ഷോക്ക്.., വിപണിയിലുണ്ടായത് നാല് വർഷത്തിനു ശേഷമുള്ള കനത്ത ഇടിവ്

കേരള കമ്പനികൾക്കും ക്ഷീണം
ഷോക്ക്.., വിപണിയിലുണ്ടായത് നാല് വർഷത്തിനു ശേഷമുള്ള കനത്ത ഇടിവ്

കൊച്ചി: വോട്ടെണ്ണൽ ദിനത്തിൽ ഓഹരി വിപണി കൂപ്പുകുത്തി. ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റിയും വ്യാപാരത്തിൽ ആറ് ശതമാനത്തോളം ഇടിഞ്ഞു. നാല് വര്‍ഷത്തിനിടെ ഇന്ത്യന്‍ ഓഹരി വിപണിയിലുണ്ടാകുന്ന ഏറ്റവും വലിയ പ്രതിദിന തകര്‍ച്ചയാണ് ഇന്നലത്തേത്.

സെന്‍സെക്സ് 4,389.73 പോയിന്‍റ് നഷ്ടത്തോടെ 72,079.05ലും നിഫ്റ്റി 1,379.40 പോയിന്‍റ് നഷ്ടത്തോടെ 21,884.50ലും വ്യാപാരം അവസാനിപ്പിച്ചു. സൂചികകൾ വ്യാപാരം ആരംഭിച്ചത് തന്നെ കനത്ത നഷ്ടത്തോടെയായിരുന്നു. സെന്‍സെക്സ് 1,715.78 പോയിന്‍റ് താഴ്ന്ന് 74,753ലും നിഫ്റ്റി 539.1 പോയിന്‍റ് താഴ്ന്ന് 22,724.80ലുമാണ് വ്യാപാരം ആരംഭിച്ചത്. തുടര്‍ന്നുള്ള വ്യാപാരത്തില്‍ 2,623.91 പോയിന്‍റ് കുത്തനെ ഇടിഞ്ഞ് സെന്‍സെക്സ് 73,844.36ലും നിഫ്റ്റി 617.45 പോയിന്‍റ് താഴ്ന്ന് 22,646.45ലും എത്തിയിരുന്നു. വ്യാപാര സെഷനില്‍ ബിഎസ്ഇ സൂചിക ഒരുവേള 6,234.35 പോയിന്‍റ് ഇടിഞ്ഞ് അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 70,234.43ല്‍ എത്തിയിരുന്നു.

ചെവ്വാഴ്ച മാത്രം നിക്ഷേപകരുടെ ആസ്തിയില്‍ 30 ലക്ഷം കോടി രൂപയിലധികമാണ് ഇടിവ് നേരിട്ടത്. ബിഎസ്ഇ-ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം മുന്‍ സെഷനിലെ 425.91 ലക്ഷം കോടിയില്‍ നിന്ന് 395.99 ലക്ഷം കോടി രൂപയായി ഇടിഞ്ഞു.

പ്രതീക്ഷകള്‍ക്കൊത്ത് പൊതുതെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ കഴിയാഞ്ഞതാണ് വിപണിക്ക് തിരിച്ചടിയായത്. പൊതുമേഖലാ സ്ഥാപനങ്ങള്‍, പൊതുമേഖലാ ബാങ്കുകള്‍, പവര്‍, യൂട്ടിലിറ്റികള്‍, ഊര്‍ജം, എണ്ണ, വാതകം, ക്യാപിറ്റല്‍ ഗുഡ്സ് എന്നിവയുടെ ഓഹരികളിലുണ്ടായ കനത്ത ലാഭമെടുപ്പും സൂചികകള്‍ക്ക് വിനയായി.

നരേന്ദ്ര മോദി സര്‍ക്കാര്‍ 400ലധികം സീറ്റുകള്‍ നേടി വർധിത ശക്തിയോടെ വീണ്ടും അധികാരത്തിലെത്തുമെന്ന പ്രതീക്ഷകളാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ റെക്കോഡുകള്‍ കീഴടക്കി പുതിയ ഉയരങ്ങളിലേക്ക് നീങ്ങാന്‍ ഇന്ത്യന്‍ ഓഹരി വിപണിയെ സഹായിച്ചത്. സാമ്പത്തിക പരിഷ്കരണ നടപടികള്‍ വേഗത്തിലാക്കുന്നതിനും ഇന്ത്യയെ ആഗോള ശക്തിയാക്കി മാറ്റുന്നതിനും മികച്ച വിജയം സഹായിക്കുമെന്നാണ് നിക്ഷേപകര്‍ വിലയിരുത്തിയത്. എന്നാല്‍ ബിജെപിക്ക് സ്വന്തം നിലയില്‍ ഭരിക്കാനാവശ്യമായ ഭൂരിപക്ഷം നേടില്ലെന്ന് വ്യക്തമായതോടെ വന്‍ തകര്‍ച്ചയാണ് വിപണി നേരിട്ടത്.

