പരിവർത്തന പാതയിൽ ഇന്ത്യയുടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥ

ഉത്തർപ്രദേശിലെ ഗൊരഖ്പുരിൽനിന്നു തുടക്കംകുറിച്ച പിഎം- കിസാൻ പദ്ധതി ഭൂവുടമകളായ കർഷകരുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ ലക്ഷ്യമിടുന്നു.
പരിവർത്തന പാതയിൽ ഇന്ത്യയുടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥ
പരിവർത്തന പാതയിൽ ഇന്ത്യയുടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥ
Updated on

ഡോ. എം.എൽ. ജാട്ട്

ഇന്ത്യാ ഗവൺമെന്‍റ് 2019 ഫെബ്രുവരിയിൽ ആരംഭിച്ച പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം- കിസാൻ) പദ്ധതി, രാജ്യത്തുടനീളമുള്ള കർഷകർക്കു നേരിട്ടുള്ള വരുമാന പിന്തുണ ഉറപ്പാക്കാൻ രൂപകൽപ്പന ചെയ്തതാണ്. കാർഷിക ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിലും ഗ്രാമീണ സമൂഹങ്ങൾക്കു സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിലും ഇതു പ്രധാന പങ്കു വഹിക്കുന്നു. നേരിട്ടുള്ള പണക്കൈമാറ്റത്തിലൂടെ കർഷകരുടെ വരുമാനം വർധിപ്പിക്കാനും അതുവഴി അവരുടെ ഗ്രാമീണ ഉപജീവനമാർഗം മെച്ചപ്പെടുത്താനുമാണ് ഈ സംരംഭം ശ്രമിക്കുന്നത്.

ഉത്തർപ്രദേശിലെ ഗൊരഖ്പുരിൽനിന്നു തുടക്കംകുറിച്ച പിഎം- കിസാൻ പദ്ധതി ഭൂവുടമകളായ കർഷകരുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ ലക്ഷ്യമിടുന്നു. മൂന്നു തുല്യഗഡുക്കളായി 6000 രൂപ വാർഷിക ആനുകൂല്യം വിതരണം ചെയ്യുന്ന ഈ പദ്ധതി കർഷകരെ അവശ്യ കാർഷിക ചെലവുകൾ നിറവേറ്റുന്നതിനും പണമിടപാടുകാരെ ആശ്രയിക്കുന്നത് ഒഴിവാക്കുന്നതിനും സഹായിക്കുന്നു. വിളകളിൽ നിന്നുള്ള ആദായം, കാർഷിക ഉത്പാദനക്ഷമത, സുസ്ഥിരത എന്നിവ മെച്ചപ്പെടുത്തുന്നതിനായി ഉപകരണങ്ങൾ, വിത്തുകൾ, വളങ്ങൾ, കീടനാശിനികൾ, മറ്റു കാർഷിക ചേരുവകൾ എന്നിവയിൽ നിക്ഷേപിക്കാൻ കർഷകരെ പ്രാപ്തരാക്കുന്ന ഈ സാമ്പത്തിക പിന്തുണ പരിവർത്തനാത്മകമാണെന്നു തെളിയിക്കപ്പെട്ടു.

തുടക്കം മുതൽ പിഎം- കിസാൻ 11 കോടിയിലധികം കർഷകർക്ക് 3.02 ലക്ഷം കോടി രൂപയിലധികം വിതരണം ചെയ്തിട്ടുണ്ട്. പദ്ധതിക്കു കീഴിലുള്ള 16 ഗഡുക്കളിലൂടെ ഇന്ത്യൻ കാർഷിക മേഖലയിലെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്താനും സാധിച്ചു. കൂടാതെ, അടുത്തിടെ നൽകിയ 17ാം ഗഡുവായ 20,000 കോടി രൂപ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും മൊത്തത്തിലുള്ള വിനിയോഗം 3.24 ലക്ഷം കോടിയിലധികം രൂപയാക്കി ഉയർത്തുകയും ചെയ്തു. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിൽ ഈ പദ്ധതിയുടെ സാമ്പത്തിക സ്വാധീനവും വ്യാപ്തിയും വളരെ വലുതാണ്. അന്താരാഷ്‌ട്ര ഭക്ഷ്യ നയ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് (ഐഎഫ്‌പിആർഐ) നടത്തിയ പഠനത്തിൽ, ഉത്തർപ്രദേശിലെ പിഎം- കിസാൻ ഗുണഭോക്താക്കൾക്ക് ഒരു പൈസപോലും നഷ്ടപ്പെടാതെ മുഴുവൻ തുകയും ലഭിച്ചതായി കണ്ടെത്തി. ഇതു കാർഷികമേഖലയിൽ നിക്ഷേപിക്കാനുള്ള അവരുടെ കഴിവു ഗണ്യമായി മെച്ചപ്പെടുത്തി. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള 3.24 ലക്ഷം കോടി രൂപയുടെ നിക്ഷേപം കർഷകരുടെ സാമ്പത്തിക സ്ഥിരത വർധിപ്പിക്കുക മാത്രമല്ല, പ്രാദേശിക വിപണികളെയും സേവനങ്ങളെയും ഉത്തേജിപ്പിക്കുകയും ചെയ്തു.

