വൈറസ് ബാധ; ആശങ്കയിൽ വിപണി

ബ്ലൂചിപ്പ് ഓഹരികളില്‍ അനുഭവപ്പെട്ട വില്‍പ്പന തരംഗത്തില്‍ സൂചിക ഒരവസരത്തില്‍ 77,133 വരെ ഇടിഞ്ഞു,
Stock market review
വൈറസ് ബാധ; ആശങ്കയിൽ വിപണിrepresentative image
Updated on

വൈറസ് ബാധയെക്കുറിച്ചുള്ള ആശങ്കകള്‍ വാരത്തിന്‍റെ തുടക്കത്തില്‍ ആഗോള ഓഹരി ഇന്‍ഡക്സുകളില്‍ വിള്ളലുളവാക്കി. അമെരിക്കയുടെ സാമ്പത്തിക പരിഷ്കാരങ്ങളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വങ്ങളും ഭാവിയിലെ പലിശ നിരക്ക് സംബന്ധിച്ച് ഫെഡ് റിസര്‍വില്‍ നിന്നുള്ള സൂചനകളും ഓഹരി കമ്പോളത്തിനെ സമ്മര്‍ദത്തിലാക്കുകയാണ്. നടപ്പു വര്‍ഷം പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള ചുവടുവയ്പുകളും പ്രമുഖ കറന്‍സികള്‍ക്ക് മുന്നില്‍ ഡോളറിനെ കൂടുതല്‍ ശക്തമാക്കാനുള്ള ഫെഡ് നീക്കങ്ങളെ ഏഷ്യയിലെ വളര്‍ന്നു വരുന്ന വിപണികള്‍ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. ഇന്ത്യന്‍ മാര്‍ക്കറ്റ് രണ്ടാഴ്ച്ചകളിലെ കുതിച്ചുചാട്ടത്തിന് ശേഷം വീണ്ടും വില്‍പ്പനക്കാരുടെ പിടിയില്‍ അകപ്പെട്ടു. ബോംബെ സൂചിക 1844 പോയിന്‍റും നിഫ്റ്റി സൂചിക 573 പോയിന്‍റും കഴിഞ്ഞവാരം ഇടിഞ്ഞു.

ബോംബെ സൂചിക തൊട്ടു മുന്‍വാരത്തിലെ 79,223 പോയിന്‍റില്‍ നിന്നും തുടക്കത്തില്‍ 79,498 വരെ ഉയര്‍ന്നതിനിടയിലാണ് വിപണിയില്‍ വില്‍പ്പനക്കാര്‍ പിടിമുറുക്കിയത്. ബ്ലൂചിപ്പ് ഓഹരികളില്‍ അനുഭവപ്പെട്ട വില്‍പ്പന തരംഗത്തില്‍ സൂചിക ഒരവസരത്തില്‍ 77,133 വരെ ഇടിഞ്ഞു, എന്നാല്‍ വാരാന്ത്യം അല്‍പ്പം മെച്ചപ്പെട്ട് 77,378 പോയിന്‍റിലാണ്. ഈ വാരം സെന്‍സെക്സിന്‍റെ ആദ്യ സപ്പോര്‍ട്ട് 76,504ലാണ്, ഇത് നിലനിര്‍ത്താന്‍ വിപണി ക്ലേശിച്ചാല്‍ സ്വാഭാവികമായും അടുത്ത താങ്ങായ 75,638ലേക്ക് തിരുത്തലിന് നീക്കം നടത്താം. അതേസമയം താഴ്ന്ന റേഞ്ചില്‍ പുതിയ ബയ്യര്‍മാര്‍ രംഗത്ത് തിരിച്ചെത്തിയാല്‍ സെന്‍സെക്സ് 78,873നെ കൈപ്പിടിയില്‍ ഒതുക്കാനിടയുണ്ട്. വിപണിക്ക് 80,368ല്‍ പ്രതിരോധം നിലവിലുണ്ട്.

ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 24,004 പോയിന്‍റില്‍ നിന്നും 23,352ലേക്ക് ശക്തമായ തിരുത്തല്‍ കാഴ്ച്ചവച്ച ശേഷം വാരാന്ത്യം 23,431 പോയിന്‍റിലാണ്. നിഫ്റ്റിക്ക് നിലവില്‍ 23,888ല്‍ ആദ്യ പ്രതിരോധം നിലനില്‍ക്കുന്നു, ഇത് മറികടന്നാല്‍ വിപണി 24,345 വരെ മുന്നേറാന്‍ ശ്രമം നടത്താം. വിദേശ ഫണ്ടുകളില്‍ നിന്നുള്ള വില്‍പ്പന സമ്മർദം തുടര്‍ന്നാല്‍ സൂചിക 23,163-22,895ല്‍ താങ്ങുണ്ട്.