അദാനി കമ്പനികളുടെ ഓഹരികളാണ് ഏറ്റവും വലിയ വിൽപ്പന സമ്മർദം നേരിട്ടത്. അദാനി എന്‍റര്‍പ്രൈസസിന്‍റെ വില 19.31 ശതമാനം കുറഞ്ഞ് 2,941.25 രൂപയിലെത്തി. അദാനി പവര്‍ 17.33 ശതമാനം ഇടിഞ്ഞ് 722.95 രൂപയായി. അദാനി ഗ്രീനിന്‍റെ വില 19.23 ശതമാനം കുറഞ്ഞ് 1,646 രൂപയിലെത്തി. എന്‍ടിപിസി, എസ്ബിഐ, പവര്‍ ഗ്രിഡ്, എല്‍ ആന്‍ഡ് ടി, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ടാറ്റ സ്റ്റീല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എയര്‍ടെല്‍ തുടങ്ങിയവയുടെ ഓഹരികള്‍ അഞ്ച് മുതല്‍ 15 ശതമാനം വരെ തകര്‍ച്ച നേരിട്ടു. ചെറുകിട, ഇടത്തരം ഓഹരികളുടെ വിലയില്‍ ഇന്നലെ എട്ടു ശതമാനം ഇടിവ് നേരിട്ടു.

ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ക്ക് 5 ശതമാനം വരെ ഇടിഞ്ഞു. സെക്റ്ററല്‍ സൂചികകളില്‍ നിഫ്റ്റി ഫാര്‍മ, ഐടി, എഫ്എംസിജി ഒഴികെ ബാക്കി എല്ലാം ചുവപ്പിലാണ്.

ഏഷ്യന്‍ വിപണികളിലാകട്ടെ, സിയോള്‍, ടോക്കിയോ, ഷാങ്ഹായ് എന്നിവ താഴ്ന്നപ്പോള്‍ ഹോങ്കോങ് നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. തിങ്കളാഴ്ച യുഎസ് വിപണികളില്‍ സമ്മിശ്ര വ്യാപാരമായിരുന്നു.

ഭരണത്തുടര്‍ച്ച പ്രവചിച്ചുള്ള എക്സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതോടെ തിങ്കളാഴ്ച വിപണികള്‍ കുത്തനെ കുതിച്ചിരുന്നു. സെന്‍സെക്സ് 2,507.47 പോയിന്‍റ് അല്ലെങ്കില്‍ 3.39 ശതമാനം ഉയര്‍ന്ന് 76,468.78 ലും നിഫ്റ്റി 733.20 പോയിന്‍റ് അഥവാ 3.25 ശതമാനം ഉയര്‍ന്ന് 23,263.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

കേരള കമ്പനികൾക്കും ക്ഷീണം. കേരള കമ്പനികളില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ ഇന്നലത്തെ വ്യാപാരത്തില്‍ 10 ശതമാനം ഇടിഞ്ഞ് 1811.70 രൂപയിലെത്തി. ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത് ഓഹരികള്‍ 13.87 ശതമാനം നഷ്ടം നല്‍കി 84.45 രൂപയില്‍ ക്ലോസ് ചെയ്തു. ഫാക്റ്റ് ഓഹരികള്‍ 9.05 ശതമാനം താഴ്ന്ന് 638.25 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കൊച്ചിന്‍ മിനറല്‍ ഓഹരികള്‍ 7.84 ശതമാനം നഷ്ടത്തോടെ 255 രൂപയിലെത്തി.

ഫിലിപ്സ് കാര്‍ബണ്‍, മണപ്പുറം ഫിനാന്‍സ്, ഹാരിസണ്‍സ് മലയാളം, മുത്തൂറ്റ് കാപിറ്റല്‍ ഓഹരികള്‍ ഏഴു ശതമാനത്തിലധികമാണ് ഇന്നലത്തെ വ്യാപാരത്തില്‍ ഇടിഞ്ഞത്. ആസ്റ്റര്‍ ഹെല്‍ത്ത് കെയര്‍ ഓഹരികള്‍ 6.74 ശതമാനം നഷ്ടം നല്‍കി 331.15 രൂപയില്‍ ക്ലോസ് ചെയ്തു. അപ്പോളോ ടയേഴ്സ് ഓഹരികള്‍ 5.30 ശതമാനം താഴ്ന്ന് 451.40 രൂപയിലെത്തി.

Trending

No stories found.

Latest News

No stories found.