സാമ്പത്തിക മേഖല മികച്ച നേട്ടങ്ങളിലേക്ക്

ഇന്ത്യയുടെ വിദേശ നാണയ ശേഖരം 430.7 കോടി ഡോളര്‍ വർധനയോടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 65,581.7 കോടി ഡോളറിലെത്തി
Stock market and foreign exchange reserves hit record highs
സാമ്പത്തിക മേഖല മികച്ച നേട്ടങ്ങളിലേക്ക് Freepik
Updated on

ബിസിനസ് ലേഖകൻ

കൊച്ചി: ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് മികച്ച കരുത്ത് പകര്‍ന്ന് ഓഹരി വിപണിയും വിദേശ നാണയ ശേഖരവും റെക്കോഡ് നിരക്കിലെത്തി. ഇതോടൊപ്പം രാജ്യത്തെ കയറ്റുമതി മേഖലയും മികച്ച വളര്‍ച്ചയാണ് നേടുന്നത്.

ജൂണ്‍ ഏഴിന് അവസാനിച്ച വാരത്തില്‍ ഇന്ത്യയുടെ വിദേശ നാണയ ശേഖരം 430.7 കോടി ഡോളര്‍ വർധനയോടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 65,581.7 കോടി ഡോളറിലെത്തി. മുന്‍വാരത്തില്‍ വിദേശ നാണയ ശേഖരത്തില്‍ 483.7 കോടി ഡോളറിന്‍റെ വർധനയുണ്ടായിരുന്നു. മേയ് പത്തിന് രേഖപ്പെടുത്തിയ 64,887 കോടി ഡോളറെന്ന റെക്കോഡാണ് തിരുത്തിയത്. ആഗോള വിപണികളിലുണ്ടാകുന്ന വെല്ലുവിളികള്‍ നേരിടാനുതകുന്ന വിദേശ നാണയ ശേഖരം ഗണ്യമായി കൂടുന്നത് ഇന്ത്യയ്ക്ക് ഗുണമാകും. വിവിധ വിദേശ നാണയങ്ങളുടെ മൂല്യം 377.3 കോടി ഡോളര്‍ ഉയര്‍ന്ന് 57,633.7 കോടി ഡോളറിലെത്തി. സ്വര്‍ണ ശേഖരം ഇക്കാലയളവില്‍ 48.1 കോടി ഉയര്‍ന്ന് 5,698.2 കോടി ഡോളറിലെത്തി.

തുടര്‍ച്ചയായ രണ്ടാം ദിവസവും ദേശീയ സൂചികയായ നിഫ്റ്റി ഇന്നലെ റെക്കോഡ് ഉയരത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി. പൊതുമേഖല കമ്പനികളുടെ ഓഹരികളിലുണ്ടായ മികച്ച മുന്നേറ്റത്തിന്‍റെ കരുത്തില്‍ നിഫ്റ്റി 66.7 പോയിന്‍റ് ഉയര്‍ന്ന് 23,465.60ല്‍ അവസാനിപ്പിച്ചു. സെന്‍സെക്സ് 181.87 പോയിന്‍റ് നേട്ടവുമായി 76,992.77ല്‍ അവസാനിച്ചു. അമെരിക്കയില്‍ പലിശ കുറയ്ക്കുന്നതിനെ കുറിച്ച് വ്യക്തമായ ചിത്രം തെളിയാത്തതിനാല്‍ വിദേശ, ആഭ്യന്തര നിക്ഷേപകര്‍ വലിയ ആവേശം പ്രകടിപ്പിക്കുന്നില്ല. എണ്ണ, പ്രകൃതി വാതക മേഖലയിലെ ഓഹരികള്‍ ഇന്നലെ മികച്ച നേട്ടമുണ്ടാക്കി.

മേയ് മാസത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഉത്പന്ന കയറ്റുമതി 9.1 ശതമാനം വർധനയോടെ 3813 കോടി ഡോളറിലെത്തി. എന്‍ജിനീയറിങ് ഉത്പന്നങ്ങള്‍, ഓട്ടൊമൊബൈല്‍ വാഹനങ്ങള്‍, സ്മാര്‍ട്ട് ഫോണുകള്‍ തുടങ്ങിയവയുടെ കയറ്റുമതിയിലാണ് മികച്ച മുന്നേറ്റം ദൃശ്യമായത്. ഏപ്രിലില്‍ കയറ്റുമതിയില്‍ ഒരു ശതമാനം വർധന മാത്രമാണുണ്ടായിരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കയറ്റുമതി 3.1 ശതമാനം കുറഞ്ഞ് 43,700 കോടി ഡോളറിലെത്തിയിരുന്നു.

Trending

No stories found.

Latest News

No stories found.