വിപണിയിൽ വൻ തകർച്ച

നിഫ്റ്റി 23,559ല്‍ നിന്നും ഉയരാന്‍ നടത്തിയ നീക്കം പരാജയപ്പെട്ടതിനിടയില്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ മുന്‍നിര രണ്ടാംനിര ഓഹരികള്‍ വിറ്റുമാറാന്‍ മത്സരിച്ചു.
stock market down, Review
വിപണിയിൽ വൻ തകർച്ച
Updated on

ഓഹരി നിക്ഷേപകരെ മുള്‍മുനയില്‍ നിര്‍ത്തി മുന്‍നിര ഇന്‍ഡക്സുകള്‍ തകര്‍ന്നടിഞ്ഞു. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്ക് കാണിച്ച തിടുക്കത്തില്‍ നിഫ്റ്റി സൂചിക ഒൻപത് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന തലത്തിലേക്ക് ഇടിഞ്ഞു. പിന്നിട്ട വാരം നിഫ്റ്റി സൂചിക 630 പോയിന്‍റും സെന്‍സെക്സ് 1920 പോയിന്‍റും ഇടിഞ്ഞു.

രാജ്യത്തിന്‍റെ മൊത്തം വിപണി മൂലധനം ഇപ്പോള്‍ 3.99 ട്രില്യണ്‍ ഡോളറാണ്. 14 മാസത്തിനിടയില്‍ ആദ്യമായി ഇന്ത്യയുടെ വിപണി മൂലധനം നാല് ട്രില്യണ്‍ ഡോളറില്‍ താഴെയായി. 2023 ഡിസംബറിലെ ഉയര്‍ന്ന അവസ്ഥയായ 5.14 ട്രില്യണ്‍ ഡോളര്‍ വരെ കയറിയ ശേഷമാണ് ഇപ്പോള്‍ വന്‍ തകര്‍ച്ചയിലേക്ക് നീങ്ങുന്നത്. സ്ഥിതിഗതികള്‍ അനുകൂലമല്ലെന്ന തിരിച്ചറിവില്‍ ഓഹരിയിലെ ബാധ്യതകള്‍ ഒഴിവാക്കാന്‍ ഫണ്ടുകള്‍ കാണിച്ച തിടുക്കം മൂലം രണ്ട് വര്‍ഷത്തിനിടയില്‍ ആദ്യമായി തുടര്‍ച്ചയായി എട്ട് ദിവസങ്ങളില്‍ വിപണി നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ഇതിനിടയില്‍ നിക്ഷേപകരുടെ സമ്പത്തില്‍ 25 ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായി.

ബോംബെ സൂചിക 77,860 പോയിന്‍റില്‍ നിന്നും ഇടിവോടെയാണ് വ്യാപാരം പുനഃരാരംഭിച്ചത്. വിദേശ ഓപ്പറേറ്റര്‍മാര്‍ വില്‍പ്പനയ്ക്ക് ഉത്സാഹിച്ചതിനിടയില്‍ സൂചിക 75,388ലേക്ക് തളര്‍ന്നു, എന്നാല്‍ വ്യാപാരാന്ത്യം വിപണി അല്‍പ്പം മികവ് കാണിച്ച് 75,858 പോയിന്‍റിലാണ്. ഈ വാരം മുന്നേറാന്‍ ശ്രമം നടത്തിയാല്‍ 77,212-78,566 മേഖലയില്‍ പ്രതിരോധം തല ഉയര്‍ത്താം. വില്‍പ്പന സമ്മർദം ഉടലെടുത്താല്‍ തിരുത്തലില്‍ 74,946-74,034 വരെ പരീക്ഷണങ്ങള്‍ നടത്താം.

നിഫ്റ്റി 23,559ല്‍ നിന്നും ഉയരാന്‍ നടത്തിയ നീക്കം പരാജയപ്പെട്ടതിനിടയില്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ മുന്‍നിര രണ്ടാംനിര ഓഹരികള്‍ വിറ്റുമാറാന്‍ മത്സരിച്ചു. ഇതോടെ കഴിഞ്ഞവാരം സൂചിപ്പിച്ച 23,253ലെ സപ്പോര്‍ട്ട് തകര്‍ത്ത് ഒമ്പത് മാസത്തെ താഴ്ന്ന നിലയായ 22,774ലേക്ക് നിഫ്റ്റി താഴ്ന്നു. വാരാന്ത്യം വിപണി 22,929 പോയിന്‍റിലാണ്. ഈ വാരം നിഫ്റ്റിക്ക് 22,634-22,339 പോയിന്‍റില്‍ സപ്പോര്‍ട്ടുണ്ട്. അനുകൂല റിപ്പോര്‍ട്ടുകള്‍ക്ക് സൂചികയെ 23,364ലേക്കും തുടര്‍ന്ന് 23,799ലേക്കും കൈപിടിച്ച് ഉയര്‍ത്താനാകും.

