
#ബിസിനസ് ലേഖകൻ
കൊച്ചി: രാജ്യത്തെ ഓഹരി വിപണി പ്രതികൂല സാഹചര്യങ്ങളെയെല്ലാം അതിജീവിച്ച് മികച്ച മുന്നേറ്റം കാഴ്ചവെക്കുന്നതിനിടയിലും ചെറുകിട നിക്ഷേപകര്‍ക്ക് വെല്ലുവിളി ശക്തമാകുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇന്ത്യന്‍ ഓഹരി വിപണി മുന്‍പൊരിക്കലുമില്ലാത്ത തരത്തിലുള്ള അസാധാരണമായ പ്രകടനമാണ് നടത്തുന്നത്. ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങള്‍ ശക്തമാകുമ്പോഴും ഇന്ത്യന്‍ ഓഹരികള്‍ തുടര്‍ച്ചയായി മികച്ച മുന്നേറ്റം നടത്തുകയാണ്.
പേപ്പര്‍ കമ്പനികള്‍ ഉള്‍പ്പെടെയുള്ള ചെറുകിട ഓഹരികള്‍ യാതൊരു അടിസ്ഥാനവുമില്ലാതെ മികച്ച മുന്നേറ്റം നടത്തുന്നതിനാല്‍ ചെറുകിട നിക്ഷേപകരുടെ പണമൊഴുക്ക് ആ മേഖലയിലേക്ക് വലിയ തോതില്‍ നീങ്ങുകയാണെന്ന് മുന്‍നിര ബ്രോക്കര്‍ സ്ഥാപനങ്ങളും അനലിസ്റ്റുകളും പറയുന്നു. വര്‍ഷങ്ങളായി നഷ്ട പാതയിലുള്ള പ്രവര്‍ത്തനം മരവിപ്പിച്ച ചെറു കമ്പനികളുടെ ഓഹരികള്‍ പോലും ഇപ്പോഴത്തെ ബൂം കാലയളവില്‍ പത്തിരട്ടിയിലധികം വില വർധന രേഖപ്പെടുത്തി. ചെറുകിട നിക്ഷേപകരാണ് വന്‍ തോതില്‍ ഇത്തരം ഓഹരികളില്‍ പെട്ടു പോകുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
കഴിഞ്ഞ അഞ്ച് ദിവസമായി ബോംബെ ഓഹരി സൂചികയിലും ദേശീയ ഓഹരി സൂചികയിലും മികച്ച മുന്നേറ്റമാണ് ദൃശ്യമാകുന്നത്. ഇക്കാലയളവില്‍ നിക്ഷേപകരുടെ മൊത്തം വിപണി മൂല്യത്തില്‍ 1.2 ലക്ഷം കോടി രൂപയുടെ വർധനയുണ്ടായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിദേശ നിക്ഷേപകരുടെ പണക്കരുത്തിലാണ് പ്രധാനമായും ഓഹരി വിപണി വന്‍ മുന്നേറ്റം കാഴ്ചവെക്കുന്നത്. എന്നാല്‍ ഈ അനുകൂല സാഹചര്യം മുതലെടുത്ത് കടലാസ് കമ്പനികള്‍ ഓഹരി വില വർധിപ്പിച്ച് റീട്ടെയ്ല്‍ നിക്ഷേപകരെ വെട്ടിലാക്കുകയാണെന്നും വിദഗ്ധര്‍ പറയുന്നു.
അമെരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് നാണയപ്പെരുപ്പം നേരിടാനായി തുടര്‍ച്ചയായി പലിശ വർധിപ്പിച്ചതിനെ തുടര്‍ന്ന് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വന്‍തോതില്‍ ഇന്ത്യയില്‍ നിന്നും പണം പിന്‍വലിച്ചിട്ടും രാജ്യത്തെ ചെറുകിട നിക്ഷേപകരുടെ കരുത്തിലാണ് ഓഹരി വിപണി പിടിച്ചു നിന്നത്. വിപണിയില്‍ നേരിട്ട് നിക്ഷേപിക്കുന്നതിനൊപ്പം സിസ്റ്റമിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകളിലേക്കും (എസ്ഐപി) ചെറുകിട നിക്ഷേപകര്‍ വലിയ തോതില്‍ പണമൊഴുക്കുന്നുവെന്ന് ധനകാര്യ വിദഗ്ധര്‍ പറയുന്നു.
വിവിധ എക്സ്ചേഞ്ചുകളില്‍ നിന്നുള്ള കണക്കുകളനുസരിച്ച് പ്രതിമാസം 14,000 കോടി രൂപയിലധികമാണ് ചെറുകിട നിക്ഷേപകര്‍ എസ്ഐപികള്‍ വഴി വിപണിയിലെത്തിക്കുന്നത്. പ്രതിവര്‍ഷം ഒന്നര ലക്ഷം കോടി രൂപയിലധികം നിക്ഷേപം നടക്കുന്നതിനാല്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ സൃഷ്ടിക്കുന്ന വില്‍പ്പന സമ്മര്‍ദത്തെ ഒരു പരിധി വരെ അതിജീവിക്കാന്‍ കഴിയുന്നുവെന്ന് കൊച്ചിയിലെ പ്രമുഖ നിക്ഷേപ ഉപദേശകനും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ റിജാസ് കൊച്ചുണ്ണി പറഞ്ഞു. രാജ്യത്തെ ഓഹരി നിക്ഷേപകരുടെ എണ്ണത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അഭൂതപൂര്‍വമായ വർധനയാണ് ദൃശ്യമാകുന്നത്. പുതിയ ട്രേഡിങ് ആപ്പുകളുടെ വരവോടെ 30 വയസില്‍ താഴെയുള്ള പ്രൊഫഷണലുകളും മറ്റ് ജീവനക്കാരും ഓഹരി നിക്ഷേപത്തെ ഏറെ ഗൗരവപൂർവം സമീപിക്കാന്‍ തുടങ്ങിയതും വിപണിക്ക് കരുത്ത് പകരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യയുടെ കണക്കുകളനുസരിച്ച് കഴിഞ്ഞ മൂന്ന് മാസങ്ങളിലും എസ്ഐപികളിലേക്കുള്ള നിക്ഷേപ ഒഴുക്ക് റെക്കോഡ് ഉയരത്തിലാണ്. കഴിഞ്ഞ വര്‍ഷം എസ്ഐപിയിലൂടെ വിപണിയില്‍ എത്തിയത് 1.49 ലക്ഷം കോടി രൂപയാണ്.