
353 ധനകാര്യ സ്ഥാപനങ്ങൾക്ക് ആർബിഐ ചുമത്തിയത് 55 കോടി രൂപ പിഴ
ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ പിഴ ചുമത്തിയത് രാജ്യത്തെ 353 ധനകാര്യ സ്ഥാപനങ്ങൾക്ക്. ആർബിഐയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾക്ക് ആകെ 54.78 കോടി രൂപയാണ് പിഴ ചുമത്തിയത്. റിസർവ് ബാങ്ക് പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിലാണ് പിഴ കണക്കുകൾ വ്യക്തമാക്കിയിരിക്കുന്നത്.
സൈബർ സുരക്ഷ, കെവൈസി, ക്രെഡിറ്റ് ഇൻഫർമേഷൻ റിപ്പോർട്ടിങ് തുടങ്ങിയുള്ള കാര്യങ്ങളിൽ ആർബിഐയുടെ മാർഗനിർദേശങ്ങൾ പാലിക്കാത്തതാണ് ആർബിഐ പിഴ ചുമത്താനുള്ള കാരണം. ബാങ്കുകൾ, ഇതര ധനകാര്യ കമ്പനികൾ, ആസ്തി പുനർനിർമാണ കമ്പനികൾ ഭവന ധനകാര്യ കമ്പനികൾ, സഹകരണ ബാങ്കുകൾ എന്നിവയ്‌ക്കെതിരേ റിസർവ് ബാങ്ക് നടപടി സ്വീകരിച്ചിട്ടുണ്ട്.
കണക്കുകൾ പ്രകാരം റിസർവ് ബാങ്ക് ഏറ്റവും കൂടുതൽ പിഴ ചുമത്തിയിരിക്കുന്നത് സഹകരണ ബാങ്കുകൾക്കാണ്. 264 സഹകരണ ബാങ്കുകൾക്കെതിരേയാണ് കഴിഞ്ഞ വർഷം ആർബിഐ പിഴ ചുമത്തിയത്. 15.63 കോടി രൂപയാണ് സഹകരണ ബാങ്കുകൾ പിഴയിനത്തിൽ കെട്ടിവെച്ചിട്ടുള്ളത്.
37 എൻബിഎഫ്‌സികൾക്കും എആർസികൾക്കുമെതിരെയാണ് സെൻട്രൽ ബാങ്ക് നടപടി സ്വീകരിച്ചിട്ടുള്ളത്. 7.29 കോടി രൂപയാണ് ഈ സ്ഥാപനങ്ങൾ പിഴ നൽകിയത്. 13 ഭവന ധനകാര്യ കമ്പനികൾ 83 ലക്ഷം രൂപ പിഴ നൽകേണ്ടി വന്നിട്ടുണ്ട്.
ഇതൊന്നും കൂടാതെ വാണിജ്യ ബാങ്കുകളിൽ എട്ട് പൊതുമേഖലാ ബാങ്കുകൾക്ക് ആർബിഐ പിഴ ചുമത്തിയിട്ടുണ്ട്. 11.11 കോടി രൂപയാണ് പൊതുമേഖല ബാങ്കുകൾ നൽകിയത്. കൂടാതെ 15 സ്വകാര്യ ബാങ്കുകൾക്ക് 14.8 കോടി രൂപ പിഴയും ആർബിഐ ചുമത്തിയിട്ടുണ്ട്. ആറ് വിദേശ ബാങ്കുകൾക്കും ഈ സാമ്പത്തിക വർഷത്തിൽ റിസർവ് ബാങ്ക് പിഴ ചുമത്തിയതായി ആർബിഐയുടെ കണക്കുകൾ വ്യക്തമാക്കുന്നു.