
ആഭ്യന്തര വിദേശ ഫണ്ടുകള്‍ വിപണിയില്‍ ശക്തമായ മത്സരം നടത്തിയിട്ടും തുടര്‍ച്ചയായ തകര്‍ച്ചയില്‍ നിന്നും ഓഹരി സൂചികയെ കൈപിടിച്ച് ഉയര്‍ത്താനായില്ല. ഏകദേശം 8500 കോടി രൂപയുടെ നിക്ഷേപം നടത്തി വിപണിക്ക് പുതുജീവന്‍ പകരാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ അഹോരാത്രം കഷ്ടപ്പെട്ടെങ്കിലും വിദേശശക്തികള്‍ വാരാന്ത്യദിനത്തില്‍ മാത്രം 4638 കോടി രൂപയുടെ ഓഹരികള്‍ ഒറ്റയടിക്ക് പിന്‍വലിച്ചത് വിജയ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചതോടെ സെന്‍സെക്സ് 62 പോയിന്റും നിഫ്റ്റി 44 പോയിന്റും പ്രതിവാര നഷ്ടത്തിലായി.
ഏഷ്യന്‍ ഓഹരി വിപണികള്‍ പലതും വാരാന്ത്യം തളര്‍ച്ചയിലാണ്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ പലിശ നിരക്ക് ഉയര്‍ത്തുക മാത്രം ഏകമാര്‍ഗമെന്ന യുഎസ് ഫെഡ് റിസര്‍വ് ചെയര്‍മാന്റെ വിലയിരുത്തല്‍ സാമ്പത്തിക മേഖലയെ ഒരിക്കല്‍ കൂടി പ്രതിസന്ധിലാക്കും. ഫെഡ് ചെയര്മാന് ജാക്സണ് ഹോളി നിരക്ക് വർധനയുമായി പൊരുത്തപ്പെടാന്‍ ഒരുങ്ങണമെന്ന ആഹ്വാനം വാരാരംഭത്തില്‍ വിപണികളെ പിടിച്ചുലയ്ക്കാം. പിന്നിട്ട മാസങ്ങളില്‍ പലതവണ പലിശ ഉയര്‍ത്തിയ ഫലമായി നാണയപ്പെരുപ്പം അതിന്റെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ നിന്നും തിരിച്ചിറങ്ങാന്‍ അവസരമൊരുക്കിയെങ്കിലും പണപ്പെരുപ്പം ഇനിയും നിയന്ത്രിക്കാന്‍ യുഎസ് കേന്ദ്രബാങ്കിനായില്ല. അമെരിക്ക പലിശ ഉയര്‍ത്തിയാല്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന പല രാജ്യാന്തര ഫണ്ടുകളും നിക്ഷേപം പിന്‍വലിക്കാന്‍ ഇടയുണ്ട്.
സെന്‍സെക്സ് 64,948ല്‍ നിന്നും ഏതാണ്ട് 1000 പോയിന്റ് മുകളില്‍ 65,900 കടന്നതോടെ വിദേശ ഫണ്ടുകള്‍ വില്‍പ്പനക്കാരായി മാറി. ഇതോടെ ആടിയുലഞ്ഞ ഇന്ത്യന്‍ വിപണി ഒരവസരത്തില്‍ 64,600ലെ താങ്ങ് തകര്‍ത്ത് 64,332 പോയിന്റിലേക്ക് ശക്തിപരീക്ഷണവും നടത്തിയ ശേഷം മാര്‍ക്കറ്റ് ക്ലോസിങ്ങില്‍ 64,886 പോയിന്റിലാണ്. ഈ വാരം 64,440ലെ താങ്ങ് കാത്ത് സൂക്ഷിക്കാനായാല്‍ 65,623- 66,360 ലക്ഷ്യമാക്കി സെപ്റ്റംബറില്‍ സൂചിക സഞ്ചരിക്കും. വീണ്ടും തിരുത്തലിന് മുതിര്‍ന്നാല്‍ 63,994 വരെ സെന്‍സെക്സ് തളരാം. മറ്റ് സാങ്കേതിക വശങ്ങള് നിരീക്ഷിച്ചാല്‍ പാരാബോളിക്ക് എസ്എആര്‍ സെല്ലര്‍മാര്‍ക്ക് അനുകൂലമായി, എംഎസിഡിയും ദുര്‍ബലാവസ്ഥയിലേക്ക് മുഖം തിരിക്കുന്നു.
