പൊതുമേഖലാ ബാങ്കുകൾക്ക് ലാഭപ്പെരുമഴ

മറ്റൊരു പൊതുമേഖലാ ബാങ്കായ യൂണിയന്‍ ബാങ്കിന്‍റെ അറ്റാദായം ഇക്കാലയളവില്‍ 90 ശതമാനം വർധനയോടെ 3,511 കോടി രൂപയിലെത്തി.
പൊതുമേഖലാ ബാങ്കുകൾക്ക് ലാഭപ്പെരുമഴ

കൊച്ചി: പലിശ നിരക്കിലുണ്ടായ വർധനയും സാമ്പത്തിക മേഖലയിലെ മികച്ച പ്രകടനവും രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ലാഭത്തില്‍ വന്‍ കുതിപ്പ് സൃഷ്ടിക്കുന്നു.

നടപ്പു സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം ത്രൈമാസക്കാലയളവില്‍ പ്രമുഖ പൊതുമേഖലാ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ (എസ്ബിഐ), ബാങ്ക് ഒഫ് ബറോഡ, യൂണിയന്‍ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഒഫ് ഇന്ത്യ തുടങ്ങിയവ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നാണയപ്പെരുപ്പം നേരിടുന്നതിനായി റിസര്‍വ് ബാങ്ക് കഴിഞ്ഞ വര്‍ഷം മേയ് മാസത്തിനു ശേഷം തുടര്‍ച്ചയായി ആറു തവണയായി മുഖ്യ പലിശ നിരക്കായ റിപ്പോ 2.5 ശതമാനം വർധിപ്പിച്ചതാണ് ബാങ്കുകള്‍ക്ക് വന്‍ നേട്ടം സൃഷ്ടിച്ചത്. സാമ്പത്തിക മേഖലയില്‍ മികച്ച ഉണര്‍വ് തുടരുന്നതിനാല്‍ വായ്പാ വിതരണത്തിലും നിക്ഷേപ സമാഹരണത്തിലും വലിയ ഉണര്‍വാണ് ദൃശ്യമായത്. ഇതോടൊപ്പം കിട്ടാക്കടങ്ങളുടെ തോത് തുടര്‍ച്ചയായി താഴുന്നതിനാല്‍ പ്രൊവിഷനിങ്ങിനായി മാറ്റിവേയ്ക്കേണ്ട തുകയിലും കുറവുണ്ടായി.

ഇന്നലെ പുറത്തുവിട്ട പ്രവര്‍ത്തന ഫലമനുസരിച്ച് എസ്ബിഐയുടെ അറ്റാദായം മുന്‍വര്‍ഷം ഇതേകാലയളവിനേക്കാള്‍ എട്ടു ശതമാനം ഉയര്‍ന്ന് 14,330 കോടി രൂപയിലെത്തി. ബാങ്കിന്‍റെ അറ്റ പലിശ വരുമാനം ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മൂന്നു മാസക്കാലയളവില്‍ 12 ശതമാനം ഉയര്‍ന്ന് 39,500 കോടി രൂപയിലെത്തി. ബാങ്കിന്‍റെ മൊത്തം വരുമാനം ഇക്കാലയളവില്‍ 26.4 ശതമാനം ഉയര്‍ന്ന് 1.12 ലക്ഷം കോടി രൂപയിലെത്തി. എസ്ബിഐയുടെ പ്രൊവിഷനിങ് ഇക്കാലയളവില്‍ 3,039 കോടിയില്‍ നിന്നും 115.2 കോടിയായി കുത്തനെ താഴ്ന്നു.

ബാങ്ക് ഒഫ് ഇന്ത്യയുടെ അറ്റാദായം അവലോകന കാലയളവില്‍ 52 ശതമാനം വർധനയോടെ 1458 കോടി രൂപയിലെത്തി. പലിശ വരുമാനം 13 ശതമാനം കുറഞ്ഞ് 5,740 കോടി രൂപയിലെത്തി. രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ അറ്റാദായം ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മൂന്ന് മാസത്തില്‍ 327 ശതമാനം ഉയര്‍ന്ന് 1,756 കോടി രൂപയായി. ബാങ്കിന്‍റെ അറ്റപലിശ വരുമാനം ഇരുപത് ശതമാനം കൂടി 9.923 കോടി രൂപയിലെത്തി. മറ്റൊരു പൊതുമേഖലാ ബാങ്കായ യൂണിയന്‍ ബാങ്കിന്‍റെ അറ്റാദായം ഇക്കാലയളവില്‍ 90 ശതമാനം വർധനയോടെ 3,511 കോടി രൂപയിലെത്തി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com