വിപണികൾ കൂപ്പു കുത്തുന്നു

ദേശീയ സൂചികയായ നിഫ്റ്റി 335 പോയിന്‍റ് ഇടിഞ്ഞ് 21,967ല്‍ വ്യാപാരം പൂര്‍ത്തിയാക്കി
വിപണികൾ കൂപ്പു കുത്തുന്നു

ബിസിനസ് ലേഖകൻ

കൊച്ചി: ആഗോള മേഖലയിലെ പ്രതികൂല വാര്‍ത്തകള്‍ക്കൊപ്പം പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കാലിടറുന്നെന്ന ആശങ്കകളും രാജ്യത്തെ ഓഹരി വിപണിക്ക് വന്‍ തിരിച്ചടി സൃഷ്ടിച്ചു. ബോംബെ ഓഹരി സൂചികയായ സെന്‍സെക്സ് 1,062 പോയിന്‍റ് നഷ്ടവുമായി 72,404ല്‍ വ്യാപാരം അവസാനിപ്പിച്ചു. ദേശീയ സൂചികയായ നിഫ്റ്റി 335 പോയിന്‍റ് ഇടിഞ്ഞ് 21,967ല്‍ വ്യാപാരം പൂര്‍ത്തിയാക്കി. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളും അടിതെറ്റി. എല്‍ ആന്‍ഡ് ടി, ഏഷ്യന്‍ പെയിന്‍റ്സ്, ഐടിസി, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയവയാണ് നഷ്ടം നേരിട്ട പ്രമുഖ ഓഹരികള്‍. തുടര്‍ച്ചയായ അഞ്ചാം ദിനമാണ് ഓഹരി സൂചികകള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിക്കുന്നത്.

പൊതുതെരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് വിപണി കഴിഞ്ഞ ദിവസങ്ങളില്‍ വലിയ മുന്നേറ്റം നടത്തിയത്. എന്നാല്‍ പോളിങ് ശതമാനത്തില്‍ വലിയ ഇടിവുണ്ടായതോടെ പ്രതീക്ഷിച്ച സീറ്റുകള്‍ ലഭിക്കാനിടയില്ലെന്നാണ് പൊതുവേ വിലയിരുത്തുന്നത്.

ലോകമെമ്പാടുമുള്ള വിപണികള്‍ തളര്‍ച്ചയിലാണെങ്കിലും ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന തലത്തിലാണ്. നിലവില്‍ ബ്രെൻഡ് ക്രൂഡിന്‍റെ വില ബാരലിന് 84 ഡോളറിന് മുകളിലാണ് വ്യാപാരം നടത്തുന്നത്. ഇതോടെ നാണയപ്പെരുപ്പ ഭീഷണി വീണ്ടും ലോക വിപണികളെ മുള്‍മുനയിലാക്കുന്നു.

ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസങ്ങളില്‍ രാജ്യത്തെ കോര്‍പ്പറേറ്റ് മേഖലയില്‍ ലാഭക്ഷമത കുറഞ്ഞതും മാര്‍ജിനില്‍ ഇടിവുണ്ടായതും നിക്ഷേപ വിശ്വാസത്തെ പ്രതികൂലമായി ബാധിച്ചു. ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം അതിരൂക്ഷമായതിനാല്‍ റിസര്‍വ് ബാങ്ക് വീണ്ടും പലിശ വർധന നടപടികളിലേക്ക് നീങ്ങുമെന്ന ആശങ്കയും ശക്തമാണ്. ആഗോള മേഖലയില്‍ ഡോളറിന്‍റെ അസ്ഥിരതയും മാന്ദ്യ ഭീഷണിയും വിപണിക്ക് ശക്തമായ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com