പലിശ നിരക്ക്: റിസർവ് ബാങ്ക് കടുത്ത തീരുമാനത്തിലേക്ക്?

തെരഞ്ഞെടുപ്പിന് മുന്നോടിയായി പല കാര്‍ഷിക ഉത്പന്നങ്ങളുടെയും കയറ്റുമതി നിയന്ത്രണങ്ങള്‍ നീക്കിയത് വിലക്കയറ്റത്തിനു കാരണമായി, പരിഹാരമായി പലിശ കൂട്ടിയേക്കും.
RBI likely to hike interest rates again
RBI likely to hike interest rates again

ബിസിനസ് ലേഖകൻ

കൊച്ചി: തുടർച്ചയായി ഉയർത്തുകയും പിന്നീട് സ്ഥിരമായി നിർത്തുകയും ചെയ്ത പലിശ നിരക്ക് കുറയ്ക്കാനുള്ള ആലോചനയിൽ നിന്ന് റിസർവ് ബാങ്ക് പിന്നോട്ടു പോകുന്നു. ഭക്ഷ്യ ഉത്പന്നങ്ങളുടെയും ഇന്ധനങ്ങളുടെയും വിലക്കയറ്റ ഭീഷണി വീണ്ടും ശക്തമായതോടെ പലിശ നിരക്ക് വീണ്ടും ഉയര്‍ത്താന്‍ ആർബിഐ നിര്‍ബന്ധിതമായേക്കും.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ പലതും ഉഷ്ണ തരംഗത്തില്‍ വലയുന്നതിനാല്‍ പ്രധാന കാര്‍ഷിക മേഖലകളില്‍ കനത്ത ഉത്പാദന തകര്‍ച്ചയാണ് ദൃശ്യമാകുന്നത്. ഇതോടെ പച്ചക്കറികള്‍, ധാന്യങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍ എന്നിവയുടെ വില കുത്തനെ കൂടുകയാണെന്ന് വിപണി വൃത്തങ്ങള്‍ പറയുന്നു. പച്ചക്കറി വില അപകടകരമായ രീതിയില്‍ മുകളിലേക്ക് നീങ്ങുകയാണ്. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പല കാര്‍ഷിക ഉത്പന്നങ്ങളുടെയും കയറ്റുമതി നിയന്ത്രണങ്ങള്‍ ഭാഗികമായി ഒഴിവാക്കിയതും ആഭ്യന്തര വിപണിയില്‍ വില കൂടാന്‍ ഇടയാക്കി.

വിലക്കയറ്റം പിടിച്ചുനിർത്തുന്നതിന്‍റെ ഭാഗമായി വിപണിയിലെ പണലഭ്യത കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്ക് വീണ്ടും ഉയര്‍ത്താന്‍ നിര്‍ബന്ധിതരാകുമെന്ന് അനലിസ്റ്റുകള്‍ പറയുന്നു. രണ്ട് വര്‍ഷം മുന്‍പ് വിലക്കയറ്റം അതിരൂക്ഷമായതോടെയാണ് റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്ക് തുടര്‍ച്ചയായി വർധിപ്പിക്കാന്‍ തുടങ്ങിയത്. ഇക്കാലയളവില്‍ റിസര്‍വ് ബാങ്കില്‍ നിന്നും വാണിജ്യ ബാങ്കുകള്‍ വാങ്ങുന്ന വായ്പകളുടെ പലിശയായ റിപ്പോ നിരക്ക് 2.5 ശതമാനം വർധിപ്പിച്ച് 6.5 ശതമാനമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മാസത്തിന് ശേഷം പലിശ നിരക്കില്‍ ഇതുവരെ മാറ്റം വരുത്തിയിട്ടില്ല.

രാജ്യത്തെ പ്രധാന കാര്‍ഷിക മേഖലകളില്‍ മഴ ലഭ്യത ഗണ്യമായി കുറഞ്ഞതും ഉഷ്ണക്കാറ്റും നടപ്പു സീസണില്‍ വിവിധ കാര്‍ഷിക ഉത്പന്നങ്ങളുടെ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് പുതിയ വെല്ലുവിളി സൃഷ്ടിക്കുന്നത്. വിളവെടുപ്പ് സീസണ്‍ ആരംഭിച്ചിട്ടും ഭക്ഷ്യ ഉത്പന്നങ്ങളുടെ വില ഉയര്‍ന്ന തലത്തില്‍ തുടരുന്നതാണ് സര്‍ക്കാരിനെയും റിസര്‍വ് ബാങ്കിനെയും മുള്‍മുനയിലാക്കുന്നത്.

ഉള്ളി ഉള്‍പ്പെടെയുള്ളവയുടെ കയറ്റുമതിക്ക് ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായതോടെ വില വീണ്ടും മുകളിലേക്ക് നീങ്ങുമെന്ന ആശങ്ക ശക്തമാണ്. പെട്രോള്‍ മിശ്രിതമാക്കാന്‍ വലിയ തോതില്‍ എത്തനോള്‍ ഉപയോഗിക്കുന്നതിനാല്‍ പഞ്ചസാര വിലയും കൂടുകയാണ്. കഴിഞ്ഞ മാസം മൊത്ത വിലയും ഉപഭോക്തൃ വിലയും അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം റിസര്‍വ് ബാങ്കിന്‍റെ ലക്ഷ്യമായ നാല് ശതമാനത്തിനും മുകളിലായതിനാല്‍ ധന നിയന്ത്രണ നടപടികളില്‍ മാറ്റം വരുത്തുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com