റിസർവ് ബാങ്ക് കേന്ദ്ര സർക്കാരിന് രണ്ടു ലക്ഷം കോടി രൂപ നൽകും

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ലാഭം 34 ശതമാനം 1.4 ലക്ഷം കോടി രൂപ കവിഞ്ഞിരുന്നു
RBI to give Rs 2 lakh crore tp Centre
റിസർവ് ബാങ്ക് കേന്ദ്ര സർക്കാരിന് രണ്ടു ലക്ഷം കോടി രൂപ നൽകുംRepresentative image

ബിസിനസ് ലേഖകൻ

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ റിസര്‍വ് ബാങ്കിന്‍റെ കൈവശമുള്ള അധിക പണത്തില്‍ നിന്ന് 2.11 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാരിലേക്ക് നല്‍കാന്‍ അനുമതിയായി.

2024-25 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ഇടക്കാല ബജറ്റില്‍ റിസര്‍വ് ബാങ്ക്, പൊതുമേഖല ബാങ്കുകള്‍, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നായി ലാഭവിഹിതമായി 1.02 ലക്ഷം കോടി രൂപ ലഭിക്കുമെന്നാണ് ധനമന്ത്രി പറഞ്ഞിരുന്നത്. മുന്‍വര്‍ഷം 86,416 കോടി രൂപയാണ് അധിക പണമായി സര്‍ക്കാരിന് നല്‍കിയത്. കണ്ടിജന്‍സി റിസ്ക് കരുതലായി സൂക്ഷിക്കേണ്ട തുകയുടെ ശതമാനം ആറ് ശതമാനത്തില്‍ നിന്നും ആറര ശതമാനമായി ഉയര്‍ത്താനും ബോര്‍ഡ് അംഗീകാരം നല്‍കി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ലാഭം 34 ശതമാനം 1.4 ലക്ഷം കോടി രൂപ കവിഞ്ഞിരുന്നു. ഇതോടെ ബാങ്കുകളില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ലാഭവിഹിതമായി ലഭിക്കുന്ന തുകയില്‍ 30 ശതമാനം വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നടപ്പുവര്‍ഷം പൊതുമേഖല ബാങ്കുകളില്‍ നിന്നുള്ള ലാഭവിഹിതം മുന്‍വര്‍ഷത്തെ 13,800 കോടി രൂപയില്‍ നിന്നും 18,000 കോടി രൂപയാകുമെന്നാണ് വിലയിരുത്തല്‍.

സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, ബാങ്ക് ഒഫ് ബറോഡ, കനറാ ബാങ്ക്, ബാങ്ക് ഒഫ് ഇന്ത്യ എന്നിവയെല്ലാം ഇത്തവണ റെക്കോഡ് ലാഭവിഹിതമാണ് ഓഹരി ഉടമകള്‍ക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.

ഇതിന്‍റെ ഏറ്റവും കൂടുതല്‍ നേട്ടം ലഭിക്കുന്നത് പ്രധാന ഓഹരി ഉടമയായ കേന്ദ്ര സര്‍ക്കാരിനാണ്. എസ്ബിഐ മാത്രം ഓഹരി ഒന്നിന് 13 രൂപയുടെ ലാഭവിഹിതമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പ്രമുഖ ബാങ്കുകളില്‍ ബാങ്ക് ഒഫ് ഇന്ത്യ, ബാങ്ക് ഒഫ് മഹാരാഷ്‌ട്ര, ഇന്ത്യന്‍ ബാങ്ക് എന്നിവ 50 ശതമാനത്തിലധികം അറ്റാദായം കൈവരിച്ചു. പഞ്ചാബ് ആന്‍ഡ് സിന്‍ഡ് ബാങ്ക് ഒഴികെയുള്ള 11 ബാങ്കുകളുടെയും ലാഭത്തില്‍ വന്‍ വർധനയുണ്ടായി.

Trending

No stories found.

Latest News

No stories found.