
BULLS & BEARS | ഉദയഭാനു
രാജ്യത്തിന്റെ ധനസ്ഥിതിയിലുണ്ടായ ഉണര്‍വ് ഓഹരി ഇന്‍ഡക്സുകളില്‍ വന്‍ കുതിപ്പിന് അവസരമൊരുക്കുമെന്ന പ്രതീക്ഷയിലാണ് ആഭ്യന്തര വിദേശഫണ്ടുകള്‍. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റ കടന്നുവരവിനായി ഉറ്റുനോക്കുകയാണ് നിക്ഷേപകര്‍. ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റത്തിന് തടയിടാന്‍ മൺസൂണിന്റെ വരവ് അവസരമൊരുക്കുമെന്നത് ബുള്‍ റാലിക്ക് കരുത്താവും.
ബോംബെ സെന്‍സെക്സ് 178 പോയിന്റും നിഫ്റ്റി 46 പോയിന്റും പ്രതിവാര മികവിലാണ്. വിദേശ ഫണ്ടുകള്‍ കഴിഞ്ഞമാസം 43,838 കോടി രൂപ ഇന്ത്യയില്‍ നിക്ഷേപിച്ചു. സാമ്പത്തിക രംഗം കരുത്ത് പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള പണപ്രവാഹം തുടരുമെന്ന നിലയിലാണ്. ഫണ്ടുകള്‍ നിക്ഷേപത്തിന് കാണിക്കുന്ന ഉത്സാഹം കണക്കിലെടുത്താല്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ സെന്‍സെക്സ് 67,000ലേക്കും നിഫ്റ്റി 20,000ലേക്കും ചുവടുവെക്കാം.
ബിഎസ്ഇ റിയാലിറ്റി, കണ്‍സ്യൂമര്‍ ഡ്യൂറബിൾസ് സൂചികകള്‍ കഴിഞ്ഞവാരം മികവ് കാണിച്ചു. അതേസമയം ഓയില്‍ ആൻഡ് ഗ്യാസ് സൂചികയ്ക്ക് ഇടിവ് നേരിട്ടു. മുന്‍നിര ഓട്ടൊ ഓഹരിയായ എം ആൻഡ് എം നാല് ശതമാനം നേട്ടവുമായി 1341 രൂപയിലെത്തി. ടാറ്റാ മോട്ടേഴ്സ്, മാരുതി ഓഹരികളും മുന്നേറി. സണ്‍ ഫാര്‍മ, എച്ച്യുഎല്, എയര്‍ടെല്‍, ഇന്‍ഡസ് ബാങ്ക്, ടാറ്റാ സ്റ്റീല്‍, എല്‍ ആൻഡ് ടി, എസ്ബിഐ തുടങ്ങിയവയിലും നിക്ഷേപകര്‍ താത്പര്യം കാണിച്ചു. അതേസമയം വില്‍പ്പന സമ്മർദത്തെത്തുടർന്ന് ആര്‍ഐഎല്‍, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ്, ടിസിഎസ്, എച്ച്സിഎല്‍, ഐടിസി ഓഹരി വിലകള്‍ താഴ്ന്നു.
സെന്‍സെക്സ് 62,501 പോയിന്റില്‍ നിന്നും 63,036 വരെ ഉയര്‍ന്ന് ഇടപാടുകള്‍ നടന്നു. വാരാവസാനം മുന്‍നിര ഓഹരികളില്‍ ലാഭമെടുപ്പിന് ഇടപാടുകള്‍ മത്സരിച്ചത് മൂലം പ്രതീക്ഷിച്ച നേട്ടം നിലനിര്‍ത്താന്‍ വിപണിക്കായില്ല. വാരാന്ത്യ ക്ലോസിങ്ങില്‍ സൂചിക 178 പോയിന്റ് മികവില്‍ 62,547ലാണ്. ഈ വാരം 62,934ലേക്കും തുടര്‍ന്ന് 63,321ലേക്ക് സൂചിക സഞ്ചരിക്കാന്‍ ശ്രമിക്കാം. വിപണിയുടെ ആദ്യതാങ്ങ് 62,261 പോയിന്റിലാണ്, ഇത് നഷ്ടപ്പെട്ടാല്‍ സാങ്കേതിക തിരുത്തലില്‍ സൂചിക 61,975 വരെ തളരാം.
