ആർബിഐ സ്വർണ ശേഖരം കൂട്ടുന്നു

മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് റിസര്‍വ് ബാങ്കിന്‍റെ കൈവശമുള്ള സ്വര്‍ണ ശേഖരം 879.58 ടണ്ണായി ഉയര്‍ന്നു
RBI raises gold reserve

റിസര്‍വ് ബാങ്കിന്‍റെ കൈവശമുള്ള സ്വര്‍ണ ശേഖരം 879.58 ടണ്ണായി ഉയര്‍ന്നു

freepik - symbolic image

Updated on

ബിസിനസ് ലേഖകൻ

കൊച്ചി: അമെരിക്കന്‍ ഡോളറിന്‍റെ ചാഞ്ചാട്ടം ശക്തമായതോടെ വിദേശ നാണയ ശേഖരത്തില്‍ റിസര്‍വ് ബാങ്ക് സ്വര്‍ണത്തിന്‍റെ അളവ് കൂട്ടുന്നു. നടപ്പുവര്‍ഷം മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് റിസര്‍വ് ബാങ്കിന്‍റെ കൈവശമുള്ള സ്വര്‍ണ ശേഖരം 879.58 ടണ്ണായി ഉയര്‍ന്നു.

ഇന്ത്യയുടെ മൊത്തം വിദേശ നാണയ ശേഖരത്തിലെ സ്വര്‍ണത്തിന്‍റെ അളവ് 12 ശതമാനമായി ഉയര്‍ന്നു. മുന്‍വര്‍ഷം മൊത്തം ശേഖരത്തിന്‍റെ 8.3 ശതമാനമായിരുന്നു സ്വര്‍ണം. ഇതോടൊപ്പം വിദേശത്ത് സൂക്ഷിക്കുന്ന സ്വര്‍ണം പൂര്‍ണമായും നാട്ടിലെത്തിക്കാനും ഇന്ത്യ ശ്രമം ശക്തമാക്കുകയാണ്. ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങള്‍ കണക്കിലെടുത്താണ് റിസര്‍വ് ബാങ്ക് സ്വര്‍ണം വാങ്ങിക്കൂട്ടുന്നത്.

ഇതോടൊപ്പം ഇന്ത്യയിലെ ചെറുകിട ഉപയോക്താക്കളും സ്വര്‍ണ ഉപയോഗം ഗണ്യമായി വർധിപ്പിക്കുകയാണ്. ഇന്ത്യന്‍ കുടുംബങ്ങളുടെ കൈവശമുള്ള സ്വര്‍ണ ശേഖരം 25,000 ടണ്‍ കവിയുമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ വിലയിരുത്തുന്നു.

രാജ്യാന്തര വിപണിയിലെ വില അടിസ്ഥാനമാക്കിയാല്‍ ഇത്രയും സ്വര്‍ണത്തിന്‍റെ മൂല്യം 210 ലക്ഷം കോടി രൂപയില്‍ (2.4 ലക്ഷം കോടി ഡോളര്‍) അധികമാണ്. നടപ്പുവര്‍ഷത്തില്‍ ഇന്ത്യ ലക്ഷ്യമിടുന്ന മൊത്തം ആഭ്യന്തര ഉത്പാദനത്തിന്‍റെ (ജിഡിപി) 56 ശതമാനമാണിത്. ഇറ്റലി, ക്യാനഡ തുടങ്ങിയ വികസിത രാജ്യങ്ങളുടെ ജിഡിപിയേക്കാള്‍ ഉയര്‍ന്ന മൂല്യമാണ് ഇന്ത്യന്‍ കുടുംബങ്ങളുടെ കൈവശമുള്ള സ്വര്‍ണത്തിനുള്ളത്.

ഇറ്റലിയുടെ ജിഡിപി 2.4 ലക്ഷം കോടി ഡോളറും ക്യാനഡയുടെ ജിഡിപി 2.33 ലക്ഷം കോടി ഡോളറുമാണ്. പാക്കിസ്ഥാന്‍റെ ജിഡിപിയുടെ ആറിരട്ടിയാണ് ഇന്ത്യന്‍ കുടുംബങ്ങളുടെ കൈവശമുള്ള സ്വര്‍ണത്തിന്‍റെ മൂല്യം.

2000-11 സാമ്പത്തിക വര്‍ഷം മുതല്‍ വിലയില്‍ വന്‍കുതിപ്പുണ്ടായതോടെയാണ് ഇന്ത്യന്‍ കുടുംബങ്ങളുടെ സ്വര്‍ണ ആസ്തി തുടര്‍ച്ചയായി ഉയരുന്നത്. വിലയില്‍ വന്‍ കുതിപ്പുണ്ടായിട്ടും കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ ഉപയോക്താക്കള്‍ 782 ടണ്‍ സ്വര്‍ണമാണ് വാങ്ങിക്കൂട്ടിയതെന്ന് വേള്‍ഡ് ഗോള്‍ഡ് അസോസിയേഷന്‍ വ്യക്തമാക്കുന്നു. കൊവിഡ് വ്യാപന സമയത്തേക്കാള്‍ 15 ശതമാനം വർധനയാണ് കഴിഞ്ഞ വര്‍ഷമുണ്ടായത്.

ആഗോള മേഖലയിലെ രാഷ്‌ട്രീയ, സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 3,500 ഡോളര്‍ വരെ ഉയരാന്‍ കാരണമാകുമെന്ന് പ്രമുഖ ധനകാര്യ ഏജന്‍സിയായ യുബിഎസ് പ്രവചിക്കുന്നു. ഇതോടെ കേരളത്തില്‍ പവന്‍ വില 75,000 രൂപയിലേക്ക് ഉയരും. ഇന്നലെ സംസ്ഥാനത്ത് പവന്‍ വില 200 രൂപ വർധിച്ച് 73,880 രൂപയിലെത്തി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com