
കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം ഡിസംബര്‍ ത്രൈമാസക്കാലയളവില്‍ രാജ്യത്തെ കോര്‍പ്പറേറ്റ് കമ്പനികളുടെ വരുമാനവും ലാഭവും ഗണ്യമായി കുറയുന്നു. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും ഇന്ധന ചെലവിലെ വര്‍ധനയും പലിശ നിരക്ക് കുത്തനെ കൂടിയതും കാരണം കമ്പനികളുടെ ഉത്പാദന ചെലവ് ഗണ്യമായി ഉയരുന്നതാണ് ലാഭം കുറയാന്‍ കാരണം.
അതേസമയം കൊവിഡ് രോഗ വ്യാപന ഭീഷണി പൂര്‍ണമായി ഒഴിഞ്ഞതിനു ശേഷം മികച്ച വളര്‍ച്ചയിലേക്ക് നീങ്ങിയ സാമ്പത്തിക മേഖല വീണ്ടും തളര്‍ച്ചയിലേക്ക് നീങ്ങുന്നതും കമ്പനികള്‍ക്ക് ശക്തമായ വെല്ലുവിളി സൃഷ്ടിക്കുന്നു. മാന്ദ്യ സാഹചര്യം ശക്തമായതോടെ നഗര, ഗ്രാമ പ്രദേശങ്ങളില്‍ ഉപഭോഗം കുത്തനെ കുറയുകയാണെന്ന് കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ പറയുന്നു. ഒക്റ്റോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്ന് മാസക്കാലയളവില്‍ രാജ്യത്തെ മുന്‍നിര കമ്പനികളില്‍ ബാങ്കുകള്‍ ഒഴികെയുള്ള കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ 50 ശതമാനവും ലാഭത്തിലും വരുമാനത്തിലും കുറവ് രേഖപ്പെടുത്തി.
ഇന്ധന വില കുത്തനെ കൂടിയതിനാൽ പ്രവര്‍ത്തന ചെലവില്‍ 25 ശതമാനം വരെ വർധനയുണ്ടെന്ന് കൊച്ചിയിലെ ഒരു പ്രമുഖ ഇലക്ട്രോണിക്സ് ഉത്പാദന കമ്പനിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു. ഉത്പാദന ചെലവിലെ വർധനയുടെ ഒരു ഭാഗം മാത്രമാണ് ഇപ്പോഴത്തെ വിപണി സാഹചര്യത്തില്‍ ഉപയോക്താക്കള്‍ക്ക് കൈമാറാന്‍ കഴിയുന്നത്. വരും മാസങ്ങളില്‍ ഇന്ധന വിലയും ചിപ്പുകള്‍ ഉള്‍പ്പെടെയുള്ള അസംസ്കൃത സാധനങ്ങളുടെ വിലയും ഗണ്യമായി കുറഞ്ഞില്ലെങ്കില്‍ കമ്പനികള്‍ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇലക്ട്രോണിക്സ്, ഡിജിറ്റല്‍ ഉത്പന്നങ്ങള്‍, നിർമാണ സാമഗ്രികള്‍, ബ്രാന്‍ഡഡ് ഭക്ഷ്യ ഉത്പന്നങ്ങള്‍, ഓട്ടൊമൊബൈല്‍ തുടങ്ങിയ മേഖലകളിലാണ് വില്‍പ്പന മാന്ദ്യം രൂക്ഷമാകുന്നത്. സാമ്പത്തിക മാന്ദ്യം ശക്തമായതോടെ ഉപഭോഗം കുറയുന്ന സാഹചര്യവുമുണ്ട്. അതേസമയം വിപണിയിലെ വെല്ലുവിളികള്‍ നേരിടാന്‍ പല കമ്പനികളും കടുത്ത ചെലവ് ചുരുക്കല്‍ നടപടികളും ശക്തമാക്കി. പ്രതിസന്ധി ഒഴിവായില്ലെങ്കില്‍ ജീവനക്കാരെ പിരിച്ചു വിടുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നും കമ്പനി മേധാവികള്‍ മുന്നറിയിപ്പ് നല്കുന്നു. നാണയപ്പെരുപ്പം എട്ടു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയതിനെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് തുടര്‍ച്ചയായി പലിശ നിരക്ക് വർധിപ്പിച്ചതാണ് ഇന്ത്യന്‍ വിപണി കടുത്ത മാന്ദ്യത്തിലേക്ക് നീങ്ങാന്‍ ഇടയാക്കിയത്.
കഴിഞ്ഞ പത്ത് മാസത്തിനിടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശയില്‍ മൂന്ന് മുതല്‍ നാല് ശതമാനം വരെ വർധനയുണ്ടായി. ഇതോടെ വിപണിയിലെ പണ ലഭ്യത ഗണ്യമായി കുറഞ്ഞതാണ് ഉപഭോഗത്തിലും ഇടിവുണ്ടാക്കുന്നത്. വാഹന, ഭവന മേഖലകളിലെ തളര്‍ച്ചയാണ് നിർമാണ കമ്പനികളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നത്. അതേസമയം പലിശ നിരക്കിലെ വർധന കാരണം ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും ലാഭത്തില്‍ കുതിച്ചു ചാട്ടമാണുണ്ടാകുന്നത്.