
#പി.ബി. ബിച്ചു
തിരുവനന്തപുരം: ഉത്സവപ്പറമ്പിൽ കൊട്ടിക്കയറുന്ന മേളത്തിനൊപ്പം തലയും ചെവിയും വാലും ആട്ടി നിന്ന റോബോട്ട് ആന ഇരിഞ്ഞാടപ്പിള്ളി രാമന് കഴിഞ്ഞ മാസം മലയാളികളെയാകെ ഞെട്ടിച്ചിരുന്നു. തൃശൂര് കല്ലേറ്റുംകര ക്ഷേത്രോത്സവ എഴുന്നള്ളിപ്പിലാണ് ആന റോബോട്ട് നാട്ടുകാർക്ക് വിസ്മയമായത്. എന്നാൽ, ചൈനയുൾപ്പടെ പല വിദേശ രാജ്യങ്ങളിലും വ്യവസായ- ടൂറിസം രംഗത്ത് റോബോട്ടുകൾ സജീവമാകുന്നത് കണക്കിലെടുത്ത് കേരളത്തിലും റോബോട്ടിക്സ് മേഖലയുടെ ഉന്നമനത്തിന് പ്രത്യേക പദ്ധതികൾ തയാറാക്കുകയാണ് സർക്കാർ.
വ്യവസായ വകുപ്പ് നടപ്പാക്കാനൊരുങ്ങുന്ന പദ്ധതികളിൽ സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെ മേഖലയ്ക്ക് പ്രത്യേക ഇളവുകൾ നൽകാനും തീരുമാനമുണ്ട്. റോബോട്ടുകളുടെ രൂപകൽപ്പന, നിർമാണം തുടങ്ങിയവയ്ക്കാണ് ഇളവുകൾ ഉറപ്പാക്കുക. തൊഴിലവസരങ്ങൾ കൂടാൻ ഇതു സഹായിക്കും. വൈദ്യുതി ഡ്യൂട്ടി ഒഴിവാക്കൽ, ജിഎസ്ടി തുക മടക്കിനൽകൽ ഉൾപ്പെടെയുള്ള ഇളവുകളാണ് പരിഗണിക്കുന്നത്. പുതിയ വ്യവസായ നയത്തിന്റെ ഭാഗമായാണ് പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. പുതിയ നയത്തിന് ഈ മാസം തന്നെ മന്ത്രിസഭ അംഗീകാരം നൽകുന്നതോടെ പദ്ധതികൾ ആരംഭിക്കാനാണ് നീക്കം.
ചൈനയിൽ നിന്ന് തുടക്കം
കൊവിഡ് എന്ന മഹാവ്യാധിയെ ലോകത്തിന് പരിചയപ്പെടുത്തിയത് ചൈനയാണ്. രോഗവ്യാപനം രൂക്ഷമായി മറ്റ് രാജ്യങ്ങളിലേക്കും പടർന്നതും പുതിയ വകഭേദങ്ങൾ രൂപപ്പെട്ടതും കാരണം വർഷങ്ങളോളം ചൈന ഒറ്റപ്പെട്ടു. എന്നാൽ, കൊവിഡ് ഉയർത്തിയ വലിയ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ചൈനയിൽ ടൂറിസം രംഗത്ത് വലിയ കുതിപ്പാണുണ്ടായിരിക്കുന്നത്. ലോക്ഡൗൺ കാലത്ത് സുരക്ഷിതമായ ഭക്ഷണ വിതരണത്തിനടക്കം വളരെ പ്രയാസം നേരിട്ട ചൈനയിൽ പിന്നീട് കണ്ടത് സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള പുത്തൻ അതിജീവന മാർഗങ്ങളായിരുന്നു.
കൊവിഡ് കാലം അവസാനിക്കുമ്പോൾ ചൈനയിലെത്തിയാൽ ഇപ്പോൾ ഭക്ഷണ വിതരണത്തിനും, ട്രാഫിക് നിയന്ത്രണത്തിനും കൊറിയർ സേവനങ്ങൾക്കും ഉൾപ്പടെ സമസ്ഥ മേഖലയിലും മനുഷ്യർക്ക് പകരമായി റോബോട്ടുകളെ ഉപയോഗിച്ചുള്ള സേവന സംവിധാനങ്ങളാണ് കാണാൻ കഴിയുക. വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന വിനോദ സഞ്ചാരികളുടെയും അതിഥികളുടെയും സുരക്ഷിതത്വത്തിനായി സമ്പർക്കം കുറയ്ക്കാൻ ഇപ്പോൾ ഹോട്ടൽ മുറികളിലെ സർവീസിനും റോബോട്ടുകളെത്തിയിരിക്കുകയാണ്. ഈ റോബോട്ടുകളുടെ സേവനം മലയാളികൾക്ക് പരിചയപ്പെടുത്തുകയാണ് ചൈനയിൽ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി മിഥുൻ.
