ഭാവിയിൽ പലിശ നിരക്ക് കുറയുമെന്ന സൂചനകളുമായി റിസർവ് ബാങ്കിന്‍റെ നയ പ്രഖ്യാപനം

പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) അവലോകന യോഗം. റിപ്പോ നിരക്ക് ആറര ശതമാനത്തിൽ നിലനിർത്തിയിരിക്കുകയാണ്
ശക്തികാന്ത ദാസ്, റിസർവ് ബാങ്ക് ഗവർണർ Shaktikanta das, Reserve Bank Governor
ശക്തികാന്ത ദാസ്, റിസർവ് ബാങ്ക് ഗവർണർ
Updated on

മുംബൈ: പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) അവലോകന യോഗം. റിപ്പോ നിരക്ക് ആറര ശതമാനത്തിൽ നിലനിർത്തിയിരിക്കുകയാണ്.

അതേസമയം, പോളിസി നിലപാട് 'ന്യൂട്രൽ' ആക്കുകയാണെന്ന പ്രഖ്യാപനം, ഭാവിയിലെ പലിശ നിരക്ക് ഇളവുകളിലേക്കുള്ള സൂചനയയാണ് വിലയിരുത്തപ്പെടുന്നത്.

ആറംഗ മോണിറ്ററി പോളിസി കമ്മിറ്റിയുടെ (MPC) മൂന്നു ദിവസത്തെ അവലോകന യോഗത്തിനു ശേഷമാണ് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വായ്പാ നയം പ്രഖ്യാപിച്ചത്.

തുടരെ പത്താം തവണയും റിപ്പോ നിരക്ക് ആറര ശതമാനത്തിൽ തന്നെ ആർബിഐ നിലനിർത്തുമെന്നാണ് നേരത്തെ തന്നെ കരുതപ്പെട്ടിരുന്നത്. നാണ്യപ്പെരുപ്പം കുറഞ്ഞെങ്കിലും, സമ്പദ് വ്യവസ്ഥയുടെ വളർച്ചയുമായുള്ള സന്തുലനം നിലനിർത്താനാണ് ഇത്തവണ കൂടി റിപ്പോ നിരക്കിൽ കുറവ് വരുത്താതിരുന്നത്.

ധനസ്ഥിതി ഇപ്പോഴത്തെ പ്രവണത തുടരുകയും അപ്രതീക്ഷിത തിരിച്ചടികളൊന്നും ഉണ്ടാവാതിരിക്കുകയും ചെയ്താൽ, ഡിസംബറിലെ അവലോകന യോഗത്തിൽ നിരക്ക് കുറയ്ക്കുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ വായ്പാ പലിശ നിരക്കുകളിൽ കുറവ് വരും.

അതേസമയം, രാജ്യത്തെ ബാങ്കുകളിൽ സ്ഥിര നിക്ഷേപങ്ങൾ (ഫിക്സഡ് ഡെപ്പോസിറ്റ് - FD) കുറയുന്നതിലുള്ള ആശങ്ക ആർബിഐ ഗവർണർ പലവട്ടം വ്യക്തമാക്കിയിട്ടുള്ളതാണ്. അടിസ്ഥാന പലിശ നിരക്ക് കുറയുന്നത് ഫിക്സഡ് ഡെപ്പോസിറ്റുകളുടെ പലിശ കുറയാനും ഇടയാക്കും. ഇത് ഫിക്സഡ് ഡെപ്പോസിറ്റുകളോടുള്ള പ്രിയം വീണ്ടും കുറയാൻ ഇടയാക്കും. ഇതുകൂടി കണക്കിലെടുത്ത് മാത്രമായിരിക്കും പലിശ നിരക്കിന്‍റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com