Reliance eyes monopoly in Indian soft drinks, cola market

എഴുപതുകളിലെ ഇന്ത്യൻ യുവത്വത്തിന്‍റെ നൊസ്റ്റാൾജിയ ആയിരുന്നു കാംപ കോള

കോള വിപണി കൈയടക്കാൻ റിലയൻസ്

എഴുപതുകളിലെ ഇന്ത്യൻ യുവത്വത്തിന്‍റെ നൊസ്റ്റാൾജിയ ആയിരുന്ന കാംപ കോള റിലയൻസ് ഏറ്റെടുത്ത് റീലോഞ്ച് ചെയ്ത്, 10 രൂപയ്ക്ക് വിൽക്കാൻ തുടങ്ങിയതോടെ കൊക്ക കോള അടക്കമുള്ള വമ്പൻമാരും വില കുറയ്ക്കാൻ നിർബന്ധിതരായി

ഇന്ത്യയില്‍ ഇന്ന് സോഫ്റ്റ് ഡ്രിങ്ക്‌സ് വിപണിയില്‍ ലഭിക്കാത്ത അന്താരാഷ്‌ട്ര ബ്രാന്‍ഡുകള്‍ കുറവാണെന്നു പറയാം. എന്നാല്‍, 1990കളുടെ മധ്യത്തില്‍ ഇതായിരുന്നില്ല അവസ്ഥ. കോക്കും പെപ്‌സിയുമൊന്നും ലഭിക്കില്ലായിരുന്നു. ഒരു സോഫ്റ്റ് ഡ്രിങ്ക് കുടിക്കണമെന്നു തോന്നിയാൽ കിട്ടുന്നത് കാംപ കോള മാത്രമായിരുന്നു.

ഇന്ത്യന്‍ ബിസിനസുകളിലെ വിദേശ കമ്പനികളുടെ ഓഹരി പങ്കാളിത്തം കുറയ്ക്കുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ ഫെറ (ഫോറിന്‍ എക്‌സ്‌ചേഞ്ച് റെഗുലേഷന്‍ ആക്റ്റ്) നടപ്പാക്കിയതോടെ 1977ല്‍ കൊക്ക കോള ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കാംപ കോളയ്ക്ക് വലിയ സ്വീകാര്യത കൈവന്നു.

1970കളിലാണ് കാംപ കോള ആദ്യമായി വിപണിയിലെത്തുന്നത്. കൊക്ക കോളയുടെ പിന്മാറ്റത്തോടെ കാംപ കോള ദേശീയതലത്തില്‍ യുവാക്കളുടെ ഫേവറേറ്റായി മാറുകയും ചെയ്തു. പക്ഷേ, കാംപ കോളയ്ക്ക് ലഭിച്ച സ്വീകാര്യത ഏറെക്കാലം നീണ്ടില്ല. മൂലധനത്തിന്‍റെ കുറവും, സ്ഥിരത പുലര്‍ത്താന്‍ സാധിക്കാതിരുന്നതും കാംപ കോളയ്ക്ക് തിരിച്ചടിയായി. മാത്രമല്ല, 1990കളില്‍ ഉദാരീകരണത്തോടെ ആഗോള ബ്രാന്‍ഡുകള്‍ ഇന്ത്യന്‍ വിപണിയിൽ തിരിച്ചെത്തുകയും ചെയ്തു.

പഴയ കോള പുതിയ കുപ്പിയിൽ

വിപണി എങ്ങനെ പിടിച്ചെടുക്കണമെന്ന് മുകേഷ് അംബാനിക്ക് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. ഇന്ത്യയുടെ ടെലികോം വിപണിയില്‍ ആദ്യം 500 രൂപയുടെ ഫോണും പിന്നീട് ജിയോ ബ്രാൻഡും വഴി വിപ്ലവം സൃഷ്ടിച്ച കമ്പനിയാണ് റിലയൻസ്. ഇതേ റിലയൻസാണ് 2022ല്‍ കാംപ കോളയെ ഏറ്റെടുത്തത്. പ്യുവര്‍ ഡ്രിങ്ക്‌സ് ഗ്രൂപ്പില്‍ നിന്ന് 'വെറും' 22 കോടി രൂപയ്ക്കായിരുന്നു ഏറ്റെടുക്കൽ.

ഇന്ത്യയില്‍ 2030ഓടെ സോഫ്റ്റ് ഡ്രിങ്ക്‌സ് വിപണി 1.47 ലക്ഷം കോടി രൂപയുടേതായി മാറുമെന്നാണ് കണക്കാക്കുന്നത്. ഇത് മനസില്‍ കണ്ടുകൊണ്ടാണ് കാംപ കോളയെ മുകേഷ് അംബാനി ഏറ്റെടുത്തതും.

10 രൂപയുടെ പണി

2023 മാര്‍ച്ചിലാണ് കാംപ കോള റീലോഞ്ച് ചെയ്യുന്നത്. ''നയേ ഇന്ത്യ കാ അപ്‌നാ ഠണ്ടാ'' എന്ന പരസ്യവാചകവും അകമ്പടിയായി. പക്ഷേ, വിപണി ശ്രദ്ധിച്ചത് ആ പഞ്ച് പരസ്യവാചകമായിരുന്നില്ല. പകരം അതിന്‍റെ ആകര്‍ഷണീയ വിലയായിരുന്നു. കാംപ കോളയുടെ 200 മില്ലി ലിറ്ററിന്‍റെ ഒരു ബോട്ടിലിന് വില വെറും 10 രൂപ. കൊക്കകോളയും, പെപ്‌സിയും ഇതേ അളവിലുള്ള ബോട്ടിലിന് 20 രൂപ ഈടാക്കുന്ന സമയമായിരുന്നു അത്.

ഇതിനു പിന്നാലെ കൊക്ക കോള അടക്കമുള്ള ബ്രാൻഡുകളും 10 രൂപയുടെ ബോട്ടിൽ ഇറക്കാൻ നിർബന്ധിതരായി. കാംപ കോള വില്‍ക്കുന്ന വ്യാപാരികള്‍ക്ക് റിലയൻസ് നൽകുന്ന മാർജിനും ആകർഷകമാണ്. 6 മുതല്‍ 8 ശതമാനം വരെ മാര്‍ജിനായി നല്‍കുന്നു. പെപ്‌സിയും കൊക്ക കോളയും നല്‍കുന്നതിന്‍റെ ഇരട്ടിയാണിത്. അതുകൊണ്ടു തന്നെ ചില്ലറ വ്യാപാരികള്‍ കാംപ കോളയ്ക്ക് കൂടുതല്‍ ഷെല്‍ഫ് സ്‌പേസ് നല്‍കാനും തുടങ്ങി.

ഒന്നര വർഷംകൊണ്ട് 1000 കോടി രൂപ

റീലോഞ്ച് ചെയ്ത് ഒന്നര വര്‍ഷം പിന്നിടുന്ന കാംപ കോളയുടെ വാര്‍ഷിക വരുമാനം 1000 കോടി രൂപ കടക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ചില സംസ്ഥാനങ്ങളില്‍ പാനീയ വിപണിയുടെ 10 ശതമാനത്തിലധികം കാംപ കോള പിടിച്ചെടുത്തു കഴിഞ്ഞു.

അടുത്ത 12-15 മാസത്തിനുള്ളില്‍ കാംപയുടെയും മറ്റ് പാനീയ ബ്രാന്‍ഡുകളുടെയും ശേഷി ഇരട്ടിയാക്കുന്നതിനായി റിലയന്‍സ് 8000 കോടി രൂപ വരെ നിക്ഷേപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com