പലിശ നിരക്കിൽ മാറ്റമില്ല

നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ 7.2 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.
RBI keeps repo rate unchanged at 6.5%
പലിശ നിരക്കിൽ മാറ്റമില്ലImage by starline on Freepik

ബിസിനസ് ലേഖകൻ

കൊച്ചി: പ്രതീക്ഷിച്ചതു പോലെ പൊതുതെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ ധന അവലോകന നയത്തിലും മുഖ്യ പലിശ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്തിയില്ല. രാജ്യം മികച്ച സാമ്പത്തിക വളര്‍ച്ച നേടുന്ന സാഹചര്യവും നാണയപ്പെരുപ്പ ഭീഷണിയും കണക്കിലെടുത്താണ് തുടര്‍ച്ചയായ എട്ടാം തവണയും പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് ധന നയം പ്രഖ്യാപിക്കുന്നത്. ഇതോടെ റിസര്‍വ് ബാങ്കില്‍ നിന്നും വാണിജ്യ ബാങ്കുകള്‍ വാങ്ങുന്ന വായ്പകളുടെ പലിശയായ റിപ്പോ 6.5 ശതമാനത്തില്‍ തുടരും.

ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം ഇപ്പോഴും കടുത്ത ഭീഷണിയായി തുടരുകയാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ് പറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ 7.2 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. നേരത്തെ വളര്‍ച്ചാ നിരക്ക് ഏഴ് ശതമാനമാകുമെന്നാണ് പ്രവചിച്ചിരുന്നത്. നാണയപ്പെരുപ്പ കണക്കുകളില്‍ വലിയ വ്യത്യാസം ഉണ്ടാകില്ലെന്നാണ് കേന്ദ്ര ബാങ്കിന്‍റെ പ്രതീക്ഷ. റിസര്‍വ് ബാങ്ക് അവലോകന യോഗത്തില്‍ രണ്ട് എംപിസി അംഗങ്ങള്‍ പലിശ കുറയ്ക്കണമെന്ന നിലപാട് സ്വീകരിച്ചെങ്കിലും നാല് പേര്‍ മാറ്റം വരുത്തേണ്ടയെന്ന് വാദിച്ചു.

അവശ്യ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായതോടെ നാണയപ്പെരുപ്പം നേരിടുന്നതിനാണ് റിസര്‍വ് ബാങ്ക് കഴിഞ്ഞ വര്‍ഷം മേയ് മാസത്തിനു ശേഷം തുടര്‍ച്ചയായി മുഖ്യ പലിശ നിരക്കായ റിപ്പോ ആറു തവണയായി 2.5 ശതമാനം വർധിപ്പിച്ച് 6.5 ശതമാനമാക്കിയത്. ഇതോടെ ഒന്നര വര്‍ഷത്തിനിടെ ഭവന, വാഹന, വ്യക്തിഗത, കോര്‍പ്പറേറ്റ്, വിദ്യാഭ്യാസ വായ്പകളുടെ പലിശ നിരക്കില്‍ മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെ വർധനയാണുണ്ടായത്. കഴിഞ്ഞ ദിവസം യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് മുഖ്യ പലിശ നിരക്ക് കാല്‍ ശതമാനം കുറച്ചിരുന്നു. ഇതിന് പിന്നാലെ അമെരിക്കന്‍ ഫെഡറല്‍ റിസര്‍വും പലിശ കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്ക് വേറിട്ട നിലപാട് സ്വീകരിക്കുന്നതിനാണ് സാധ്യത.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com