
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ
വാഷിങ്ടൺ: റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്ന ചൈനയെ ഒഴിവാക്കി ഇന്ത്യയ്ക്കു മേൽ അധിക നികുതി ചുമത്തിയതിൽ വിചിത്ര വാദവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ.
ചൈന വാങ്ങുന്ന എണ്ണയുടെ സിംഹഭാഗവും ശുദ്ധീകരിച്ച് ആഗോള വിപണിയിൽ വിറ്റഴിക്കുകയാണ്. ഇതു പ്രധാനമായി യൂറോപ്പിലേക്കാണ് എത്തുന്നത്. ചൈനയ്ക്കേർപ്പെടുത്തുന്ന അധിക നികുതി ആഗോള വിപണിയിൽ എണ്ണ വില വർധനയ്ക്കു കാരണമാകും. ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിലാണു റുബിയോയുടെ വാദം.
റഷ്യയിൽ നിന്ന് പ്രകൃതിവാതകം വാങ്ങുന്ന യൂറോപ്യൻ രാജ്യങ്ങൾ ബദൽ മാർഗങ്ങൾ തേടുകയാണെന്നു പറഞ്ഞ റുബിയോ, ഇന്ത്യ- പാക് അതിർത്തിയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും കൂട്ടിച്ചേർത്തു. ഇവിടെ ഏതു നിമിഷവും സംഘർഷമുണ്ടാകാമെന്നും റുബിയോ.