റബർ വില ഉയരുന്നു; കർഷകർക്കു പ്രതീക്ഷ

ഇന്ത്യന്‍ ടയര്‍ നിര്‍മാതാക്കള്‍ ആഭ്യന്തര വിലയിടിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും രാജ്യാന്തര വില ഉയരുന്നത് ഇവരുടെ ശ്രമങ്ങളെ ബാധിച്ചു
Rubber price rise trend hopeful for farmers
റബർ വില ഉയരുന്നു; കർഷകർക്കു പ്രതീക്ഷ

കൊച്ചി: രാജ്യാന്തര തലത്തില്‍ റബര്‍ വില രണ്ടു മാസത്തിനുശേഷം 200 രൂപ പിന്നിട്ടു. പ്രകൃതിദത്ത റബറിന്‍റെ മുന്‍നിര ഉത്പാദകരായ തായ്‌ലന്‍ഡിലെ അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനം ഉത്പാദനത്തെ ബാധിക്കുന്നതാണ് കാരണം. അന്താരാഷ്‌ട്ര വിലയുടെ ചുവടുപിടിച്ച് കേരളത്തിലും വിലയില്‍ ഉയര്‍ച്ച കണ്ടുതുടങ്ങിയിട്ടുണ്ട്. നാലാം ഗ്രേഡ് ഷീറ്റ് 180-183 നിരക്കിലാണ് വില്‍പ്പന.

അതേസമയം, വില കൂടുമ്പോൾ കനത്ത മഴ കാരണം പല തോട്ടങ്ങളിലും ടാപ്പിങ് നിലച്ച അവസ്ഥയാണ്. ജൂണിൽ കാലവർഷം എത്തുന്നതോടെ ഇതു നീളും.

കടുത്ത വേനലില്‍ കേരളത്തിലെ തോട്ടങ്ങളില്‍ ഉത്പാദനം പകുതിയോളം ചുരുങ്ങിയതിനാൽ കർഷകരുടെ പക്കൽ വിറ്റഴിക്കാനുള്ള സ്റ്റോക്കും താരതമ്യേന കുറവ്. ഇതിനൊപ്പം വിലയിലും കുറവു വന്നതോടെ കര്‍ഷകര്‍ നിരാശയിലായിരുന്നു.

രാജ്യാന്തര വില ഇനിയും കൂടിയേക്കുമെന്ന നിഗമനങ്ങളാണ് വിപണിയില്‍ നിന്ന് വരുന്നത്. ബാങ്കോക്ക് വില നിലവില്‍ 205 രൂപയാണ്. രണ്ടു മാസത്തിനകം 220-230 നിരക്കിലേക്ക് വില എത്തുമെന്നാണ് പ്രതീക്ഷ. തായ്‌ലന്‍ഡില്‍ റബര്‍ ഉത്പാദനത്തില്‍ 8-10 ശതമാനം വരെ കുറവുണ്ടാകുമെന്ന വിലയിരുത്തലുകള്‍ പുറത്തുവരുന്നുണ്ട്. കനത്ത വരള്‍ച്ചയ്ക്കു ശേഷം രാജ്യത്തിന്‍റെ പലഭാഗത്തും മഴ ശക്തമായതും തായ്‌ലന്‍ഡിന്‍റെ ഉത്പാദനത്തെ ബാധിക്കുന്നുണ്ട്. ക്രൂഡ് ഓയില്‍ വില വലിയതോതില്‍ കുറയാതെ നില്‍ക്കുന്നതും രാജ്യാന്തര തലത്തില്‍ റബറിന് വരും നാളുകളില്‍ മൂല്യം ഉയർത്തും.

ഇന്ത്യന്‍ ടയര്‍ നിര്‍മാതാക്കള്‍ ആഭ്യന്തര വിലയിടിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും രാജ്യാന്തര വില ഉയരുന്നത് ഇവരുടെ ശ്രമങ്ങളെ ബാധിച്ചു. രാജ്യാന്തര വിലയില്‍ ഉണ്ടാകുന്ന വര്‍ധനയ്ക്ക് ആനുപാതികമായി ഇന്ത്യയിലും വില കൂടുന്നതാണ് പൊതുപ്രവണത. ഇറക്കുമതി ലാഭകരമല്ലാത്തതിനാല്‍ പ്രാദേശിക മാര്‍ക്കറ്റില്‍ നിന്ന് റബര്‍ ശേഖരിക്കാന്‍ ടയര്‍ നിര്‍മാതാക്കള്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നതാണ് ഇതിനു കാരണം.

ഇടത്തരം കര്‍ഷകര്‍ കൊവിഡ് മഹാമാരിക്കു ശേഷം റബര്‍ ഷീറ്റാക്കി മാറ്റുന്നത് കുറച്ചിട്ടുണ്ടെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. റബര്‍ പാലായി തന്നെ വാങ്ങാന്‍ കൂടുതല്‍ കമ്പനികള്‍ രംഗത്തു വന്നതാണ് ഇതിനു കാരണം. കൊവിഡ് കാലത്ത് കൈയുറകള്‍ക്കും മറ്റ് ആശുപത്രി ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിനുമായി റബര്‍ പാലിന് വലിയതോതില്‍ ആവശ്യകത വന്നിരുന്നു.

റബര്‍ പാല്‍ സംഭരിച്ചു വില്‍ക്കാന്‍ തുടങ്ങിയ കര്‍ഷകര്‍ കൊവിഡ് മാറിയ ശേഷവും ഈ രീതി തുടരുകയാണ്. ഷീറ്റാക്കി മാറ്റുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ അധ്വാനം പാതിയായി കുറഞ്ഞു. തോട്ടങ്ങളിലെത്തി പാല്‍ ശേഖരിക്കുന്ന കമ്പനികള്‍ നാട്ടിന്‍പുറങ്ങളില്‍ ഉള്‍പ്പെടെ സജീവമായതും ശൈലിമാറ്റത്തിന് വഴിയൊരുക്കി. ഷീറ്റാക്കി വില്‍ക്കുന്നതുമായി തട്ടിച്ചു നോക്കുമ്പോള്‍ പണം കൈയിലെത്താന്‍ 20 ദിവസം വരെ കാലതാമസം വരുമെന്നതാണ് പാല്‍ വില്‍പ്പനയിലെ പ്രധാന പ്രതിസന്ധി.

Trending

No stories found.

Latest News

No stories found.