
യുക്രെയ്‌നെതിരേ യുദ്ധം തുടങ്ങിയ 2022 മുതലാണ് റഷ്യയില്‍നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ വന്‍വര്‍ധനയുണ്ടാകുന്നത്.
ന്യൂഡല്‍ഹി: യുഎസിന്‍റെ തീരുവയുദ്ധത്തിനും പ്രകോപനത്തിനുമിടെ ഇന്ത്യയ്ക്കുള്ള ക്രൂഡ് ഓയിലിനു വിലക്കിഴിവ് നൽകി റഷ്യ. ബാരലിനു മൂന്നു മുതൽ നാലുവരെ ഡോളറാണു കുറയുക. ഈ മാസവും അടുത്തമാസവും ഇറക്കുമതി ചെയ്യുന്ന യുരാൾസ് ഗ്രേഡിൽപ്പെട്ട ക്രൂഡ് ഓയിലിനാണ് ഇളവ്. ജൂലൈയിൽ ബാരലിന് ഒരു ഡോളർ വില കുറച്ചിരുന്നു. കഴിഞ്ഞയാഴ്ച ഇളവ് 2.50 ഡോളറായി വർധിപ്പിച്ചു. ഇതിനു പിന്നാലെയാണ് കൂടുതൽ വിലക്കിഴിവ്.
കഴിഞ്ഞ 27 മുതൽ ഞായറാഴ്ച വരെ 1.14 കോടി ബാരൽ ഇന്ത്യയിലെ വിവിധ കമ്പനികൾ ഇറക്കുമതി ചെയ്തിരുന്നു. യുഎസ് ഉപരോധമുള്ള കപ്പൽ വിക്റ്റർ കോൺട്സ്കിയിലടക്കമാണ് ക്രൂഡ് ഓയിൽ എത്തിയത്.
യുറാൾസ് ഗ്രേഡ് എന്നത് റഷ്യയുടെ ഏറ്റവും പ്രധാന ക്രൂഡ് ഓയിലാണ്. രാജ്യത്തിന്‍റെ പടിഞ്ഞാറൻ തുറമുഖങ്ങളിൽ നിന്നാണ് ഇവ ഇന്ത്യയിലേക്കെത്തുന്നത്. അതേസമയം, റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരായ ചൈനയ്ക്ക് പൈപ്പ്‌ലൈനുകളിലൂടെയും ടാങ്കറുകളിലൂടെയുമാണ് ക്രൂഡ് ഓയിൽ എത്തുന്നത്.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. യുക്രെയ്‌നെതിരേ യുദ്ധം തുടങ്ങിയ 2022 മുതലാണ് റഷ്യയില്‍നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ വന്‍വര്‍ധനയുണ്ടാകുന്നത്. മുൻപ് എണ്ണയ്ക്കായി ഗൾഫ് രാജ്യങ്ങളെ ആശ്രയിച്ചിരുന്ന ഇന്ത്യയിൽ ഒരു ശതമാനത്തിനടുത്തായിരുന്നു റഷ്യൻ എണ്ണയുടെ വരവ്. എന്നാലിത് ഇപ്പോൾ 40 ശതമാനത്തോളമെത്തി. 54 ബാരല്‍ എണ്ണയാണ് ഇന്ത്യയുടെ പ്രതിദിന ഇറക്കുമതി. 2024-25 ല്‍ ഇറാഖ്, സൗദി അറേബ്യ, യുഎഇ, യുഎസ് എന്നീ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിയെ മറികടന്ന് റഷ്യയിൽനിന്നായിരുന്നു ഇന്ത്യ 36 ശതമാനവും ഇറക്കുമതി ചെയ്തത്.
റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്കെതിരേ 50 ശതമാനം തീരുവ ചുമത്തിയ യുഎസ്, ഔഷധമേഖലയിലേക്ക് ഉൾപ്പെടെ ഇതു വ്യാപിപ്പിക്കുമെന്നു ഭീഷണി മുഴക്കുന്നതിനിടെയാണ് റഷ്യ ഇളവ് പ്രഖ്യാപിച്ചത്. ഷാങ്ഹായ് സഹകരണ സംഘടനാ (എസ്‌സിഒ) ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനും പ്രത്യേക ചർച്ച നടത്തിയിരുന്നു.