വിലക്കയറ്റം നേരിടാൻ പുതു തന്ത്രങ്ങൾ തേടി റിസർവ് ബാങ്ക്

ഇതോടൊപ്പം ഇന്ധന നികുതിയിൽ ഉൾപ്പെടെ കുറവു വരുത്താനുള്ള സാധ്യതകൾ പരിഗണിക്കണമെന്ന് രാഷ്‌ട്രീയ നേതൃത്വം കേന്ദ്രത്തിന് നിർദേശം നൽകിയിട്ടുണ്ട്.
Symbolic Image
Symbolic Image

രാജ്യത്ത് നാണയപ്പെരുപ്പ ഭീഷണി വീണ്ടും ശക്തമായതോടെ പരമ്പരാഗത പണ നിയന്ത്രണ നടപടികൾ മാറ്റിപ്പിടിക്കാൻ റിസർവ് ബാങ്കും കേന്ദ്ര സർക്കാരും ഒരുങ്ങുന്നു. വിപണിയിലെ പണം ലഭ്യത നിയന്ത്രിച്ച് ഉപഭോഗം നിയന്ത്രിക്കാനാണ് റിസർവ് ബാങ്ക് കഴിഞ്ഞ ഒന്നര വർഷമായി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ ഈ നടപടികൾ കാര്യമായ ഗുണം ചെയ്യാത്തതിനാൽ അവശ്യ സാധനങ്ങളുടെ ലഭ്യത വർധിപ്പിച്ചും രാജ്യാന്തര വ്യാപാര ഇടപാടുകൾ നിയന്ത്രിച്ചും വിലക്കയറ്റം പിടിച്ചുനിർത്താനാണ് ഇപ്പോൾ കേന്ദ്ര സർക്കാർ ആലോചിക്കുന്നത്.

തുടർച്ചയായി മുഖ്യ പലിശ നിരക്കുകൾ വർധിപ്പിക്കുന്നതു മൂലം സാമ്പത്തിക മേഖല താളം തെറ്റാൻ ഇടയുള്ളതിനാൽ കയറ്റുമതി നിയന്ത്രിച്ചും ഇറക്കുമതി പ്രോത്സാഹിപ്പിച്ചും വിപണിയിലെ ഉത്പന്ന ലഭ്യത മെച്ചപ്പെടുത്താനുള്ള സാധ്യതകളാണ് കേന്ദ്ര ധന മന്ത്രാലയവും ഉപഭോക്തൃ കാര്യ മന്ത്രാലയവും സജീവമായി പരിഗണിക്കുന്നത്. ഇതോടൊപ്പം ഇന്ധന നികുതിയിൽ ഉൾപ്പെടെ കുറവു വരുത്താനുള്ള സാധ്യതകൾ പരിഗണിക്കണമെന്ന് രാഷ്‌ട്രീയ നേതൃത്വം കേന്ദ്രത്തിന് നിർദേശം നൽകിയിട്ടുണ്ട്.

ആഗോള സാമ്പത്തിക, രാഷ്‌ട്രീയ അനിശ്ചിതത്വങ്ങൾ മൂലമുള്ള വിലക്കയറ്റമായതിനാൽ പരിമിതമായ വിപണി ഇടപെടലുകൾക്ക് മാത്രമേ സാധ്യതയുള്ളൂവെന്നതാണ് സർക്കാരിനെയും കേന്ദ്ര ബാങ്കിനെയും വലയ്ക്കുന്നത്. ഇതോടൊപ്പം കാലാവസ്ഥാ വൃതിയാനം മൂലമുണ്ടായ ഉത്പാദന ഇടിവും ഭക്ഷ്യ ഉത്പന്നങ്ങളുടെയും ആവശ്യ സാധനങ്ങളുടെയും ലഭ്യതയെ പ്രതികൂലമായി ബാധിക്കുന്നതും വിലക്കയറ്റ ഭീഷണി രൂക്ഷമാക്കുന്നു. കഴിഞ്ഞ ഒന്നര വർഷത്തിനിടെയിൽ വിപണിയിലെ പണ ലഭ്യത കുറച്ച് വിലക്കയറ്റം നിയന്ത്രിക്കാനാണ് റിസർവ് ബാങ്ക് ശ്രമിച്ചത്. അതിനാൽ കഴിഞ്ഞ മേയ് മാസത്തിന് ശേഷം നാല് തവണയായി മുഖ്യ പലിശ നിരക്കായ റിപ്പോ 2.5 ശതമാനം വർധിപ്പിച്ചിരുന്നു. ഇതുമൂലം സാമ്പത്തിക മേഖല തളർച്ചയിലേക്ക് നീങ്ങിയതല്ലാതെ ഭക്ഷ്യ, ഇന്ധന ഉത്പന്നങ്ങളുടെ വിലക്കയറ്റത്തിൽ യാതൊരു ശമനവും ഉണ്ടായിട്ടില്ല.

വടക്കേ ഇന്ത്യയിൽ ഉത്സവ കാലം തുടങ്ങിയതോടെ പഴം, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയുടെ വില വീണ്ടും കുതിച്ചുയരുകയാണ്. ഉള്ളി, സവോള, അരി, ഗോതമ്പ് എന്നിവയുടെ വിലയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ 30 ശതമാനം വരെ വർധനയുണ്ടെന്ന് വ്യാപാരികൾ പറയുന്നു. പ്രധാന പച്ചക്കറികളുടെ വില ചുരുങ്ങിയ സമയത്തിനുള്ളിൽ കിലോയ്ക്ക് 60 രൂപയിൽ നിന്നും 100 രൂപയ്ക്ക് മുകളിലെത്തി. കാർഷിക ഉത്പാദന മേഖലകളിൽ വരൾച്ച രൂക്ഷമായതോടെ വിലക്കയറ്റം രൂക്ഷമാകാൻ കാരണമെന്ന് കർഷകർ പറയുന്നു.

അമെരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയും ആഗോള വിപണിയിലെ സപ്ലൈ പ്രശ്നങ്ങളുമാണ് വിലക്കയറ്റത്തിനു മൂലകാരണമെന്നതിനാൽ പണ ലഭ്യത കുറച്ചു കൊണ്ടുള്ള ധന നയങ്ങൾ കാര്യമായ ഗുണം ചെയ്യില്ലയെന്ന് കൊച്ചിയിലെ പ്രമുഖ ധനകാര്യ വിദഗ്ധനായ സുരേഷ് ഗോപിനാഥൻ പറയുന്നു. അതിനാൽ ഉത്പന്ന ലഭ്യത മെച്ചപ്പെടുത്താനും ചരക്ക് കൈകാര്യ ചെലവ് കുറയ്ക്കാനും ലക്ഷ്യമിടുന്ന പുതിയ വിപണി ഇടപെടലുകൾക്കാണ് കേന്ദ്ര സർക്കാരും റിസർവ് ബാങ്കും ഒരുങ്ങുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ധന വില നിയന്ത്രിക്കാനായി എക്സൈസ് ഡ്യൂട്ടിയിൽ വരും ദിവസങ്ങളിൽ വീണ്ടും ഇളവുണ്ടാവാൻ സാധ്യതയുണ്ട്. ഇതോടൊപ്പം ഭക്ഷ്യ ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്താനും ഇറക്കുമതി ഉദാരമാക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com