18,499ല്‍ നിന്നും നിഫ്റ്റി കരുത്തോടെയാണ് ഇടപാടുകള്‍ക്ക് തുടക്കം കുറിച്ചത്. ഒരവസരത്തില്‍ നിഫ്റ്റി 18,604ലെ പ്രതിരോധം മറികടന്നത് സൂചികയെ 18,700ന് മുകളിലേക്ക് കടത്തിവിടുമെന്ന് പ്രാദേശിക നിക്ഷേപകര്‍ വിലയിരുത്തി. അതേസമയം 18,662 എത്തിയ അവസരത്തില്‍ ഓപ്പറേറ്റര്‍മാര്‍ പ്രോഫിറ്റ് ബുക്കിങ്ങിന് ഉത്സാഹിച്ചതിനാല്‍ മാര്‍ക്കറ്റ് ക്ലോസിങ്ങില്‍ സൂചിക 18,534ലേക്ക് തളര്‍ന്നു.
ഈ വാരം വിപണിക്ക് 18,642-18,750ലും പ്രതിരോധം നേരിടാം. വിപണിയുടെ താങ്ങ് 18,450-18,350 റേഞ്ചിലാണ്. നിഫ്റ്റി ജൂണ്‍ ഫ്യൂച്ചറില്‍ ഒരു വിഭാഗം ഊഹക്കച്ചവടക്കാര്‍ പിന്നിട്ട വാരം ഷോര്ട്ട്കവറിങ്ങിന് ഇറങ്ങിയത് ഓപ്പണ്‍ ഇന്ററസ്റ്റല് രണ്ട് ലക്ഷം കരാറുകളുടെ കുറവ് വരുത്തി.
വിനിമയ വിപണിയിലെ ചലനങ്ങള്‍ വിലയിരുത്തിയാല്‍ അയല്‍രാജ്യങ്ങളിലെ നാണയങ്ങളെ അപേക്ഷിച്ച് മൂല്യത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ രൂപ ശക്തമായ നിലയിലാണ്. ജനുവരി-മേയ് കാലയളവില്‍ യുഎസ് ഡോളറിന് മുന്നില്‍ രൂപ 81.50ല്‍ നിന്നും 83.18ലേക്ക് ദുര്‍ബലമായെങ്കിലും പിന്നീട് കരുത്ത് തിരിച്ചുപിടിച്ചു. കഴിഞ്ഞവാരം വിനിമയ നിരക്ക് 82.56ല്‍ നിന്നും 82.87ലേക്ക് ദുര്‍ബലമായി, എന്നാല്‍ വാരാന്ത്യം രൂപ 82.33ലാണ്. വിദേശ ക്രൂഡ് ഓയില്‍ താഴ്ന്ന വിലയ്ക്ക് ലഭ്യമായത് രൂപയുടെ മാറ്റ് വർധിപ്പിച്ചു.
പുതിയ ജിഡിപി കണക്കുകള്‍ സമ്പദ്വ്യവസ്ഥയെ പ്രതിഫലിപ്പിക്കുന്നതിനാല്‍ ഈ മാസവും വിദേശ നിക്ഷേപം ഉയര്‍ന്ന തലത്തില്‍ നീങ്ങാം. മണ്‍സൂണ്‍ നിക്ഷേപകരില്‍ സൃഷ്ടിക്കാന്‍ ഇടയുള്ള ആവേശം ഗ്രാമീണ, കാര്‍ഷിക സംബന്ധമായ ഓഹരികളെ ശ്രദ്ധേയമാക്കാം. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ പിന്നിട്ടവാരം 7250 കോടി രൂപയുടെ ഓഹരികള്‍ ശേഖരിച്ചതിനൊപ്പം 730 കോടിയുടെ വില്‍പ്പനയും നടത്തി. ആഭ്യന്തരഫണ്ടുകള്‍ 1925 കോടി രൂപ നിക്ഷേപവും 2968 കോടിയുടെ വില്‍പ്പനയ്ക്കും തയാറായി.
രാജ്യാന്തര സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം. ട്രോയ് ഔണ്‍സിന് 1946 ഡോളറില്‍ നിന്നും 1984 ഡോളറിലേക്ക് മഞ്ഞലോഹം തിളങ്ങിയ ഘട്ടത്തില്‍ ഫണ്ടുകള്‍ ലാഭമെടുപ്പിലേക്ക് ചുവടുമാറ്റിയത് വിപണിയെ തളര്‍ത്തി. മാര്‍ക്കറ്റ് ക്ലോസിങ്ങില്‍ സ്വര്‍ണം പഴയ നിരക്കായ 1946 ഡോളറിലാണ്.