നിഫ്റ്റിക്കും പിടിച്ചുനില്‍ക്കാനാവുന്നില്ല. നാലാഴ്ച്ചകളിലെ തിരിച്ചടിയില്‍ നിന്നും തിരിച്ചുവരവിനുള്ള നീക്കങ്ങള്‍ക്ക് അവസരം നല്ക്കാതെ ഓപ്പറേറ്റര്‍മാര്‍ മുന്‍നിര രണ്ടാംനിര ഓഹരികളില്‍ കനത്ത വില്‍പ്പനയ്ക്ക് ഉത്സാഹിച്ചു. 19,310ല്‍ നിന്നും 19,577ലെ തടസം മറികടന്ന് നിഫ്റ്റി 19,584ലെത്തിയ ഘട്ടത്തിലാണ് ഫണ്ടുകള്‍ വില്‍പ്പനയ്ക്ക് മത്സരിച്ചിറങ്ങിയത്. ഇതോടെ ആടിയുലഞ്ഞ സൂചിക 19,229 പോയിന്റ് വരെ ഇടിഞ്ഞു. വ്യാപാരാന്ത്യം നിഫ്റ്റി 19,265ലാണ്. നിഫ്റ്റി സാങ്കേതികമായി ദുര്‍ബലാവസ്ഥയിലാണ്. വിപണി ഓഗസ്റ്റ് സീരീസ് സെറ്റില്‍മെന്റിന് ഒരുങ്ങുകയാണ്. ഊഹക്കച്ചവടക്കാര്‍ ഷോട്ട് കവറിങ്ങിന് നീക്കം നടത്തിയാല്‍ സൂചിക19,489 പോയിന്റ് ലക്ഷ്യമാക്കാം.
മുന്‍നിര ഓഹരിയായ ആര്‍ഐഎല്‍, എംആൻഡ്എം, സണ്‍ഫാര്‍മ, എച്ച്ഡിഎഫ്സി ബാങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റാ മോട്ടോഴ്സ്, എസ്ബിഐ, എല്‍ ആൻഡ് ടി, വിപ്രോ, ടെക് മഹീന്ദ്ര തുടങ്ങിയവ വില്‍പ്പന സമ്മര്‍ദത്തില്‍ തളര്‍ന്നു. വാങ്ങല്‍ താത്പര്യം ഇന്‍ഫോസിസ്, ഇന്‍ഡസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എയര്‍ടെല്‍, ടാറ്റാ സ്റ്റീല്‍, എച്ച്യുഎല്, മാരുതി, ഐടിസി, ടിസിഎസ് ഓഹരികള്‍ നേട്ടമാക്കി. ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ അഞ്ച് ദിവസങ്ങളിലും നിക്ഷേപകരായി രംഗത്ത് നിറഞ്ഞുനിന്നു. 8496 കോടി രൂപയുടെ ഓഹരികൾ സ്വന്തമാക്കി. വിദേശഫണ്ടുകള്‍ 7034 കോടി രൂപയുടെ ഓഹരികള്‍ വിറ്റുമാറി.
രൂപയുടെ മൂല്യത്തില്‍ ചാഞ്ചാട്ടമാണ്. യുഎസ് ഡോളറിന് മുന്നില്‍ 83.10ല്‍ നിന്നും 82.33ലേക്ക് കരുത്ത് കാണിച്ചെങ്കിലും വാരാന്ത്യം രൂപ 82.65ലാണ്. ഈ വാരം രൂപ മികവിന് ശ്രമിച്ചാല്‍ 82.16ല്‍ തടസം നേരിടാം, രൂപ ദുര്‍ബലമായാല്‍ 83.15ലേക്ക് തിരിയാം.
വിദേശനാണ്യ കരുതല്‍ ശേഖരം ഇടിവിലാണ്. ഓഗസ്റ്റ് 18ന് അവസാനിച്ച വാരം കരുതല്‍ ധനം 594.89 ബില്യണ്‍ ഡോളറായി. തൊട്ട് മുന്‍വാരം ഇത് 601.45 ബില്യണ്‍ ഡോളറായിരുന്നു.
ആഗോള സ്വര്‍ണവില ട്രോയ് ഔണ്‍സിന് 1889 ഡോളറില്‍ നിന്നും ഒരവസരത്തില്‍ 1923 ഡോളര്‍ വരെ കയറിയെങ്കിലും ഫണ്ടുകളില്‍ നിന്നുള്ള പുതിയ ഷോട്ട് സെല്ലിങ്ങില്‍ വാരാന്ത്യം 1914ലേക്ക് താഴ്ന്നു.