ഇത്തവണയും പലിശ കുറയില്ല

റിപ്പോ 6.5 ശതമാനമായി തുടരുമെന്നാണ് പ്രമുഖ ധന ഏജന്‍സികള്‍
ഇത്തവണയും പലിശ കുറയില്ല

ബിസിനസ് ലേഖകൻ

കൊച്ചി: നാണയപ്പെരുപ്പ ഭീഷണി പൂര്‍ണമായും ഒഴിയാത്തതിനാല്‍ വ്യാഴാഴ്ച നടക്കുന്ന ധന അവലോകന നയത്തിലും റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്കുകളില്‍ മാറ്റമുണ്ടാകില്ല.

ബാങ്കുകള്‍ അധികമുള്ള പണം റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുന്ന പണത്തിനുള്ള പലിയശയായ റിപ്പോ 6.5 ശതമാനമായി തുടരുമെന്നാണ് പ്രമുഖ ധന ഏജന്‍സികള്‍ പറയുന്നത്. നടപ്പുവര്‍ഷം സെപ്റ്റംബറിന് ശേഷം മാത്രമേ പലിശ നിരക്കുകളില്‍ മാറ്റമുണ്ടാവാന്‍ ഇടയുള്ളൂ. ഇതോടെ ഭവന, വാഹന, വ്യക്തിഗത, കോര്‍പ്പറേറ്റ് വായ്പകളുടെ പലിശ കുറയാനുള്ള സാധ്യതയും മങ്ങുകയാണ്. നിലവില്‍ വാണിജ്യ ബാങ്കുകള്‍ വിവിധ വായ്പകള്‍ക്ക് 9% മുതല്‍ 14% വരെ പലിശയാണ് ഈടാക്കുന്നത്.

സാമ്പത്തിക മേഖലയിലെ മികച്ച ഉണര്‍വ് കണക്കിലെടുക്കുമ്പോള്‍ പലിശ കുറയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ സമയമായില്ലെന്നാണ് റിസര്‍വ് ബാങ്കിന്‍റെ നിലപാട്. പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിലക്കയറ്റം രൂക്ഷമാക്കുന്ന യാതൊരു നടപടികള്‍ക്കും മുതിരേണ്ടയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. അതിനാല്‍ നാണയപ്പെരുപ്പം സുരക്ഷിത നിലയായ നാല് ശതമാനത്തിന് താഴെയെത്തിയാലും പലിശ കുറയ്ക്കാന്‍ സാധ്യത കുറയാനിടയില്ല.

അമെരിക്ക, യൂറോപ്പ്, ജപ്പാന്‍ എന്നിവിടങ്ങളിലെ വിവിധ കേന്ദ്ര ബാങ്കുകള്‍ ജൂണിന് മുന്‍പ് മുഖ്യ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ ആലോചിക്കുകയാണ്. വികസിത രാജ്യങ്ങളിലെ കടുത്ത മാന്ദ്യം രൂക്ഷമായതിനാല്‍ സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വ് പകരാന്‍ പലിശ കുറയ്ക്കാന്‍ അവിടുത്തെ കേന്ദ്ര ബാങ്കുകള്‍ നിര്‍ബന്ധിതരാകുമെന്ന് പ്രമുഖ ധനകാര്യ കണ്‍സള്‍ട്ടന്‍റ് കെ.എ. റിജാസ് പറയുന്നു.

അസംസ്കൃത സാധനങ്ങളുടെ വിലക്കയറ്റവും ലോജിസ്റ്റിക് പ്രതിസന്ധികളും കാരണം നാണയപ്പെരുപ്പം കുതിച്ചുയര്‍ന്നതോടെ 2022 മേയ് മാസത്തിന് ശേഷം റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്കായ റിപ്പോ ആറ് തവണയായി 2.5% ഉയര്‍ന്നതാണ് ബാങ്ക് വായ്പകളെടുത്ത ഉപയോക്താക്കളെ വലയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മാസത്തിന് ശേഷം നിരക്കുകളില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്തിയിട്ടില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com