സംസ്ഥാന ബജറ്റിൽ ചെറുകിടക്കാർക്ക് ഉത്തേജന പദ്ധതി ഇല്ല: എസ്.എസ്. മനോജ്

കോടതിക്കു പുറത്ത് നികുതി കുടിശിക കേസുകൾ തീർപ്പാക്കാനുള്ള പദ്ധതിയെ സ്വാഗതം ചെയ്തു.
Budget analysis
Budget analysisImage by our-team on Freepik

കൊച്ചി: ചെറുകിട വ്യാപാര മേഖലയ്ക്ക് സമഗ്രമായ ഉത്തേജന പദ്ധതി ഇല്ലാത്തത് സംസ്ഥാന ബജറ്റിന്‍റെ വലിയ കുറവായി തന്നെ കണക്കാക്കേണ്ടി വരുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റും കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് (CAIT) ദേശീയ സെക്രട്ടറിയുമായി എസ്.എസ്. മനോജ്.

ചെറുകിട വ്യാപാര മേഖലയ്ക്ക് ആകെ നീക്കിവെച്ചിരിക്കുന്നത് വെറും മൂന്നു കോടി രൂപയാണ്. അടിയന്തര പ്രശ്ന പരിഹാരത്തിന് പകരം വ്യാപാര മേഖലയിലെ പ്രശാനങ്ങളുടെ പഠനത്തിനായാണ് പ്രസ്തുത തുക നീക്കിവെച്ചിരിക്കുന്നത്. ചെറുകിട വ്യാപാരം മേഖലയെ ബോധപൂർവം അവഗണിച്ചിരിക്കുന്നു എന്ന് മനസിലാക്കേണ്ടി വരും. ചെറുകിട വ്യാപാര മേഖലയിലെ ക്രയവിക്രയങ്ങളിൽ റെക്കോർഡ് ഇടിവ് സംഭവിക്കുന്നതാണ് കേരളത്തിലെ പൊതുജനാവിലേക്കുള്ള വരുമാനത്തിൽ വലിയ നഷ്ടം ഉണ്ടാകുന്നത് എന്നുള്ളത് മനസിലാക്കാതെയുള്ള ഒരു ബജറ്റ് കൂടി കടന്നുപോയി എന്നതാണ് സത്യം. പരമ്പരാഗത റീട്ടെയിൽ വ്യാപാര വിപണി സജീവമാക്കുന്നതിന് വേണ്ടുന്ന നടപടികൾ നിന്നും ഒഴിഞ്ഞുമാറിയ ഒരു ബജറ്റ് ആണ് അവതരിപ്പിക്കപ്പെട്ടത് എന്ന് പൊതുവേ വിലയിരുത്തേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

ഓൺലൈൻ വ്യാപാര നിയന്ത്രണം, തെരുവ് കച്ചവട മാഫിയകളെ നിയന്ത്രിക്കുന്ന ഇടപെടലുകൾ, സംരംഭകർക്ക് സംരക്ഷണം നൽകുന്ന നടപടികളെ കുറിച്ചുള്ള പരാമർശങ്ങൾ, ചെറുകിട വ്യാപാര മേഖലയിലെ ക്രയവിക്രയങ്ങൾ വർദ്ധിപ്പിക്കുന്നതിനും അതുവഴി സംസ്ഥാന ജിഎസ്ടി വരുമാനം വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ നടപടികൾ തുടങ്ങിയവയെ കുറിച്ചുള്ള പരാമർശങ്ങളൊന്നും ബജറ്റിൽ കണ്ടില്ല.

സാങ്കേതികമായ പിഴവുകൾക്ക് പോലും വലിയ നികുതി കുടിശ്ശികയുടെ ബാധ്യത പേറേണ്ടി വന്ന വ്യാപാരികൾ ബന്ധപ്പെട്ട പിഴ നോട്ടീസുകൾക്ക് പരിഹാരം തേടി കോടതികളിൽ അഭയം പ്രാപിക്കേണ്ടി വന്നവരാണ്. കോടതിക്ക് പുറത്ത് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ വ്യവഹാരങ്ങൾ തീർപ്പാക്കുന്നതിന് ബജറ്റിൽ പ്രഖ്യാപിച്ചത് സ്വാഗതം ചെയ്യുന്നു. 50,000 മുതൽ മേൽപ്പോട്ട് ഉള്ള മുഴുവൻ കുടിശ്ശിക തുകയ്ക്കും 30 ശതമാനം എന്ന ഒറ്റ സ്ലാബ് ആക്കി മാറ്റി ആംനെസ്റ്റി സ്കീം പുനക്രമീകരിക്കണമെന്നും, തൽപ്രകാരം കിട്ടാക്കടമായി സർക്കാരിന് ലഭിക്കേണ്ട തുകയുടെ നല്ലൊരു പങ്കും ഖജനാവിലേക്ക് തിരികെ ലഭിക്കുവാനുള്ള സാധ്യതയുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ചെറുകിട ഇടത്തരം വ്യാപാര സ്ഥാപനങ്ങളിലൂടെ കേരളത്തിൽ നിക്ഷേപിക്കപ്പെട്ടത് 10 ലക്ഷം കോടിയിലധികം രൂപയാണ്. പുതിയ നിക്ഷേപകരെ തേടാൻ കോടികൾ മുടക്കി പരിപാടികൾ സംഘടിപ്പിക്കുമ്പോഴും പുതിയ നിക്ഷേപകർക്ക് വൻ ഇളവുകൾ പ്രഖ്യാപിക്കുമ്പോഴും കേരളത്തിൽ ഏറ്റവും വലിയ നിക്ഷേപം നടത്തിയിട്ടുള്ള ചെറുകിട ഇടത്തരം വ്യാപാരികളെ പ്രസ്തുത ആനുകൂല്യങ്ങൾ നിന്നും ഒഴിവാക്കി നിർത്തുന്നത് അത്യന്തം ഖേദകരമാണെന്നും മനോജ്.

Trending

No stories found.

Latest News

No stories found.