കാര്യക്ഷമതയ്ക്കായി വിവര- വിനിമയ സാങ്കേതികവിദ്യ (ഐസിടി) ഫലപ്രദമായി സംയോജിപ്പിക്കുന്നതിലൂടെ പിഎം-കിസാൻ വേറിട്ടുനിൽക്കുന്നു. കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു നേരിട്ടുള്ള ധനവിതരണം തടസരഹിതവും സുതാര്യവും സമയബന്ധിതവുമാണെന്ന് ഉറപ്പാക്കാൻ, പദ്ധതിയിൽ നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റ (ഡിബിടി) സംവിധാനം ഉപയോഗിക്കുന്നു. ആധാർ, പൊതു ധനകാര്യ നിർവഹണ സംവിധാനം (പിഎഫ്എംഎസ്), നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) എന്നിവയുമായി സംയോജിപ്പിച്ചുള്ള ഈ രീതി, തട്ടിപ്പിന്‍റെ സാധ്യത കുറയ്ക്കുകയും ആനുകൂല്യങ്ങൾ ലക്ഷ്യമിട്ടവരിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. ഈ പദ്ധതിക്കു മാത്രമായി ആരംഭിച്ച പിഎം- കിസാൻ പോർട്ടൽ, ഗുണഭോക്താക്കളെ തീർച്ചപ്പെടുത്തുന്നതിനായി വിവിധ ഡാറ്റാ പോയിന്‍റുകൾ സംയോജിപ്പിക്കുകയും, അർഹരായ കർഷകർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. കൂടാതെ, ആധാർവഴിയുള്ള ആധികാരികത നിർബന്ധമാക്കി. ഇതു സുതാര്യതയും കാര്യക്ഷമതയും വർധിപ്പിക്കുന്നു.

ഗുണഭോക്താക്കളെ സഹായിക്കുന്നതിന്, പിഎം- കിസാൻ പദ്ധതിയിൽ നിരവധി നൂതന പിന്തുണാ സംരംഭങ്ങൾ ഉൾപ്പെടുന്നു. പ്രത്യേക വെബ് പോർട്ടൽ, മൊബൈൽ ആപ്ലിക്കേഷൻ, എസ്എംഎസ് അറിയിപ്പുകൾ എന്നിവ കർഷകരെ തൽസ്ഥിതി നിരീക്ഷിക്കാനും ഇ- കെവൈസി പൂർത്തിയാക്കാനും പരാതികൾ പരിഹരിക്കാനും അനുവദിക്കുന്നു. ""നിങ്ങളുടെ സ്ഥിതി അറിയുക'' (കെവൈഎസ്) മൊഡ്യൂൾ കർഷകർക്ക് അവരുടെ രജിസ്ട്രേഷന്‍റെയും ആനുകൂല്യങ്ങൾ ലഭിക്കാറായോ എന്നതിന്‍റെയും സമഗ്രമായ അവലോകനം ഒറ്റ ക്ലിക്കിൽ നൽകുന്നു. ഇതു കർഷകർക്കു തത്സമയ വിവരങ്ങൾ ലഭ്യമാക്കുകയും ഇടനിലക്കാരെ ആശ്രയിക്കുന്നതു കുറയ്ക്കുകയും ചെയ്തു.

