയിന്‍റനൻസും ഉൾപ്പെടെയുള്ള സമഗ്ര വികസനത്തിനുള്ള ഇപിസി (എൻജിനീയറിങ്, പ്രൊക്യുർമെന്‍റ് ആൻഡ് കൺസ്ട്രക്ഷൻ) കരാറാണ് നൽകിയിട്ടുള്ളത്. കരാർ കമ്പനി സമർപ്പിക്കുന്ന ഡിസൈൻ വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ സത്വര പരിശോധന നടത്തി അനുമതി ലഭ്യമാകുന്ന ഘടകങ്ങളുടെ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ മുന്നോട്ടുപോകുകയാണ്. പാലക്കാട് ഐഐടി, തിരുച്ചിറപ്പള്ളി എൻഐടി എന്നിവിടങ്ങളിൽനിന്നുള്ള സാങ്കേതികനിർദ്ദേശങ്ങൾ ഉപയോഗിച്ചാണ് അടിസ്ഥാന സൗകര്യവികസനത്തിനുള്ള ഡിസൈൻ തയാറാക്കുന്നത്. പദ്ധതിപ്രദേശത്ത് 20 കിലോമീറ്ററോളം റോഡിന്‍റെ സബ്ഗ്രേഡ് ജോലികൾ ഇതിനോടകം പൂർത്തീകരിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com