ഇത്തവണയും പലിശ കുറച്ചേക്കില്ല

പൊതുതെരഞ്ഞെടുപ്പ് പടിവാതിക്കല്‍ നില്‍ക്കുന്നതിനാല്‍ വിലക്കയറ്റം രൂക്ഷമാകുന്ന യാതൊരു നടപടികള്‍ക്കും റിസര്‍വ് ബാങ്ക് തയാറെടുക്കില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു
ഇത്തവണയും പലിശ കുറച്ചേക്കില്ല
Updated on

ബിസിനസ് ലേഖകൻ

കൊച്ചി: വെള്ളിയാഴ്ച പ്രഖ്യാപിക്കുന്ന റിസര്‍വ് ബാങ്കിന്‍റെ ധന അവലോകന നയത്തില്‍ പലിശ നിരക്കില്‍ മാറ്റം വരുത്താന്‍ ഇടയില്ല. രാജ്യത്തെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം ലക്ഷ്യമിടുന്ന നാല് ശതമാനത്തിനടുത്താണെങ്കിലും തിരക്കിട്ട് പലിശ കുറയ്ക്കാന്‍ തിടുക്കം വേണ്ടെന്നാണ് റിസര്‍വ് ബാങ്കിന്‍റെ ആലോചന.

പൊതുതെരഞ്ഞെടുപ്പ് പടിവാതിക്കല്‍ നില്‍ക്കുന്നതിനാല്‍ വിലക്കയറ്റം രൂക്ഷമാകുന്ന യാതൊരു നടപടികള്‍ക്കും റിസര്‍വ് ബാങ്ക് തയാറെടുക്കില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. റഷ്യയിലെയും പശ്ചിമേഷ്യയിലെയും രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ രൂക്ഷമായതിനാല്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരാനുള്ള സാധ്യതയാണ് പ്രധാന വെല്ലുവിളി. നിലവില്‍ രാജ്യാന്തര വിപണിയില്‍ എണ്ണ വില ബാരലിന് 87 ഡോളറിനടുത്താണ്. ചെങ്കടലിലെ പ്രശ്നങ്ങളും ഇന്ധന വില കൂടാനുള്ള സാധ്യതയാണ് സൃഷ്ടിക്കുന്നത്.

സെപ്റ്റംബര്‍ മുതല്‍ ഡിസബര്‍ വരെയുള്ള കാലയളവില്‍ 8.4 ശതമാനം വളര്‍ച്ച നേടിയതിനാല്‍ പലിശ കുറയ്ക്കാന്‍ സമയമായിട്ടില്ലെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസിന്‍റെ നിലപാട്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസത്തിലും വളര്‍ച്ചാ നിരക്ക് എട്ട് ശതമാനത്തിന് അടുത്താകുമെന്നും വിലയിരുത്തുന്നു. നിലവില്‍ റിസര്‍വ് ബാങ്കില്‍ നിന്നും വാണിജ്യ ബാങ്കുകള്‍ വാങ്ങുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് 6.5 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അര ശതമാനം വർധന വരുത്തിയതിന് ശേഷം റിസര്‍വ് ബാങ്ക് മുഖ്യ നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ല.

അതേസമയം വികസിത രാജ്യങ്ങളായ അമെരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ അടുത്ത മാസങ്ങളില്‍ മുഖ്യ പലിശ നിരക്ക് കുറച്ചേക്കും. ഈ വര്‍ഷം സെപ്റ്റംബറിന് മുന്‍പ് പലിശ നിരക്കില്‍ മൂന്ന് തവണ കുറവ് വരുത്തുമെന്നാണ് അമെരിക്കയിലെ ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ സൂചന നല്‍കിയത്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും ജൂണിന് ശേഷം പലിശ കുറച്ചേക്കും. കഴിഞ്ഞ ദിവസം സ്വിറ്റ്സര്‍ലന്‍ഡ് പലിശ നിരക്ക് കുറച്ചിരുന്നു. എന്നാല്‍ നാണയപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായി ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായ ജപ്പാന്‍ പലിശ നേരിയ തോതില്‍ വർധിപ്പിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com