നടപ്പുവര്‍ഷം സെന്‍സെക്സും നിഫ്റ്റി സൂചികയും ഇതിനകം 2.8% ഇടിഞ്ഞു. പിന്നിട്ടവാരം നിഫ്റ്റി മിഡ്ക്യാപ് സൂചിക 7.4 ശതമാനവും നിഫ്റ്റി സ്മോള്‍ക്യാപ് സൂചിക 9.6 ശതമാനവും ഇടിഞ്ഞു. റിയാലിറ്റി, മീഡിയ, എനര്‍ജി, ഓയില്‍ ആൻഡ് ഗ്യാസ്, ഫാര്‍മ വിഭാഗങ്ങള്‍ക്കും തിരിച്ചടി നേരിട്ടു. മുന്‍നിര ഓഹരികളായ എം ആൻഡ് എം, മാരുതി, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ആക്സിസ് ബാങ്ക്, എച്ച്സിഎല്‍ ടെക്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ടിസിഎസ്, ആര്‍ഐഎല്‍, ടാറ്റ സ്റ്റീല്‍, എച്ച്‌യുഎല്‍, എല്‍ ആൻഡ് ടി, സണ്‍ ഫാര്‍മ ഓഹരി വിലകള്‍ ഇടിഞ്ഞു.

രൂപയുടെ മൂല്യം 87.43ല്‍ നിന്നും റെക്കോഡ് തകര്‍ച്ചയായ 87.95ലേക്ക് ദുര്‍ബലമായെങ്കിലും വാരാന്ത്യം കരുത്ത് തിരിച്ചുപിടിച്ച് 86.83ലാണ്. നിലവില്‍ വിപണിയുടെ സ്ഥിതിഗതികള്‍ വീക്ഷിച്ചാല്‍ വിനിമയ മൂല്യം 86.50-87.00 റേഞ്ചിലേക്ക് കരുത്ത് നേടാനിടയുണ്ട്. അതേസമയം ഡോളര്‍ സൂചികയുടെ ചലനങ്ങള്‍ കണക്കിലെടുത്താല്‍ വരും മാസങ്ങളില്‍ രൂപ 88.00-89.00ലേക്ക് ദുര്‍ബലമാകാം. ഡോളറിന് മുന്നില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഏകദേശം 1.5% ഇടിഞ്ഞു. ഇന്തൊനേഷ്യന്‍ റുപ്പിയ കഴിഞ്ഞാല്‍ ഏഷ്യന്‍ നാണയങ്ങളില്‍ ഏറ്റവും കനത്ത തിരിച്ചടി നേരിട്ടത് ഇന്ത്യന്‍ രൂപയ്ക്കാണ്. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ പിന്നിട്ടവാരം 19,001 കോടി രൂപയുടെ ഓഹരികള്‍ വിറ്റു, ആഭ്യന്തര ഫണ്ടുകള്‍ നിക്ഷേപകരായി നിലകൊണ്ട് മൊത്തം 17,742 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

നിഫ്റ്റി ഫ്യൂച്ചേഴ്സ് വില്‍പ്പനക്കാര്‍ക്ക് അനുകൂലമായാണ് സഞ്ചരിക്കുന്നത്. നിഫ്റ്റി ഫെബ്രുവരി 22,972ലാണ്, 2.7% നഷ്ടം നേരിട്ടു. വിപണി മുന്നേറാന്‍ ക്ലേശിക്കുന്നത് കണ്ട് ഇടപാടുകാര്‍ ഉയര്‍ന്ന തലത്തില്‍ പുതിയ ഷോട്ട് പൊസിഷനുകള്‍ക്ക് മത്സരിച്ചു. വാരാന്ത്യം നിഫ്റ്റി ഫ്യൂച്ചേഴ്സ് ഓപ്പണ്‍ ഇന്‍ററസ്റ്റ് 194 ലക്ഷം കരാറുകളിലെത്തി.

രാജ്യാന്തര സ്വര്‍ണ വിപണിയില്‍ റെക്കോഡ് പ്രകടനമാണ്. ട്രോയ് ഔണ്‍സിന് 2860 ഡോളറില്‍ നിന്നും റെക്കോഡായ 2942 ഡോളര്‍ വരെ ഉയര്‍ന്നു. ഇതിനിടയില്‍ ഫണ്ടുകള്‍ ലാഭമെടുപ്പിന് ഇറങ്ങിയതോടെ നിരക്ക് 2867 ഡോളറിലേക്ക് ഇടിഞ്ഞത് അവസരമാക്കി താഴ്ന്ന റേഞ്ചില്‍ പുതിയ നിക്ഷേപകര്‍ കടന്നുവന്നത് തിരിച്ചുവരവ് അവസരമൊരുക്കി. വാരാന്ത്യം സ്വര്‍ണം 2882 ഡോളറിലാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com