
ഇത് ഐപിഒ കാലം!
ബിസിനസ് ലേഖകൻ
കൊച്ചി: ആഗോള ധനകാര്യ മേഖലയിലെ പ്രതിസന്ധികൾ അവഗണിച്ച് ഇന്ത്യയുടെ പ്രാരംഭ ഓഹരി വില്‍പ്പന (ഐപിഒ) വിപണി മികച്ച മുന്നേറ്റം തുടരുന്നു. ടാറ്റ ഗ്രൂപ്പിന്‍റെ കീഴിലുള്ള ധനകാര്യ കമ്പനിയായ ടാറ്റ ക്യാപിറ്റല്‍, ആഗോള ഇലക്‌ട്രോണിക്സ് ഭീമനായ എല്‍ ജി ഇലക്‌ട്രോണിക്സ് ഇന്ത്യ തുടങ്ങിയ കമ്പനികളുടെ മെഗാ ഓഹരി വില്‍പ്പനകള്‍ വിപണിയില്‍ വന്‍ ആവേശമാണ് സൃഷ്ടിച്ചത്.
ടാറ്റ പവറിന്‍റെയും എല്‍ ജി ഇലക്‌ട്രോണിക്സിന്‍റെയും വീന്നര്‍ക്ക്സിന്‍റെയും ഐപിഒകള്‍ ആദ്യ ദിവസങ്ങളില്‍ തന്നെ പൂര്‍ണ സബ്സ്ക്രിപ്ഷന്‍ കൈവരിച്ചു. സെക്കന്‍ഡറി വിപണിയിലെ തളര്‍ച്ചയ്ക്കിടയിലും നിരവധി കമ്പനികളാണ് പുതുതായി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ തയാറെടുക്കുന്നത്. ഈ മാസം മാത്രം വിവിധ കമ്പനികള്‍ 44,000 കോടി രൂപയുടെ ഓഹരികളാണ് പുതുതായി വിപണിയില്‍ വിറ്റഴിക്കുന്നത്.
ടാറ്റ പവറിന്‍റെ ഓഹരി വില്‍പ്പനയിലൂടെ 15,512 കോടി രൂപ വിപണിയില്‍ നിന്ന് സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഓഹരി വില്‍പ്പനയാണിത്. ഓഹരി ഒന്നിന് 310 രൂപ മുതല്‍ 326 രൂപ വരെയാണ് വില. ഈ മാസം 13ന് ഓഹരികള്‍ എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യും. നാളെ അവസാനിക്കുന്ന എല്‍ ജി ഇലക്‌ട്രോണിക്സിന്‍റെ ഐപിഒയില്‍ 11,607 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യം. ഓഹരി ഒന്നിന് 1,080 രൂപ മുതല്‍ 1,140 രൂപ വരെയാണ് വില.
ഫാര്‍മ മേഖലയിലെ പ്രമുഖരായ റുബികോണ്‍ റിസര്‍ച്ച്, ആനന്ദം ഹൈവേസ് ട്രസ്റ്റ് എന്നിവയുടെ ഐപിഒയും ഈ വാരം നടക്കും. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ 10,000 കോടി രൂപയും പൈന്‍ ലാബ്സ് 6000 കോടി രൂപയും വീവര്‍ക്ക് 3000 കോടി രൂപയും കനറാ എച്ച്എസ്ബിസി 2500 കോടി രൂപയും ഐപിഒയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നു.
നടപ്പുവര്‍ഷം ആദ്യ ഒന്‍പത് മാസത്തിനിടെ ഒരു ലക്ഷം കോടി രൂപയാണ് വിവിധ കമ്പനികള്‍ പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ നേടിയത്. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്‍റ് പ്ലാനുകളിലൂടെ (എസ്ഐപി) ചെറുകിട നിക്ഷേപകര്‍ മുടക്കുന്ന പണത്തില്‍ വലിയ ഭാഗം ഐപിഒ വിപണിയിലാണ് എത്തുന്നത്.