കൂടാതെ, കിസാൻ ഇ- മിത്ര എന്ന നിർമിതബുദ്ധി അധിഷ്ഠിത ചാറ്റ്ബോട്ട് അവതരിപ്പിച്ചതു കർഷകർക്കുള്ള പിന്തുണയിൽ വിപ്ലവം സൃഷ്ടിച്ചു. ഇത് 11 ഭാഷകളിൽ തത്സമയസഹായം വാഗ്ദാനം ചെയ്യുന്നു. 5 ലക്ഷത്തിലധികം പൊതുസേവന കേന്ദ്രങ്ങളുടെയും (സിഎസ്‌സി) ഇന്ത്യൻ പോസ്റ്റ് പേയ്‌മെന്‍റ് ബാങ്കിന്‍റെയും (ഐപിപിബി) സഹകരണത്തോടെ പദ്ധതിയുമായി ബന്ധപ്പെട്ട സേവനങ്ങൾ കർഷകരുടെ വീട്ടുപടിക്കൽ എത്തിക്കുന്നു. ഇത് ഏവരെയും ഉൾപ്പെടുത്തലും പ്രവേശനക്ഷമതയും ഉറപ്പാക്കുന്നു.

മുന്നോട്ടുള്ള വഴി

ഇന്ത്യാ ഗവൺമെന്‍റ് പിഎം- കിസാൻ പദ്ധതി പരിഷ്കരിക്കുകയും വിപുലീകരിക്കുകയും ചെയ്യുകയാണ്. രാജ്യവ്യാപകമായി നടന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്ര, അർഹരായ എല്ലാ കർഷകരെയും ഉൾപ്പെടുത്തുന്നതു ലക്ഷ്യമിട്ടുള്ള പ്രചാരണം നടത്തി. ഒരുകോടിയിലധികം കർഷകർക്ക് ഇതിനകം പ്രയോജനം ലഭിച്ചു. കിസാൻ കോൾ സെന്‍ററിലൂടെയും ഫീൽഡ് സർവേകളിലൂടെയും ലഭിക്കുന്ന തുടർച്ചയായ പ്രതികരണങ്ങൾ ഗുണഭോക്താക്കളുടെ ആവശ്യങ്ങൾ ഫലപ്രദമായി നിറവേറ്റുന്നതിനായി പദ്ധതി വികസിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. പരിഹാര നിരക്ക് 99 ശതമാനത്തോടടുക്കുന്ന പദ്ധതിയുടെ കരുത്തുറ്റ പരാതിപരിഹാരസംവിധാനം, കർഷകരുടെ പ്രശ്നങ്ങൾ ഉടനടി പരിഹരിക്കാനുള്ള പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നു. പദ്ധതിയുടെ വ്യാപ്തിയും ഫലപ്രാപ്തിയും വർധിപ്പിച്ച്, ഗ്രാമതല നോഡൽ ഓഫീസർമാർ താഴേത്തട്ടിലും പിന്തുണ നൽകുന്നു.

പിഎം- കിസാൻ അടുത്ത ഘട്ടത്തിലേക്കു കടക്കുമ്പോൾ, അർഹരായ എല്ലാ കർഷകർക്കും ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സാമ്പത്തിക പിന്തുണ, സാങ്കേതിക സംയോജനം, തുടർച്ചയായ നവീകരണം എന്നിവ സമന്വയിപ്പിച്ച്, സ്വയംപര്യാപ്തവും സമൃദ്ധവുമായ കാർഷിക സമൂഹത്തിനു പ്രോത്സാഹനമേകാൻ, ഇന്ത്യയുടെ കാർഷിക ഗ്രാമവികസന തന്ത്രത്തിന്‍റെ പ്രധാന അടിത്തറയായി തുടരാൻ ഒരുങ്ങുകയാണു പിഎം കിസാൻ. നിർമിത ബുദ്ധി ഉപയോഗിച്ച് ഇന്ത്യാ ഗവണ്മെന്‍റിന്‍റെ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യ (ഡിപിഐ) സംരംഭങ്ങളുമായി പിഎം-കിസാനെ ബന്ധിപ്പിക്കുന്നതു പദ്ധതിയുടെ വിതരണത്തിനു കൂടുതൽ കരുത്തുപകരും.

(ഹൈദരാബാദിൽ സ്ഥിതി ചെയ്യുന്ന ഉഷ്ണമേഖലാ പ്രദേശങ്ങള്‍ക്കായുള്ള അന്താരാഷ്‌ട്ര വിളഗവേഷണ സ്ഥാപനത്തിന്‍റെ [ICRISAT] അതിജീവന ശേഷിയുള്ള കൃഷി-ഭക്ഷ്യ സമ്പ്രദായങ്ങളെക്കുറിച്ചുള്ള ആഗോള ഗവേഷണ പരിപാടിയുടെ ഡയറക്റ്ററാണ് ലേഖകൻ)

Trending

No stories found.

Latest News

No stories found.