ഇന്ത്യൻ ബാങ്കുകളിലെ വിദേശ പങ്കാളിത്തം വർധിക്കും

ആഗോള തലത്തിലെ വലിയ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യന്‍ ബാങ്കുകളില്‍ ഭൂരിപക്ഷ ഓഹരികള്‍ കൈവശം വയ്ക്കുന്നതിന് അനുവാദം നല്‍കാനാണ് ആലോചന
RBI to allow more foreign investments in Indian banks

ഇന്ത്യൻ ബാങ്കുകളിലെ വിദേശ പങ്കാളിത്തം വർധിക്കും

Representative image
Updated on

ബിസിനസ് ലേഖകൻ

കൊച്ചി: ഇന്ത്യയിലെ ബാങ്കുകള്‍ ഏറ്റെടുക്കാന്‍ വിദേശ ഗ്രൂപ്പുകള്‍ സജീവമായി രംഗത്തെത്തിയതോടെ ബാങ്കുകളുടെ ഉടമസ്ഥാവകാശ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ റിസര്‍വ് ബാങ്ക് ആലോചിക്കുന്നു. അതിവേഗം വളരുന്ന ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് ആവശ്യമായ മൂലധനം ഉറപ്പാക്കാനും വിദേശ നിക്ഷേപ ഒഴുക്ക് വർധിപ്പിക്കാനും ലക്ഷ്യമിട്ട് വിദേശ ഗ്രൂപ്പുകളുടെ ഇന്ത്യന്‍ ബാങ്കുകളിലെ ഓഹരി പങ്കാളിത്തം ഗണ്യമായി ഉയര്‍ത്തുന്നത്. ഇതോടെ ഇന്ത്യന്‍ ബാങ്കുകളെ ഏറ്റെടുക്കാനും ലയിപ്പിക്കാനും വിദേശ സ്ഥാപനങ്ങള്‍ക്ക് കഴിയും.

രാജ്യത്തെ മുന്‍നിര പുതുതലമുറ ബാങ്കായ യെസ് ബാങ്കില്‍ ജപ്പാനിലെ സുമിറ്റോമോ മിറ്റ്സുയി ബാങ്കിങ് കോര്‍പ്പറേഷന് 20% ഓഹരി പങ്കാളിത്തം നേടാവുന്ന തരത്തില്‍ നിയമങ്ങളില്‍ റിസര്‍വ് ബാങ്ക് ഇളവ് വരുത്തിയിരുന്നു. ഇതോടൊപ്പം ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന് നിലവില്‍ ഭൂരിപക്ഷ ഓഹരി പങ്കാളിത്തമുള്ള ഐഡിബിഐ ബാങ്കിനെ ഏറ്റെടുക്കാന്‍ രണ്ട് പ്രമുഖ വിദേശ ധനകാര്യ ഫണ്ടുകള്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു.

അതേസമയം, വിദേശ ഓഹരി പങ്കാളിത്തത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന ഇന്ത്യയിലെ നിയമങ്ങളാണ് നിക്ഷേപം ആകര്‍ഷിക്കുന്നതിന് വലിയ തടസമാകുന്നത്. സാമ്പത്തിക മേഖലയിലുണ്ടാകുന്ന കുതിച്ചുചാട്ടം കണക്കിലെടുത്ത് ബാങ്കുകളുടെ ഉടമസ്ഥത നിയന്ത്രണങ്ങളും ലൈസന്‍സിങ് നയങ്ങളും പുനഃപരിശോധിക്കാന്‍ ആലോചിക്കുകയാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ആഗോള തലത്തിലെ വലിയ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യന്‍ ബാങ്കുകളില്‍ ഭൂരിപക്ഷ ഓഹരികള്‍ കൈവശം വയ്ക്കുന്നതിന് അനുവാദം നല്‍കാനാണ് ആലോചനയെന്ന് റിസര്‍വ് ബാങ്കിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

ഓരോ ഇടപാടുകളും പ്രത്യേക കേസായി പരിഗണിച്ചാകും ഇക്കാര്യം തീരുമാനിക്കുക. പുതിയ വിപണി സാഹചര്യത്തില്‍ വായ്പാ വിതരണത്തിലും നിക്ഷേപ സമാഹരണത്തിലും മികച്ച വളര്‍ച്ച നേടുന്നതിന് ബാങ്കുകള്‍ക്ക് ഉയര്‍ന്ന മൂലധന അടിത്തറയും മെച്ചപ്പെട്ട സാങ്കേതികവിദ്യയും അനിവാര്യമാണ്. രാജ്യത്തെ ചെറുകിട ബാങ്കുകള്‍ പലതും മൂലധന പ്രതിസന്ധി മൂലം തിരിച്ചടി നേരിടുകയാണ്.

റിസര്‍വ് ബാങ്ക് വിദേശ ഓഹരി പങ്കാളിത്ത നിയമങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ കേരളത്തിലെ പ്രമുഖ സ്വകാര്യ ബാങ്കുകളായ ഫെഡറല്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, സിഎസ്ബി ബാങ്ക് എന്നിവയ്ക്ക് വിപുലമായ സാധ്യതകള്‍ തുറന്നിടുമെന്ന് ബാങ്കിങ് രംഗത്തുള്ളവര്‍ പറയുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com