ഒറ്റ കോളിൽ റോബോട്ട് പടിവാതിലിൽ
ആഡംബര ഹോട്ടലുകളിലാണ് പ്രധാനമായും റോബോട്ടുകളെ റൂം സർവീസിനായി ഉപയോഗിക്കുന്നത്. നമുക്ക് ആവശ്യമുള്ള ഭക്ഷണം ഓർഡർ ചെയ്താൽ റോബോട്ട് അത് മിറ്റുകൾക്കുള്ളിൽ റൂമിലെത്തിക്കും. റസ്റ്റോറന്റിൽ നിന്നും ഓരോ റൂമിലേക്കുമുള്ള ഭക്ഷണം റോബോട്ടിന്റെ മുകളിൽ തയാറാക്കിയ പ്രത്യേക അറയിലാണ് സൂക്ഷിക്കുക. ഹോട്ടലിന്റെ ഏത് ഫ്ലോറിൽ നിന്നാണോ ബുക്കിങ് എത്തിയതെന്ന് സെൻസർ സംവിധാനം വഴി മനസിലാക്കുന്ന റോബോട്ട് ലിഫ്റ്റിലൂടെ ഒരു വെയ്റ്റർ ഭക്ഷണമെത്തിക്കുന്ന അതേ രീതിയിൽ ഒരു പക്ഷേ അതിനേക്കാൾ സുരക്ഷിതത്വത്തോടെ സമയത്ത് തന്നെ റൂമിൽ ഭക്ഷണമെത്തിക്കും.
ലിഫ്റ്റിൽ തിരക്കാണെങ്കിൽ നിൽക്കാനുള്ള സ്പേസ് ആവശ്യപ്പെടുന്ന റോബോട്ട് സമയത്ത് തന്നെ ഭക്ഷണം എത്തിക്കുന്നത് ഉറപ്പാക്കും. റൂമിന് മുന്നിലെത്തിയാൽ കസ്റ്റമർക്ക് ഫോണിലൂടെ അറിയിപ്പ് നൽകുകയും കസ്റ്റമറുടെ ഓർഡർ നമ്പർ റോബോട്ടിന്റെ ഡിസ്പ്ലേയിൽ നൽകിയാൽ ലോക്കർ തുറന്ന് ഭക്ഷണം എടുക്കാവുന്ന തരത്തിലാണ് റൂം സർവീസ് റോബോട്ടിന്റെ പ്രവർത്തനം. ഇത് കൂടാതെ ആൾക്കാരെ സ്വാഗതം ചെയ്യാനും മുറികളുടെ വിവരങ്ങൾ, പരാതികൾ അറിയിക്കുന്നതിനുമുൾപ്പടെ എല്ലായിടത്തും റോബോട്ടുകളാണ് ചൈനയിൽ. നിരവധി സ്റ്റാർട്ടപ്പുകളാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നതെന്നും മിഥുൻ മെട്രൊ വാർത്തയോട് പറഞ്ഞു.
പരമ്പരാഗത രീതികളിൽ നിന്നും മാറി വിവിധ രാജ്യങ്ങളിൽ വിജയകരമായ റോബോട്ടിക്സ് പദ്ധതികളിൽ ഒരു കൈ നോക്കാനൊരുങ്ങുകയാണ് വ്യവസായ വകുപ്പും. ടൂറിസം മേഖലയിലടക്കം പുതിയ സംവിധാനങ്ങൾ ഒരുക്കാനാണ് നീക്കം. റിസർച്ച് ലാബ്, അടിസ്ഥാന സൗകര്യം ഉറപ്പാക്കൽ എന്നിവയിൽ വ്യവസായ വകുപ്പിന്റെ സഹായമുണ്ടാകും. വനിതാ സംരംഭകർക്ക് ഭൂമി രജിസ്ട്രേഷൻ ഫീസ്, സ്റ്റാംപ് ഡ്യൂട്ടി എന്നിവ ഒഴിവാക്കും. ആദ്യഘട്ടത്തിൽ ആരോഗ്യ, ദുരന്തനിവാരണ, കാർഷിക മേഖലകളിൽ റോബോട്ടുകളുടെ സേവനം പ്രയോജനപ്പെടുത്തും.
റോബോട്ടിക്സ് ഉൾപ്പെടുന്ന ഇലക്ട്രോണിക് വ്യവസായങ്ങൾ തുടങ്ങാൻ ജപ്പാൻ, തായ്വാൻ കമ്പനികൾ താത്പര്യം അറിയിച്ചിട്ടുണ്ട്. തുടക്കമായി റീജ്യനൽ ക്യാൻസർ സെന്ററിലും മലബാർ ക്യാൻസർ സെന്ററിലും 60 കോടി രൂപ ചെലവിൽ റോബോട്ടിക് സർജറി സംവിധാനം സ്ഥാപിക്കാൻ മന്ത്രിസഭ അനുമതി നൽകിയിട്ടുണ്ട്. ഒരിടത്ത് റോബോട്ടിക് മെഷീനുകൾ സ്ഥാപിക്കാൻ ഏകദേശം 30 കോടി രൂപയാകും. സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായിട്ടാണ് റോബോട്ടിക് സർജറി സംവിധാനം ഒരുക്കുന്നത്.