ബിഎസ്ഇ ലാര്‍ജ് ക്യാപ് സൂചിക 3.2 ശതമാനവും മിഡ്ക്യാപ് സൂചിക 5.7 ശതമാനവും സ്മോള്‍ ക്യാപ് സൂചിക ആറ് ശതമാനവും ഇടിഞ്ഞു. ബിഎസ്ഇ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഒഴികെ മറ്റെല്ലാ സൂചികകളും പ്രതിവാര നഷ്ടത്തിലാണ്. ബിഎസ്ഇ പവര്‍ സൂചിക ഒമ്പത് ശതമാനം ഇടിഞ്ഞു, റിയാലിറ്റി സൂചിക ഏഴ് ശതമാനവും ക്യാപിറ്റല്‍ ഗുഡ്സ്, മെറ്റല്‍ സൂചികകള്‍ അഞ്ച് ശതമാനവും താഴ്ന്നു.

എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ആക്സിസ് ബാങ്ക്, ഇന്‍ഡസ് ബാങ്ക്, എം ആൻഡ് എം, മാരുതി, ടാറ്റ മോട്ടോഴ്സ്, ആര്‍ഐഎല്‍, സണ്‍ ഫാര്‍മ, ഐടിസി, ടാറ്റ സ്റ്റീല്‍, എല്‍ ആൻഡ് ടി തുടങ്ങിയവയ്ക്ക് കനത്ത തിരിച്ചടി നേരിട്ടു. ടിസിഎസ്, എച്ച്സിഎല്‍ ടെക്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, എച്ച്‌യുഎല്‍ ഓഹരികളില്‍ നിക്ഷേപകര്‍ താത്പര്യം കാണിച്ചു.

രൂപയ്ക്ക് റെക്കോഡ് മൂല്യത്തകര്‍ച്ചയാണ്. രൂപ 85.78ല്‍ നിന്നും 85.98ലേക്ക് ദുര്‍ബലമായി. ഗ്ലോബല്‍ മാര്‍ക്കറ്റില്‍ വാരാന്ത്യം ഇന്ത്യന്‍ ഇടപാടുകള്‍ക്ക് ശേഷം വീണ്ടും തളര്‍ന്ന് 86.18‌ലേക്ക് ഇടിഞ്ഞു. ദുര്‍ബലാവസ്ഥ കണക്കിലെടുത്താല്‍ 86.50 റേഞ്ചിലേക്ക് തളരാം. ശക്തമായ ഒരു തിരിച്ചുവരവിന്‍റെ സൂചന ഇനിയും രൂപയില്‍ ദൃശ്യമായിട്ടില്ല.

വിദേശ ഫണ്ടുകള്‍ പിന്നിട്ട വാരം 16,854.25 കോടി രൂപയുടെ ഓഹരികള്‍ വിറ്റുമാറി. ആഭ്യന്തര ഫണ്ടുകള്‍ നിക്ഷേപകരായി തുടരുകയാണ്, അവര്‍ 21,682.76 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. ഒരു മാസക്കാലയളവില്‍ അവരുടെ നിക്ഷേപം ഏകദേശം 57,266 കോടി രൂപയാണ്.

അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 78.40 ഡോളറില്‍ നിന്നും 80ലേക്ക് ഉയര്‍ന്ന ശേഷം വാരാന്ത്യം 79.63 ഡോളറിലാണ്. ന്യൂയോര്‍ക്കില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 2638 ഡോളറില്‍ നിന്നും 2709 ഡോളര്‍ വരെ കയറിയ ശേഷം മാര്‍ക്കറ്റ് ക്ലോസിങ്ങില്‍ 2690 ഡോളറാണ്.

ആഗോള സാമ്പത്തിക വളര്‍ച്ച നടപ്പുവര്‍ഷം സ്ഥിരതയ്ക്ക് ശ്രമിക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടി നേരിടാന്‍ സാധ്യതയുണ്ട്. ഐഎംഎഫ് മേധാവിയുടെ വിലയിരുത്തല്‍ കണക്കിലെടുത്താല്‍ ഇന്ത്യ വോളാറ്റിലിറ്റി ഇന്‍ഡക്സ് കുതിച്ചുകയറാനുള്ള സാധ്യതകള്‍ മുന്നില്‍ കാണേണ്ടിയിരിക്കുന്നു. വോളാറ്റിലിറ്റി സൂചിക ഉയര്‍ന്നാല്‍ ഓഹരി സൂചികയ്ക്ക് വിള്ളല്‍ സംഭവിക്കാനിടയുണ്ട്. നിക്ഷേപകര്‍ കരുതലോടെ വര്‍ഷത്തിന്‍റെ ആദ്യപകുതിയില്‍ ചുവടുവയ്പുകള്‍ നടത്തിയാല്‍ നഷ്ടസാധ്യതകളെ മറികടക്കാനാകും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com