
BULLS & BEARS | ഉദയഭാനു
ഇന്ത്യന്‍ ഓഹരി ഇന്‍ഡക്സുകളില്‍ നാലാഴ്ച്ചയായി നിലനിന്ന ബുള്‍ റാലിക്ക് താത്കാലിക അന്ത്യം. വിദേശഫണ്ടുകള്‍ മുന്‍നിര ഓഹരികളില്‍ ലാഭമെടുപ്പിന് കാണിച്ച ഉത്സാഹം വിപണിയെ കരടി വലയത്തിലാക്കി. തളര്‍ച്ച മുന്നില്‍ കണ്ട് പ്രാദേശിക നിക്ഷേപകര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ലാഭമെടുപ്പ് നടത്തി. സെന്‍സെക്സ് 524 പോയിന്റും നിഫ്റ്റി 99 പോയിന്റും പ്രതിവാര തളര്‍ച്ചയിലാണെങ്കിലും വിദേശ ഫണ്ടുകളുടെ ലാഭമെടുപ്പ് അവസാനിക്കുന്നതോടെ അവര്‍ വന്‍ നിക്ഷേപങ്ങള്‍ക്ക് മത്സരിക്കാം.
ഐടി മേഖലയില്‍ നിന്നുള്ള ത്രൈമാസ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ക്ക് തിളക്കം മങ്ങിയത് വിപണിയുടെ മുഖഛായ തന്നെ മാറ്റിമറിച്ചു. ഒരു മാസത്തിനിടയില്‍ ഏകദേശം 2768 പോയിന്റ് മുന്നേറിയതിനിടയിലാണ് വില്‍പ്പന സമ്മർദം അലയടിച്ചത്. ഇന്‍ഫോസിസ്, ഐടിസി ഓഹരികള്‍ക്ക് നേരിട്ട തളര്‍ച്ച മറ്റ് വിഭാഗങ്ങളിലേക്കും വ്യാപിച്ചു.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് ഇന്‍ഡക്സുകള്‍ നേട്ടത്തിലായിരുന്നു. നിഫ്റ്റി റിയല്‍റ്റി സൂചിക അഞ്ച് ശതമാനവും ഫാര്‍മ സൂചിക 4.8 ശതമാനവും ഹെല്‍ത്ത് കെയര്‍ സൂചിക നാല് ശതമാനവും മീഡിയ, മെറ്റല്‍ സൂചികകള്‍ മൂന്നര ശതമാനവും നേട്ടം കൈവരിച്ചു. നിഫ്റ്റി ബാങ്ക്, ഐടി, എഫ്എംസിജി വിഭാഗങ്ങള്‍ക്ക് ഒരു ശതമാനം ഇടിവ് നേരിട്ടു.
ബോംബെ സൂചിക 66,684ല്‍ നിന്നും 66,984 വരെ കയറിയ ഘട്ടത്തിലാണ് ലാഭമെടുപ്പ് വില്‍പ്പന സമ്മര്‍ദമായി മാറിയത്. ഇതോടെ വിപണി തിരുത്തലിന്റെ പാദയിലേക്ക് പ്രവേശിച്ചു. വാരാന്ത്യം 65,878 വരെ ഇടിഞ്ഞശേഷം ക്ലോസിങ്ങില്‍ 66,160ലാണ്. ഈ വാരം 65,700-65,234ല്‍ താങ്ങും 66,800-67,450ല്‍ വിപണിക്ക് പ്രതിരോധവും നേരിടാം. നിഫ്റ്റി 19,745ല്‍ നിന്നും പുതിയ ഉയരങ്ങള്‍ കൈപ്പിടിയില്‍ ഒതുക്കാമെന്ന ലക്ഷ്യത്തോടെ ഇടപാടുകള്‍ക്ക് തുടക്കം കുറിച്ചെങ്കിലും മുന്‍നിര രണ്ടാംനിര ഓഹരികളില്‍ അലയടിച്ച വില്‍പ്പന തരംഗത്തില്‍ സൂചികയ്ക്ക് 19,867 വരെ മുന്നേറാനായുള്ളൂ.
