
മുംബൈ: റിസർവ് ബാങ്കിന്‍റെ മൂന്നു ദിവസത്തെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗം പൂർത്തിയായി. രാജ്യത്തെ നാണ്യപ്പെരുപ്പം നിയന്ത്രണവിധേയമാകുന്ന സാഹചര്യത്തിൽ അടിസ്ഥാന പലിശ നിരക്കുകളിൽ മാറ്റം വരുത്തേണ്ടെന്നാണു തീരുമാനമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു.
ഏപ്രിലിൽ നടത്തിയ അവലോകനത്തിൽ അടിസ്ഥാന നിരക്കായ റിപ്പോ റേറ്റ് ക്രമാനുഗതമായി വർധിപ്പിച്ചുകൊണ്ടിരുന്ന നടപടി മരവിപ്പിക്കാനും, 6.5 ശതമാനത്തിൽ നിലനിർത്താനും തീരുമാനിച്ചിരുന്നു. ഇതേ നിരക്കിൽ തുടരാനാണ് ഇപ്പോഴത്തെ യോഗത്തിലും തീരുമാനിച്ചിരിക്കുന്നത്.
കൺസ്യൂമർ പ്രൈസ് ഇൻഡക്സ് (സിപിഐ) ഏപ്രിലിൽ 18 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 4.8 ശതമാനത്തിലെത്തിയിരുന്നു. മേയിലെ നിരക്ക് ഇതിലും കുറവായിരിക്കുമെന്നാണ് കണക്കാക്കുന്നത്. ഇത് ജൂൺ 12ന് പ്രഖ്യാപിക്കും.
റിപ്പോ നിരക്ക്
ബാങ്കുകൾക്ക് റിസർവ് ബാങ്കിൽ നിന്ന് വായ്പയെടുക്കുന്നതിനുള്ള പലിശ എന്ന് റിപ്പോ നിരക്കിനെ ലളിതമായി വിശേഷിപ്പിക്കാം. ഇത് കുറച്ചാൽ ബാങ്കുകൾ റിസർവ് ബാങ്കിനു നൽകേണ്ടുന്ന പലിശയിൽ കുറവ് വരും. ഈ കുറവ് ഇടപാടുകാർക്കു നൽകുന്ന വായ്പയുടെ പലിശയിൽ പ്രതിഫലിക്കുകയും വായ്പാ പലിശ നിരക്കുകൾ കുറയുകയും ചെയ്യും. അതുപോലെ തന്നെ റിപ്പോ നിരക്ക് കൂടിയാലും അത് ഇടപാടുകാർ ബാങ്കിനു നൽകേണ്ടുന്ന പലിശയിൽ ആനുപാതികമായ വർധനവിനു കാരണമാകും.