ഓഹരി വിപണിയിൽ കനത്ത ഇടിവ്

stock market falls august 13
ഓഹരി വിപണിയിൽ കനത്ത ഇടിവ്
Updated on

കൊച്ചി: വ്യാവസായിക മേഖലയിലെ തളർച്ചയും പശ്ചിമേഷ്യയിലെ സംഘർഷവും ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത ഇടിവ് സൃഷ്‌ടിച്ചു. ആഗോള സൂചികയിൽ എച്ച്ഡിഎഫ്സി ബാങ്കിന്‍റെ വെയ്‌റ്റേജ് രണ്ടു ഘട്ടങ്ങളായി ഉയർത്തുമെന്ന പ്രഖ്യാപനം വന്നെങ്കിലും ബാങ്കിന്‍റെ ഓഹരികളിൽ ഇന്നലെ കനത്ത ഇടിവുണ്ടായി. ബാങ്കിങ്, ധനകാര്യ, ലോഹ, വാഹന മേഖലകളിലെ ഓഹരികളാണ് തകർച്ച നേരിട്ടത്. ബോംബെ ഓഹരി സൂചിക സെൻസെക്സ് 692.89 പോയിന്റ് ഇടിഞ്ഞ് 78,956.03ൽ അവസാനിച്ചു. നിഫ്‌റ്റി 208 പോയിന്റ് താഴ്‌ന്ന് 24,139ൽ എത്തി. എസ്ബിഐ, ടാറ്റ മോട്ടോഴ്സ്, ബിപിസിഎൽ, ശ്രീറാം ഫിനാൻസ്, എച്ച്ഡിഎഫ്സി ലൈഫ് ഇൻഷ്വറൻസ്, ഒഎൻജിസി തുടങ്ങിയവയാണ് പ്രധാനമായും നഷ്‌ടം നേരിട്ടത്. ചെറുകിട, ഇടത്തരം ഓഹരികളും കനത്ത നഷ്‌ടം നേരിട്ടു. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ പിൻവാങ്ങിയതും വിപണിക്ക് തിരിച്ചടിയായി.

ഇതിനിടെ രാജ്യാന്തര വിപണിയിൽ എണ്ണ വില കൂടുന്നതും ഇന്ത്യൻ സാമ്പത്തിക മേഖലയ്‌ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നു. ജൂണിൽ അഞ്ച് വർഷത്തെ കുറഞ്ഞ നിരക്കിലേക്ക് താഴ്‌ന്ന നാണയപ്പെരുപ്പം എണ്ണ വില ബാരലിന് 90 ഡോളറിന് മുകളിലെത്തിയാൽ വീണ്ടും കൂടാനിടയുണ്ട്. ഇതോടെ പലിശ നിരക്ക് കുറയ്ക്കാനുള്ള തീരുമാനം വൈകുമെന്ന് ധനകാര്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലും എണ്ണ വില മുകളിലേക്കാണ് നീങ്ങിയത്. നിലവിൽ എണ്ണ വില ബാരലിന് 77 ഡോളറിന് മുകളിലാണ്.

ഇതിനിടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ വില കുതിച്ചുയരുകയാണ്. ഇന്നലെ കേരളത്തിൽ സ്വർണ വില പവന് 760 വർദ്ധിച്ച് 52,520 രൂപയിലെത്തി. ഗ്രാമിന് വില 95 രൂപ ഉയർന്ന് 6,565 രൂപയായി. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 2,480 ഡോളറിനടുത്താണ്.

ഇന്ന് പുറത്തുവരുന്ന അമേരിക്കയിലെ ഉപഭോക്തൃ വില സൂചികയാണ് സ്വർണ വിപണി കാത്തിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാകും കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്കിൽ മാറ്റം വരുത്താനുള്ള തീരുമാനം എടുക്കുന്നത്. ഇസ്രയേലും ഇറാനുമായുള്ള രാഷ്ട്രീയ സംഘർഷം നിയന്ത്രണാധീനമായാൽ സ്വർണ വില പുതിയ ഉയരങ്ങളിലേക്ക് നീങ്ങും.

കഴിഞ്ഞ മാസം ബജറ്റിൽ കസ്‌റ്റംസ് തീരുവ കുറച്ചതിനെ തുടർന്ന് സ്വർണ വില പവന് ഒരവസരത്തിൽ 50,400 രൂപ വരെ താഴ്‌ന്നിരുന്നു. ഇതിനു ശേഷം ഇതുവരെ പവൻ വിലയിൽ 2,120 രൂപയുടെ വർദ്ധനയുണ്ടായി.

ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ കരുത്തു നേടുന്നതിനിടെയിലും റിസർവ് ബാങ്ക് ശക്തമായ പിന്തുണ നൽകിയതോടെ രൂപയുടെ മൂല്യം സ്ഥിരത കൈവരിച്ചു. ഓഹരി വിപണിയിൽ വിദേശ നിക്ഷേപകർ പിന്മാറിയതോടെ രൂപ സമ്മർദ്ദം നേരിട്ടുവെങ്കിലും ബാങ്കുകൾ വിപണിയിൽ ഡോളർ വിറ്റഴിച്ചതോടെ മൂല്യം 83.97 വ്യാപാരം പൂർത്തിയാക്കി.

Trending

No stories found.

Latest News

No stories found.