ഇതിനിടയില്‍ ഉടലെടുത്ത വില്‍പ്പന സമ്മർദം നിഫ്റ്റിയെ 19,563 വരെ തളര്‍ത്തിയെങ്കിലും മാര്‍ക്കറ്റ് ക്ലോസിങ്ങില്‍ 19,646 പോയിന്റിലാണ്. ഈ വാരം 19,500 റേഞ്ചിലെ ആദ്യതാങ്ങ് നിലനിര്‍ത്താനുള്ള ശ്രമം വിജയിക്കാതെ വന്നാല്‍ വിപണി 19,390 വരെ തളരാം. അനുകൂല വാര്‍ത്തകള്‍ക്ക് സൂചികയെ 19,820-19,996ലേക്ക് ഉയര്‍ത്താനുമാവും. കഴിഞ്ഞ വാരാന്ത്യം ഓപ്പണ്‍ ഇന്ററസ്റ്റ് 135 ലക്ഷം കരാറുകളായിരുന്നത് 128.4 ലക്ഷമായി കുറഞ്ഞത് വിപണിയെ അല്‍പ്പം ദുര്ബലമാക്കാമെങ്കിലും വൈകാതെ സൂചിക കരുത്ത് നേടാം.
വിനിമയ വിപണിയില്‍ ഡോളറിന് മുന്നില്‍ രൂപയ്ക്ക് മൂല്യത്തകര്‍ച്ചയാണ്. രൂപ 81.95ല്‍ നിന്നും 81.63ലേക്ക് ഒരവസരത്തില്‍ കരുത്ത് കാണിച്ചെങ്കിലും പിന്നീട് രൂപ 82.34ലേക്ക് ദുര്‍ബലമായി, വാരാവസാനം നിരക്ക് 82.25ലാണ്. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ജൂലൈയില്‍ 19,282 കോടി രൂപ നിക്ഷേപിച്ചു. പിന്നിട്ടവാരം അവര്‍ 2012 കോടിയുടെ വാങ്ങലും 5086 കോടി രൂപയുടെ വില്‍പ്പനയും നടത്തി.
അതേസമയം സൂചികയുടെ തകര്‍ച്ചയ്ക്ക് ഇടയില്‍ ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ 5233 കോടി രൂപയുടെ ഓഹരികള്‍ ശേഖരിച്ചു. ക്രൂഡ് ഓയില്‍ വില വാരാന്ത്യം ബാരലിന് 81 ഡോളറിലേക്ക് അടുത്തു. ഓഗസ്റ്റ് മധ്യത്തോടെ 85 ഡോളറിലെ ആദ്യപ്രതിരോധം മറികടക്കാന്‍ എണ്ണ വിപണിക്കായാല് അടുത്ത ചുവടുവെപ്പില്‍ 100 ഡോളറിനെ ലക്ഷ്യമാക്കി അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില സഞ്ചരിക്കാം.
അമെരിക്ക പലിശ നിരക്കില്‍ കാല് ശതമാനം വർധന വരുത്തിയത് ന്യൂയോര്‍ക്ക് എക്സ്ചേഞ്ചില്‍ സ്വര്‍ണ വില ഔണ്‍സിന് 1960ല്‍ നിന്നും 1974 വരെ ഉയര്‍ത്തുകയും 1940 ഡോളറിലേക്ക് തളര്‍ത്തുകയും ചെയ്തു. വാരാന്ത്യം മഞ്ഞലോഹം 1959 ഡോളറിലാണ്. ആഗോള വിപണിയുടെ ചലനങ്ങള്‍ വിലയിരുത്തിയാല്‍ നിരക്ക് 2000 ഡോളറിനെയാണ് ഉറ്റുനോക്കുന്നത്.
ഇന്ത്യന്‍ മാര്‍ക്കറ്റില്‍ സ്വര്‍ണ വില കഴിഞ്ഞവര്‍ഷം ജൂലൈ 31ന് പത്ത് ഗ്രാമിന് 51,300 രൂപയായിരുന്നത് നിലവില്‍ 59,500 രൂപയിലെത്തി നില്‍ക്കുകയാണ്. നിഫ്റ്റി സൂചിക പിന്നിട്ട ഒരുവര്‍ഷ കാലയളവില്‍ 16 ശതമാനമാണ് മുന്നേറിയത്. അതേസമയം പ്രമുഖ ജ്വല്ലറി കമ്പനികളുടെ ഓഹരി വിലകളിലെ മുന്നേറ്റം മൂന്നിരട്ടിയില്‍ ഏറെയാണ്. കല്യാൺ ജ്വല്ലേഴ്സിന്റെ ലിമിറ്റഡിന്റെ ഓഹരികള്‍ 52 ആഴ്ചയില്‍ 197 ശതമാനം വരെ ഉയര്‍ന്നു. തങ്കമയില് ജ്വല്ലറി ലിമിറ്റഡ് 128 ശതമാനം തിളങ്ങിയപ്പോള്‍ ടൈറ്റന് കമ്പനി 61 ശതമാനവും ത്രിഭോവന്ദാസ് ഭീംജി സവേരി ലിമിറ്റഡ് 41 ശതമാനവും മുന്നേറി.