റിസര്‍വ് ബാങ്ക് വീണ്ടും മുഖ്യ പലിശ നിരക്ക് കുറച്ചേക്കും

കഴിഞ്ഞ വര്‍ഷം ഒക്റ്റോബറില്‍ നാണയപ്പെടുപ്പം 6.2 ശതമാനമായിരുന്നു.
Reserve Bank may cut key interest rate again

റിസര്‍വ് ബാങ്ക് വീണ്ടും മുഖ്യ പലിശ നിരക്ക് കുറച്ചേക്കും

Updated on

ബിസിനസ് ലേഖകൻ

കൊച്ചി: ഒക്റ്റോബറില്‍ ചില്ലറ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം കുത്തനെ താഴ്ന്നതോടെ റിസര്‍വ് ബാങ്ക് വീണ്ടും മുഖ്യ പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യതയേറുന്നു. ഡിസംബര്‍ ആദ്യവാരം നടക്കുന്ന റിസര്‍വ് ബാങ്കിന്‍റെ ധനനയ രൂപീകരണ യോഗത്തില്‍ മുഖ്യ പലിശയായ റിപ്പോ കാല്‍ ശതമാനം കുറച്ച് 6.25 ശതമാനമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒക്റ്റോബറില്‍ ഭക്ഷ്യ ഉത്പന്നങ്ങളുടെ വില സൂചിക റെക്കോഡ് താഴ്ചയായ 0.25 ശതമാനത്തിലെത്തിയിരുന്നു. റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്ന നാല് ശതമാനത്തിലും താഴെയാണ് കഴിഞ്ഞ ആറ് മാസമായി താണയപ്പെരുപ്പം നിലനില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്റ്റോബറില്‍ നാണയപ്പെടുപ്പം 6.2 ശതമാനമായിരുന്നു.

ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങളും കാര്‍ഷിക മേഖലയിലെ പ്രതിസന്ധികളും ഒഴിഞ്ഞതോടെ വിപണിയില്‍ വില സമ്മർദം ഗണ്യമായി കുറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം ത്രൈമാസക്കാലയളവിലെ ആഭ്യന്തര മൊത്തം ഉത്പാദനത്തിലെ (ജിഡിപി) വളര്‍ച്ചാ കണക്കുകള്‍ കൂടി പരിഗണിച്ചാകും പലിശ കുറയ്ക്കാനുള്ള തീരുമാനമുണ്ടാകുക. അമെരിക്കയും ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ യാഥാർഥ്യമായാല്‍ പലിശ ഇളവിന്‍റെ തോത് അര ശതമാനത്തിലേക്ക് ഉയരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മൂന്ന് മാസത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6.4 ശതമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ചരക്ക് സേവന നികുതിയില്‍ പ്രഖ്യാപിച്ച ഇളവുകളും ഗ്രാമീണ, കാര്‍ഷിക മേഖലയിലെ ഉണര്‍വും സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊര്‍ജം പകര്‍ന്നേക്കും. എന്നാല്‍ സാമ്പത്തിക മേഖലയിലെ ഉണര്‍വ് ശക്തമാണെങ്കില്‍ പലിശ കുറയ്ക്കാനുള്ള തീരുമാനം റിസര്‍വ് ബാങ്ക് അടുത്ത വര്‍ഷത്തേക്ക് മാറ്റിയേക്കുമെന്ന് ധനകാര്യ അനലിസ്റ്റുകള്‍ പറയുന്നു.

ഭക്ഷ്യ ഉത്പന്നങ്ങളുടെ വില സെപ്റ്റംബര്‍, ഒക്റ്റോബര്‍ മാസത്തില്‍ കുത്തനെ കുറഞ്ഞതിനാല്‍ ഉപയോക്താക്കളുടെ വാങ്ങല്‍ ശേഷി ഉയരുകയാണെന്നും അവര്‍ പറയുന്നു. ഇത്തവണത്തെ ഉത്സവ കാലയളവില്‍ ജിഎസ്ടി വരുമാനത്തിലും യുപിഐ ഇടപാടുകളിലും ദൃശ്യമായ കുതിപ്പ് സാമ്പത്തിക മേഖല അതിശക്തമായ നിലയിലാണെന്നാണ്. രണ്ടാം ത്രൈമാസത്തില്‍ രാജ്യത്തെ കമ്പനികളില്‍ 60 ശതമാനവും ലാഭത്തിലും വിറ്റുവരവിലും മികച്ച വളര്‍ച്ച നേടിയിരുന്നു. അതിനാല്‍ തിരക്കിട്ട് പലിശ കുറയ്ക്കേണ്ട സാഹചര്യമില്ലെന്നും അവര്‍ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com