വിപണികളില്‍ കുതിപ്പ്

ആഗോള വിപണികളിലെ കുതിപ്പിന് ചുവടുപിടിച്ചാണ് ഓഹരികള്‍ ശക്തമായി തിരിച്ചുകയറിയത്.
വിപണികളില്‍ കുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില പവന് 50,000 രൂപയിലേക്ക് കുതിക്കുന്നു. തമിഴ്നാട്ടില്‍ ചരിത്രത്തിലാദ്യമായി സ്വര്‍ണ വില പവന് 50,000 രൂപയില്‍ തൊട്ടു. രാജ്യാന്തര വിപണിയുടെ ചുവട് പിടിച്ചാണ് സ്വര്‍ണ വില കുതിക്കുന്നത്. അമേരിക്കയില്‍ ബോണ്ടുകളുടെ മൂല്യം കുറഞ്ഞതോടെ നിക്ഷേപ താത്പര്യം കൂടിയതാണ് സ്വര്‍ണ വിപണിക്ക് കരുത്തായത്. കേരളത്തിലെ സ്വര്‍ണ വില ഇന്നലെ പവന് 280 രൂപ വർധിച്ച് 49,340 രൂപയിലെത്തി. ഗ്രാമിന്‍റെ വില 6,170 രൂപയാണ്.

മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ 24 കാരറ്റ് സ്വര്‍ണ വില പത്ത് ഗ്രാമിന് 66,560 രൂപയിലാണ് വ്യാപാരം നടത്തുന്നത്. രാജ്യാന്തര വിപണിയില്‍ വില ഔണ്‍സിന് 2,200 ഡോളറിന് അടുത്താണ്. വെള്ളി വില കിലോഗ്രാമിന് 74,780 രൂപയിലാണ് വ്യാപാരം നടത്തുന്നത്. ഓഹരി വിപണിയിലും നിക്ഷേപകരുടെ ആവേശത്തില്‍ വില കുതിക്കുകയാണ്. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ആവേശമാണ് ഓഹരി വിപണിക്ക് കരുത്തായത്. ബോംബെ ഓഹരി സൂചിക സെന്‍സെക്സ് 655.4 പോയിന്‍റ് ഉയര്‍ന്ന് 73,651.35 ല്‍ വ്യാപാരം അവസാനിപ്പിച്ചു. ദേശീയ സൂചിക 203.25 പോയിന്‍റ് നേട്ടത്തോടെ 22,326.90 വ്യാപാരം പൂര്‍ത്തിയാക്കി. ബാങ്കിങ്, ധനകാര്യ, വാഹന മേഖലയിലെ ഓഹരികളാണ് മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത്.

ആഗോള വിപണികളിലെ കുതിപ്പിന് ചുവടുപിടിച്ചാണ് ഓഹരികള്‍ ശക്തമായി തിരിച്ചുകയറിയത്. അമേരിക്കയിലെ പ്രമുഖ സൂചികകള്‍ ബുധനാഴ്ച റെക്കാഡ് ഉയരത്തിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. ഫെഡറല്‍ റിസര്‍വിന്‍റെ ധനനയത്തില്‍ നിര്‍ണായക സ്വാധീനമുള്ള അമേരിക്കയിലെ നാണയപ്പെരുപ്പ കണക്കുകളാണ് വിപണി പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. നാണയപ്പെരുപ്പം കുറഞ്ഞാല്‍ ജൂണില്‍ പലിശ നിരക്ക് കുറഞ്ഞ് തുടങ്ങുമെന്നാണ് വിലയിരുത്തുന്നത്.

ഇതോടൊപ്പം ഇന്ത്യയിലെ പ്രധാന മേഖലകളിലെ വ്യാവസായിക മേഖലകളിലെ ഉത്പാദനം 6.7 ശതമാനം ഉയര്‍ന്നു. ജനുവരിയില്‍ ഉത്പാദനത്തിലെ വളര്‍ച്ച 4.1 ശതമാനമായിരുന്നു. കല്‍ക്കരി, പ്രകൃതിവാതകം, സ്റ്റീല്‍, സിമന്‍റ്, ക്രൂഡോയില്‍, വളം, വൈദ്യുതി, റിഫൈനറി തുടങ്ങിയ മേഖലകളിലെല്ലാം കഴിഞ്ഞ മാസം ഉത്പാദനത്തില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തി. കല്‍ക്കരി ഉത്പാദനം 11.6 ശതമാനവും ക്രൂഡോയില്‍ 7.9 ശതമാനവും വളര്‍ച്ച നേടി. പ്രകൃതി വാതക ഉത്പാദനത്തിലും 11.6 ശതമാനം വളര്‍ച്ച ദൃശ്യമായി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com