

കിട്ടുന്ന ശമ്പളത്തിൽ നിന്ന് 5000 രൂപ എങ്കിലും നിക്ഷേപത്തിനായി മാറ്റിവെക്കാൻ ശ്രമിക്കുന്നവരാണോ നിങ്ങൾ? എന്നാൽ നിങ്ങൾ തനിച്ചല്ല. ഇന്ത്യയിലെ ഭൂരിഭാഗം പേരും നിക്ഷേപം ആരംഭിക്കുന്നത് 5000ത്തിൽ നിന്നാണ്. ദീർഘകാലത്തെ മെച്ചപ്പെട്ട സമ്പാദ്യം ലക്ഷ്യമിട്ട് എസ്ഐപിയിലാണ് കൂടുതൽ പേരും നിക്ഷേപിക്കുന്നത്. എന്നാൽ വെറുതെ ഒരു എസ്ഐപി തുടങ്ങിയതുകൊണ്ട് നിങ്ങൾക്ക് മെച്ചപ്പെട്ട ഫലം കിട്ടണമെന്നില്ല. നിക്ഷേപിക്കുമ്പോൾ ചെറിയൊരു തന്ത്രം പ്രയോഗിച്ചാൽ ഒരു കോടി രൂപയെന്ന സ്വപ്നത്തിലേക്ക് വേഗത്തിൽ എത്തിപ്പെടാൻ നിങ്ങൾക്കാവും.
5000 രൂപ ഒന്നിൽ അധികം ഫണ്ടുകളിൽ നിക്ഷേപിച്ചാൽ മികച്ച റിട്ടേൺ കിട്ടുമെന്നാണ് വിദഗ്ധർ പറയുന്നത്. 3000 രൂപ ഇൻറക്സ് ഫണ്ടിലും 2000 രൂപ ഫ്ലെക്സി ക്യാപ് ഫണ്ടിലും നിക്ഷേപിക്കുന്നതാണ് നല്ലത് എന്നാണ് സെബി ഐർഐഎയും സഹജ് മണിയുടെ സ്ഥാപകനുമായ അഭിഷേക് കുമാർ പറയുന്നത്. ഇൻറക്സ് ഫണ്ട് നിക്ഷേപത്തിന് സ്ഥിരതയും ഫ്ലെക്സി ക്യാപ് വളർച്ചയും നിക്ഷേപത്തിന് ഉണ്ടാക്കും.
ഒരു ഫണ്ടിൽ മാത്രമായി നിക്ഷേപം നടത്തുന്നത് അത്ര നല്ല തീരുമാനമല്ല എന്നാണ് അഭിഷേക് പറയുന്നത്. ഇത് റിസ്ക് കൂട്ടാനേ കാരണമാകൂ. കുറഞ്ഞത് രണ്ട് ഫണ്ടുകളിലേക്കെങ്കിലും നിക്ഷേപിക്കേണ്ടതുണ്ട്.
20 വർഷത്തേക്ക് 5000 രൂപവെച്ച് നിക്ഷേപിക്കുകയാണെങ്കിൽ ഒരു കോടി എന്ന മാന്ത്രിക സംഖ്യയിലേക്ക് എത്താനാവും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്ഐപിയിലൂടെ ഏറ്റവും മികച്ച റിട്ടേൺ കിട്ടുക ഇത്തരത്തിൽ ദീർഘകാലത്തേക്ക് ഇൻവെസ്റ്റ് ചെയ്യുമ്പോഴാണ്. അതുപോലെ ഒരേ നിക്ഷേപം തന്നെ വർഷങ്ങളായി തുടരുന്നതിന് പകരം. വരുമാനം വർധിക്കുന്നതിന് അനുസരിച്ച് വർഷാവർഷം എസ്ഐപിയിലും വർധന കൊണ്ടുവരണം. പാതി വഴിയിൽ അവസാനിപ്പിക്കാതെ തുടർച്ചയായി നിക്ഷേപം നടത്തുന്നത് മികച്ച റിട്ടേൺ ലഭിക്കാൻ കാരണമാകും.