

പെട്രോൾ, ഡീസൽ വില വർധനയ്ക്ക് സാധ്യത ശക്തം.
AI generated summary, newsroom reviewed
ബിസിനസ് ലേഖകൻ
കൊച്ചി: പശ്ചിമേഷ്യന്‍ യുദ്ധം വീണ്ടും രൂക്ഷമാകുമെന്ന ആശങ്കയില്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിക്കുന്നു. സമാധാന കരാര്‍ സംബന്ധിച്ച് ഇറാന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ അമെരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് തള്ളിയതും ഹോര്‍മുസ് ഇടനാഴി അടഞ്ഞുകിടക്കുന്നതുമാണ് വിപണിക്ക് സമ്മർദം സൃഷ്ടിക്കുന്നത്. ബ്രെൻഡ് ക്രൂഡിന്‍റെ വില ബാരലിന് നാല് ഡോളര്‍ ഉയര്‍ന്ന് 109 ഡോളറിലെത്തിയിരുന്നു.
ആഗോള സാമ്പത്തിക മേഖലയില്‍ ദൂരവ്യാപകമായ പ്രതിസന്ധി സൃഷ്ടിക്കാന്‍ ക്രൂഡ് വിലയിലെ വർധന കാരണമാകും. ഇന്ത്യയിലെ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാനും എണ്ണക്കമ്പനികളും കേന്ദ്ര സർക്കാരും നിർബന്ധിതമാകും. രണ്ട് പ്രധാന ഇന്ധനങ്ങൾക്കും അഞ്ച് രൂപ വരെ വർധിപ്പിക്കണമെന്നാണ് എണ്ണക്കമ്പനികൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തതിനു പിന്നാലെ സ്വർണത്തിന്‍റെ ഇറക്കുമതി തീരുവ ആറ് ശതമാനത്തിൽ നിന്ന് 15 ശതമാനമായി വർധിപ്പിച്ചിരുന്നു. സമാനമായി, സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി പൊതു ഗതാഗത സംവിധാനം കൂടുതലായി ഉപയോഗിക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്. പെട്രോൾ, ഡീസൽ വില വർധനയുടെ സൂചനയായാണ് ഇതിപ്പോൾ വിലയിരുത്തപ്പെടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പുകളെല്ലാം പൂർത്തിയായ സാഹചര്യത്തിൽ വില വർധനയ്ക്ക് സർക്കാരിനു മുന്നിൽ രാഷ്ട്രീയ തടസങ്ങളുമില്ല.
വെടിനിർത്തല്‍ ഉടന്‍ അവസാനിക്കുമെന്ന സൂചനയാണ് ട്രംപ് നല്‍കുന്നത്. ഇതോടെ ലോകമെമ്പാടുമുള്ള ഓഹരി വിപണികളിൽ തകര്‍ച്ച തുടര്‍ന്നു. ഇന്ത്യന്‍ ഓഹരി സൂചികകളും മൂക്കുകുത്തി. ചൊവ്വാഴ്ച മാത്രം ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത ഓഹരികളുടെ മൂല്യത്തില്‍ 11 ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായി. കഴിഞ്ഞ നാല് ദിവസത്തിനിടെ സെന്‍സെക്സില്‍ 3,400 പോയിന്‍റ് ഇടിവാണുണ്ടായത്. ഇക്കാലയളവില്‍ നിക്ഷേപകരുടെ ആസ്തിയില്‍ 14 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി.
ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വം കണക്കിലെടുത്ത് വര്‍ക്ക് ഫ്രം ഹോം അടക്കമുള്ള നടപടികളിലേക്ക് കടക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം നടത്തിയിട്ടുണ്ട്. ഇതും നിക്ഷേപകരുടെ വിശ്വാസത്തെ സ്വാധീനിക്കുന്നു. സ്വര്‍ണം, ഭക്ഷ്യ എണ്ണ, ഇന്ധനം, രാസവളം എന്നിവയുടെ ഉപയോഗം കുറയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശം രാജ്യം അതിരൂക്ഷമായ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന ആശങ്ക ശക്തമാക്കി.
വിദേശ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്നുള്ള പിന്മാറ്റം ശക്തമാക്കിയതോടെ രൂപയുടെ റെക്കോഡ് തകര്‍ച്ച തുടരുകയാണ്. ഡോളറിനെതിരേ രൂപ 35 പൈസ നഷ്ടത്തോടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യമായ 95.62ലെത്തി. ഏപ്രിലില്‍ രാജ്യത്തെ നാണയപ്പെരുപ്പം 3.8 ശതമാനമായി ഉയര്‍ന്നതും ആശങ്ക ശക്തമാക്കി. എണ്ണ വിലയിലെ കുതിപ്പ് ഇന്ത്യന്‍ സാമ്പത്തിക മേഖലയിലും മാന്ദ്യം സൃഷ്ടിക്കുമെന്ന വിലയിരുത്തല്‍ ശക്തമാകുകയാണ്.