ബാങ്ക് പലിശ നിരക്കുകൾ കുറച്ചേക്കും

അടിസ്ഥാന നിരക്കുകൾ കുറഞ്ഞാൽ വായ്പാ പലിശകളുടെ നിരക്കിലും വിവിധ ബാങ്കുകൾ ആനുപാതികമായി കുറവ് വരുത്തും
reserve Bank likely to slash interest rates
ബാങ്ക് പലിശ നിരക്കുകൾ കുറച്ചേക്കും
Updated on

ബിസിനസ് ലേഖകൻ

കൊച്ചി: ഇന്ത്യയുടെ സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വ് നല്‍കാന്‍ റിസര്‍വ് ബാങ്ക് അടിസ്ഥാന പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷയേറുന്നു. അടിസ്ഥാന നിരക്കുകൾ കുറഞ്ഞാൽ വായ്പാ പലിശകളുടെ നിരക്കിലും വിവിധ ബാങ്കുകൾ ആനുപാതികമായി കുറവ് വരുത്തും. എന്നാൽ, ഇതിനൊപ്പം ഫിക്സഡ് ഡെപ്പോസിറ്റുകൾക്ക് നൽകിവരുന്ന പലിശയിലും കുറവുണ്ടാകും.

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും വാണിജ്യ മന്ത്രി പിയൂഷ് ഗോയലും അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുന്നതിനു വേണ്ടി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിനു മേൽ സമ്മർദം തുടരുകയാണെന്നാണ് സൂചന. പിയൂഷ് ഗോയൽ ഇക്കാര്യം പരസ്യമായി തന്നെ ആവശ്യപ്പെട്ടിരുന്നു.

ഉയര്‍ന്ന പലിശ നിരക്ക് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുന്നുവെന്നാണ് ധനമന്ത്രിയുടെയും വാണിജ്യ മന്ത്രിയുടെയും വിലയിരുത്തൽ. ഈ സാഹചര്യത്തിൽ റിസര്‍വ് ബാങ്ക് ഉദാര ധന സമീപനം സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് ദിവസമായി നടക്കുന്ന ആറ് അംഗ ധന നയ രൂപീകരണ സമിതി യോഗം പൂർത്തിയാകുന്നതോടെ റിസര്‍വ് ബാങ്ക് ഗവർണർ തീരുമാനം പ്രഖ്യാപിക്കും. റിസര്‍വ് ബാങ്കില്‍ നിന്ന് വാണിജ്യ ബാങ്കുകള്‍ വാങ്ങുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്കില്‍ കാല്‍ ശതമാനം കുറവാണ് പ്രതീക്ഷിക്കുന്നത്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മൂന്ന് മാസത്തില്‍ വളര്‍ച്ചാ നിരക്ക് 5.4 ശതമാനത്തിലേക്ക് മൂക്കുകുത്തിയതിനാല്‍ പലിശ കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ബന്ധിതരായേക്കും.

അതേസമയം, പലിശ കുറയ്ക്കുന്നതിന് പകരം വിപണിയിലെ പണലഭ്യത മെച്ചപ്പെടുത്താനായി ബാങ്കുകളുടെ കരുതല്‍ ധന അനുപാതം (Cash Reserve Ratio - CRR) കുറയ്ക്കാനുള്ള സാധ്യതയും ധനകാര്യ വിദഗ്ധര്‍ തള്ളിക്കളയുന്നില്ല. രണ്ട് ഘട്ടങ്ങളിലായി അര ശതമാനം കുറവാണ് ധന അനുപാതത്തില്‍ പ്രതീക്ഷിക്കുന്നത്.

reserve Bank likely to slash interest rates
റിസർവ് ബാങ്ക് നയം പ്രഖ്യാപിച്ചു: പലിശ നിരക്കിൽ മാറ്റമില്ല, CRR കുറച്ചു

ഒക്റ്റോബറില്‍ ചില്ലറ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം 6.21 ശതമാനമായി ഉയര്‍ന്നതാണ് പലിശ നിരക്ക് കുറയ്ക്കുന്നതിന് വിഘാതമായി റിസര്‍വ് ബാങ്ക് കാണുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പലിശ കുറച്ചാല്‍ വിലക്കയറ്റം നിയന്ത്രിക്കാനാകാത്ത സ്ഥിതിയുണ്ടാകുമെന്ന് ആശങ്കയുണ്ട്.

റിസര്‍വ് ബാങ്കിന്‍റെ ധന നയത്തില്‍ വിപണിയിലെ പണലഭ്യത ഉയര്‍ത്താന്‍ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയില്‍ ഓഹരികള്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും മുന്നേറി. വ്യാഴാഴ്ച സെന്‍സെക്സ് 809.53 പോയിന്‍റ് നേട്ടവുമായി 81,765.86ല്‍ അവസാനിച്ചു. നിഫ്റ്റി 240.95 പോയിന്‍റ് ഉയര്‍ന്ന് 24,708.40ലെത്തി. വിദേശ നിക്ഷേപകരുടെ തിരിച്ചുവരവും ആഗോള വിപണിയിലെ അനുകൂല ചലനങ്ങളും അനുകൂലമായി. ഐടി, ബാങ്കിങ്, ഭവന, വാഹന മേഖലകളിലെ ഓഹരികളാണ് മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com