ലോകകപ്പ് ഫൈനൽ തലേന്ന് വിമാനയാത്രികരുടെ എണ്ണത്തിൽ റെക്കോഡ്

ഉത്സവ സീസണിലെ കുറവ് നികത്തിയ വരുമാനം
An airplane flying above a stadium.
An airplane flying above a stadium.Representative image
Updated on

കൊച്ചി: ലോകകപ്പ് ഫൈനലിന്‍റെ തലേദിവസമായ ശനിയാഴ്ച ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് കുതിപ്പ്. 4.6 ലക്ഷം പേരാണ് അന്നേ ദിനം യാത്ര ചെയ്തതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

വിമാന കമ്പനികള്‍ നിരക്ക് ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഉത്സവ സീസണില്‍ പ്രതീക്ഷിച്ചത്ര യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ കുറവ് നികത്തി റെക്കോഡ് നേട്ടത്തിലാണ് ശനിയാഴ്ച ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണമെത്തിയത്. മുംബൈ വിമാനത്താവളത്തില്‍ മാത്രം ഒറ്റ ദിവസം കൊണ്ട് സഞ്ചരിച്ചത് 1.61 ലക്ഷം യാത്രക്കാരാണ്. ഉത്സവ സീസണ്‍ കഴിഞ്ഞതോടെ റിട്ടേണ്‍ ട്രാഫിക് കൂടിയതും ലോകകപ്പ് ക്രിക്കറ്റ് കണാന്‍ ആളുകളെത്തിയതുമാണ് ശനിയാഴ്ച ആഭ്യന്തര വിമാന യാത്രക്കാര്‍ വര്‍ധിക്കാന്‍ കാരണമായതെന്ന് വിദഗ്ധര്‍ പറയുന്നു.

ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ ഒക്റ്റോബറില്‍ 11 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് നേടിയത്. 2023 ഒക്റ്റോബറില്‍ 1.26 കോടി യാത്രക്കാരാണ് വിമാനത്തില്‍ പറന്നത്. 2022 ഒക്റ്റോബറില്‍ 1.14 കോടി ആളുകളാണ് വിമാനയാത്ര നടത്തിയത്. 2023 സെപ്റ്റംബറില്‍ 1.22 കോടി യാത്രക്കാരും വിമാനത്തില്‍ പറന്നു.

79.07 ലക്ഷം പാസഞ്ചേഴ്സുമായി പറന്ന ഇന്‍ഡിഗോയാണ് ഒന്നാം സ്ഥാനത്തുള്ളത്. ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിന്‍റെ കാര്യത്തില്‍ ഒക്റ്റോബറില്‍ ഇവരുടെ വിപണി വിഹിതം 62.6 ശതമാനമാണ്. എന്നാല്‍ ഇന്‍ഡിഗോയുടെ സെപ്റ്റംബറിലെ വിപണി വിഹിതം 63.4 ശതമാനമായിരുന്നു. ഒക്റ്റോബറില്‍ എയര്‍ ഇന്ത്യയുടെ ആഭ്യന്തര വിപണി വിഹിതം സെപ്റ്റംബറിലെ 9.8 ശതമാനത്തില്‍ നിന്ന് 10.5 ശതമാനമായി ഉയര്‍ന്നപ്പോള്‍ വിസ്താര, എയര്‍ ഏഷ്യ ഇന്ത്യ എന്നിവ ഒക്റ്റോബറില്‍ യഥാക്രമം 9.7%, 6.6% ആയി കുറഞ്ഞു. സ്പൈസ് ജെറ്റിന്‍റെ വിപണി വിഹിതം സെപ്റ്റംബറിലെ 4.4 ശതമാനത്തില്‍ നിന്ന് ഒക്റ്റോബറില്‍ 5 ശതമാനമായി വളര്‍ന്നപ്പോള്‍ ആകാശ എയറിന്‍റേത് 4.2 ശതമാനത്തില്‍ തന്നെ മാറ്റമില്ലാതെ തുടര്‍ന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com