
ബിസിനസ് ലേഖകൻ
കൊച്ചി: അടിസ്ഥാന സൗകര്യ വികസന രംഗത്ത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന വമ്പന്‍ നിക്ഷേപവും ഉപഭോഗത്തിലുണ്ടായ മികച്ച ഉണര്‍വും രാജ്യത്തെ സാമ്പത്തിക വളര്‍ച്ച 7.8 ശതമാനമായി ഉയര്‍ത്തി. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്ന് മാസക്കാലയളവില്‍ ആഭ്യന്തര മൊത്തം ഉത്പാദനത്തില്‍ (ജിഡിപി) 7.8 ശതമാനം വളര്‍ച്ചയുണ്ടായെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ നാല് ത്രൈമാസ കാലയളവുകളിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണ് ജൂണ്‍ പാദത്തില്‍ രേഖപ്പെടുത്തിയത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തില്‍ ജിഡിപിയിലെ വളര്‍ച്ച 6.1 ശതമാനമായിരുന്നു. സേവന മേഖലയിലെ മികച്ച ഉണര്‍വാണ് പ്രധാനമായും ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ജിഡിപി വളര്‍ച്ചയ്ക്ക് കരുത്തുപകര്‍ന്നത്. ഇതോടൊപ്പം കമ്പോള ഉത്പന്നങ്ങളുടെ വിലയിലുണ്ടായ കുറവും മൂലധന നിക്ഷേപത്തിലുണ്ടായ വർധനയും സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തി. അതേസമയം നാണയപ്പെരുപ്പം നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് പല തവണയായി പലിശ നിരക്ക് വർധിപ്പിച്ചതും കാലവര്‍ഷം കനത്തതും ജിഡിപി വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചു.
ആഗോള മാന്ദ്യത്തിന്റെ തീവ്രത ഇന്ത്യയുടെ സാമ്പത്തിക മേഖലയെ കാര്യമായി ബാധിച്ചില്ലെന്നാണ് ജിഡിപിയിലെ മികച്ച വളര്‍ച്ചാ നിരക്ക് സൂചിപ്പിക്കുന്നത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ജിഡിപിയുടെ മൂല്യം തൊട്ടു മുന്‍പുള്ള രണ്ടാം പാദത്തേക്കാള്‍ 7.8 ശതമാനം വർധിച്ച് 43.19 ലക്ഷം കോടി രൂപയിലെത്തിയെന്ന് കേന്ദ്ര സര്‍ക്കാരിന്റ കണക്കുകള്‍ വ്യക്തമാക്കുന്നു.
ആഗോള വിപണിയുടെ ചുവടുപിടിച്ച് രാജ്യത്ത് ഉപ്പു തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായതോടെ കഴിഞ്ഞ വര്‍ഷം മേയ് മുതല്‍ തുടര്‍ച്ചയായി റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്ക് വർധിപ്പിച്ചിട്ടും സാമ്പത്തിക മേഖല മികച്ച മുന്നേറ്റം തുടരുകയാണ്.